Image

കസ്റ്റഡി മരണം: മുന്‍ ആലുവ റൂറല്‍ എസ്‌.പി എ.വി ജോര്‍ജിന്‌ സസ്‌പെന്‍ഷന്‍

Published on 11 May, 2018
കസ്റ്റഡി മരണം: മുന്‍ ആലുവ റൂറല്‍ എസ്‌.പി എ.വി ജോര്‍ജിന്‌ സസ്‌പെന്‍ഷന്‍

കൊല്ലം: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്‌.പി എ.വി ജോര്‍ജിന്‌ സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ജോര്‍ജിനെതിരെ വകുപ്പ്‌ തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. ജോര്‍ജിനെതിരെ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌ത്‌ ക്രൈംബ്രാഞ്ച്‌ സര്‍ക്കാറിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജോര്‍ജിന്‌ വീഴ്‌ച പറ്റിയെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌.പിക്ക്‌ കീഴിലുള്ള ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ഡി.ജി.പിയുടെ അനുമതി ഇല്ലാതെയായിരുന്നു.

ആര്‍.ടി.എഫിന്റെ രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പല കേസുകളിലും ആര്‍.ടി.എഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. നേരത്തെ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്‌ എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തിരുന്നു.

നേരത്തെ ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കുന്നതില്‍ പൊലീസിന്‌ വീഴ്‌ച പറ്റിയെന്ന്‌ ഹൈക്കോടതി റജിസ്‌ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തു വന്നിരുന്നു. റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ മജിസ്‌ട്രേറ്റ്‌ പരിഗണിച്ചില്ലെന്ന റൂറല്‍എസ്‌പിയുടെ പരാതിയിലായിരുന്നു അന്വേഷണം . കസ്റ്റഡി കൊലപാതകകേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്‌ സര്‍ക്കാരും ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന്‌ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയും ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക