Image

റംസാന്‌ മാസത്തിന്‌ തുടക്കമാവുന്നു

Published on 12 May, 2018
റംസാന്‌ മാസത്തിന്‌  തുടക്കമാവുന്നു

കണ്ണൂര്‍: പുണ്യമാസമായ റംസാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങി. ചൊവ്വാഴ്‌ച മാസപ്പിറവി കണ്ടാല്‍ ബുധനാഴ്‌ച നോമ്പ്‌ തുടങ്ങും. ഇല്ലെങ്കില്‍ വ്യാഴാഴ്‌ചയായിരിക്കും റംസാന്‍ ഒന്ന്‌. മനസും ചുറ്റുപാടും ശുദ്ധീകരിച്ചാണ്‌ വിശ്വാസികള്‍ റംസാനിലേക്ക്‌ പ്രവേശിക്കുക. പള്ളികളും വീടുകളുമെല്ലാം കഴുകി വൃത്തിയാക്കുന്ന തിരക്കാണ്‌ എല്ലായിടത്തും.

ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിക്കുക മാത്രമല്,  അരുതായ്‌മകളില്‍ നിന്ന്‌ അകന്ന്‌ സല്‍കര്‍മ്മങ്ങളില്‍ വ്യാപൃതരാകുമ്പോഴാണ്‌ നോമ്പ്‌ പൂര്‍ണമാകുന്നത്‌.   ജുമുഅ പ്രഭാഷണത്തില്‍ റംസാന്റെ ലക്ഷ്യങ്ങളും താല്‍പര്യങ്ങളും ഖത്തീബുമാര്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഭൂമിയിലുള്ളവരോട്‌ കരുണ കാണിച്ച്‌ ആകാശത്തുള്ളവന്റെ കാരുണ്യം നേടാനുംസഹജീവികളുടെ വേദനകള്‍ അറിയാനും കണ്ണീരൊപ്പാനും കൂട്ടായ ശ്രമം വേണമെന്നും  ആഹ്വാനം ചെയ്‌തു.

റംസാന്‌ മുന്നോടിയായി മതപ്രഭാഷണങ്ങള്‍ക്ക്‌ തുടക്കമാവുകയാണ്‌. നോമ്പ്‌ തുടങ്ങുന്നതോടെ പള്ളികളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച്‌ പഠനക്ലാസുകളുമുണ്ടാകും. സമൂഹ നോമ്പുതുറകള്‍ക്കുള്ള ഒരുക്കങ്ങളും പള്ളികളില്‍ തുടങ്ങിക്കഴിഞ്ഞു. റംസാന്‍ രാത്രികളിലെ പ്രധാന കര്‍മ്മമായ ദീര്‍ഘനേരമുള്ള തറാവീഹ്‌ നമസ്‌കാരത്തിന്‌ ഇമാമായി (നേതൃത്വം നല്‍കുന്നവര്‍) ഖുര്‍ആന്‍ മനഃപാഠമാക്കിയവരെ നിരവധി പള്ളികളില്‍ നിയമിച്ചുകഴിഞ്ഞു. സ്‌ത്രീകളെത്തുന്ന പള്ളികളില്‍ അവര്‍ക്കുള്ള സൗകര്യങ്ങളും വര്‍ധിപ്പിച്ചു. മിക്ക പള്ളികളിലും രാത്രി 8.30നാണ്‌ തറാവീഹ്‌ നമസ്‌കാരം. സക്കാത്ത്‌ വിതരണവും റംസാന്‍ മാസത്തില്‍ കൂടുതലായി നടത്തും. പള്ളികളില്‍ ചായം പൂശിയും കഴുകി വൃത്തിയാക്കിയും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയും തയ്യാറെടുപ്പുകള്‍ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക