Image

അനൂപ്‌ ജേക്കബ്ബിന്‌ ഫൊക്കാനയുടെ ആശംസകള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 23 March, 2012
അനൂപ്‌ ജേക്കബ്ബിന്‌ ഫൊക്കാനയുടെ ആശംസകള്‍
ന്യൂയോര്‍ക്ക്‌: പിറവം ഉപതെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി അനൂപ്‌ ജേക്കബ്ബിന്‌ ഫൊക്കാനയുടെ അഭിനന്ദനങ്ങളും ആശംസകളും.

കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രിയായിരുന്ന പിതാവ്‌ ടി.എം. ജേക്കബ്ബിന്റെ ആകസ്‌മിക മരണത്തോടെ രാഷ്ട്രീയ ഗോദായിലേക്ക്‌ കന്നിയങ്കത്തിനിറങ്ങിയ പിറവംകാരുടെ പ്രിയങ്കരനായ അനൂപ്‌ ജേക്കബ്ബിന്റെ വിജയത്തില്‍ കേരള ജനതയ്‌ക്കൊപ്പം ഫൊക്കാനയും സന്തോഷിക്കുന്നു എന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ ഒരു സംയുക്ത ആശംസാ സന്ദേശത്തില്‍ അറിയിച്ചു.

നിയമസഭയിലേക്ക്‌ ആകസ്‌മികമായി കന്നിയങ്കത്തിനിറങ്ങിയ അനൂപ്‌ ജേക്കബ്ബ്‌ പുതിയ പുതിയ വെല്ലുവിളികളെ നേരിട്ട്‌ സധൈര്യം മുന്നോട്ട്‌ പോകുമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നു എന്ന്‌ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. ജനപക്ഷത്തുനില്‍ക്കുന്ന യുഡിഎഫ്‌ സര്‍ക്കാരിന്‌ കൂടുതല്‍ കാര്യപ്രാപ്‌തിയേകാനും കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി കേരളത്തെ പുരോഗതിയുടെ പാതയിലേക്ക്‌ നയിക്കുവാനും അനൂപ്‌ ജേക്കബ്ബിനെപ്പോലെയുള്ള യുവ നേതാക്കള്‍ക്ക്‌ കഴിയുമാറാകട്ടേ എന്നും അദ്ദേഹം ആശംസിച്ചു.

സ്വന്തം നിയോജക മണ്ഡലത്തിന്റേയും കേരളത്തിന്റേയും വികസന പദ്ധതികളില്‍ ദീര്‍ഘവീക്ഷണമുണ്ടായിരുന്ന പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്‌ അദ്ദേഹത്തിന്‌ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ വികസന പദ്ധതികള്‍ അനൂപ്‌ ജേക്കബ്ബിലൂടെ നമുക്ക്‌ പ്രതീക്ഷിക്കാം എന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള പറഞ്ഞു. ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിലൂടെ കേരളത്തില്‍ സുതാര്യമായ ഒരു സുസ്ഥിര ഭരണമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിതാവിന്റെ മരണത്തിനുശേഷം മന്ത്രിസ്ഥാനം നല്‍കാന്‍ പാര്‍ട്ടി ഒരുങ്ങിയെങ്കിലും അത്‌ നിരാകരിച്ച്‌ ജനങ്ങളുടെ അംഗീകാരം കിട്ടിയതിനുശേഷം മാത്രമേ താന്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കൂ എന്ന്‌ ശഠിച്ച്‌ മത്സരത്തിനിറങ്ങിയ അനൂപ്‌ ജേക്കബ്ബ്‌ കേരള രാഷ്ട്രീയക്കാര്‍ക്ക്‌ ഒരു മാതൃകയാണെന്നും, അനൂപില്‍ നിന്ന്‌ പല രാഷ്ട്രീയക്കാര്‍ക്കും ഗുണപാഠങ്ങള്‍ ഏറെ പഠിക്കാനുണ്ടെന്നും ഷാജി ജോണും ബോബി ജേക്കബ്ബും പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി ഫൊക്കാന എല്ലാവിധ പിന്തുണയും അറിയിക്കുന്നതോടൊപ്പം, അദ്ദേഹത്തിന്‌ ആശംസകളും അഭിനന്ദങ്ങളും അറിയിക്കുന്നു എന്നും ബോബി ജേക്കബ്ബ്‌ പറഞ്ഞു.
അനൂപ്‌ ജേക്കബ്ബിന്‌ ഫൊക്കാനയുടെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക