Image

വൈദിക സമിതി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ പരാതി

Published on 12 May, 2018
 വൈദിക സമിതി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ പരാതി

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയില്‍ ഭിന്നത രൂക്ഷം. വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ സഭാ സിനഡിന് പരാതി നല്‍കി. കോട്ടപ്പടിയിലെ ഭൂമി വിറ്റ് രൂപതയുടെ കടബാധ്യതകള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെ വൈദികരുടെ പേരില്‍ പ്രസ്താവനയിറക്കാന്‍ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍ക്ക് അയച്ച കത്തില്‍ അതിരൂപതയിലെ ഭൂമി വിവാദം അവസാനിച്ചിട്ടില്ലെന്നും വിഷയം വഷളാക്കിയത് കര്‍ദിനാളാണെന്നും ആരോപിച്ചിരുന്നു. കോട്ടപ്പടിയിലെ ഭൂമി വില്‍ക്കാനുള്ള നീക്കം മൗഢ്യമാണെന്നന്നും വൈദിക സമിതി സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അതിരൂപതയിലെ ഒരു വിഭാഗം വൈദീകര്‍ രംഗത്തുവന്നത്. നിലവിലെ വൈദിക സമിതിക്കെതിരെ സിനഡിന് ഇവര്‍ പരാതിയും നല്‍കി. ഭൂരിപക്ഷം വൈദീകരും വിട്ടു നിന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയാണ് നിലവിലെ സെക്രട്ടറി അടക്കമുള്ളവര്‍ ആ സ്ഥാനം കൈവശപ്പെടുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദീക സമിതി അംഗീകൃത ചട്ടങ്ങളും മര്യാദകളും കാറ്റില്‍ പറത്തിയെന്നും കുത്സിത പ്രവര്‍ത്തികളിലൂടെ വൈദീകരെ അപകീര്‍ത്തിപ്പെടുത്തുകയും, രൂപതയെ കരിവാരിതേക്കുകയും ചെയ്യുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ചട്ടങ്ങളും മര്യാദകളും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന വൈദീക സമിതി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നിലവിലെ വൈദിക സമിതി സെക്രട്ടറിയായ കുര്യാക്കോസ് മുണ്ടാടനെതിരെ കടുത്ത വിമര്‍ശനവും അതിരൂപതയിലെ വൈദീകര്‍ ഉന്നയിക്കുന്നുണ്ട്.

വൈദികരുടെ പേരില്‍ പ്രസ്താവനയിക്കാന്‍ കുര്യാക്കോസ് മുണ്ടാടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തീവ്രവാദികളായ ഏതാനും വൈദികരുടെ നേതാവായി ചമഞ്ഞ് മുഴുവന്‍ വൈദീകരെയും നിതരാക്കാന്‍ നടത്തുന്ന ശ്രമം അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. അതിരൂപതയുടെ കടബാധ്യത പരിഹരിക്കാന്‍ കോട്ടപ്പടിയിലെ വസ്തു മാത്രം വിറ്റാല്‍ മതിയ ന്നെരിക്കെ അതിനെ തടസ്റ്റപ്പെടുത്തുന്ന നടപടികളാണ് ചില വൈദീകര്‍ നടത്തുന്നത്. വിമത വൈദികര്‍ പണിതുയര്‍ത്തിയ നുണകളുടെ ചിട്ടുകൊട്ടാരം തകര്‍ന്നു വീഴുമെന്നുള്ള ആശങ്കയാണ് ഭൂമി വില്‍പ്പന തടസപ്പെടുത്തുന്നതിന് പിന്നിലുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളില്‍ അടിയന്തര നടപടി സഭാ സിനഡ് സ്വീകരിക്കണമെന്നും വൈദീകര്‍ ആവശ്യപ്പെടുന്നു. ഫാദര്‍ ജോര്‍ജ് നെല്ലിശ്ശേരി, ഫാ. ആന്റണി പൂതവേലി എന്നിവരാണ് സിനഡിന് പരാതി നല്‍കിയിരിക്കുന്നത് (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക