Image

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിനു ജൂണ്‍ 24 ന് കൊടിയേറും

Published on 12 May, 2018
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിനു ജൂണ്‍ 24 ന് കൊടിയേറും

മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്നിന് (ഞായര്‍) ആഘോഷിക്കുന്നു. തിരുനാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ ചുമതല വഹിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാള്‍ മോണ്‍. റവ.ഡോ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. 

യുകെയുടെ വിവിധഭാഗങ്ങളില്‍നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ഒരുക്കുന്നുണ്ടെന്ന് ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ടിങ്കിള്‍ ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.

ജൂണ്‍ 24 ന് (ഞായര്‍) വൈകുന്നേരം 5 നാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളിന് കൊടിയേറുക. കൊടിയേറ്റത്തിനുശേഷം പ്രസുദേന്തി വാഴ്ചയും മധ്യസ്ഥ പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഇതേ തുടര്‍ന്നു മുന്‍ വര്‍ഷങ്ങളിലെ പോലെ ഉത്പന്ന ലേലവും ഉണ്ടായിരിക്കും. കൊടിയേറുന്ന ദിവസം മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 6ന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിവിധ റീത്തിലുള്ള ദിവ്യബലിയും വിശുദ്ധ അല്‍ഫോസാമ്മയുടെ നൊവേനയും തിരുനാള്‍ ദിവസം വരെ ഉണ്ടായിരിക്കും.

ജൂണ്‍ 30 നു (ശനി) പ്രശസ്ത ഗായകന്‍ ഫാ. വില്‍സന്‍ മേച്ചേരി നയിക്കുന്ന ഗാനമേള വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കും. ഗ്രാമി അവാര്‍ഡ് ജേതാവായ പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ്, ജോബ് സജോവ് (കീബോര്‍ഡ്) അഷീറ്റാ സേവ്യര്‍ എന്നിവര്‍ നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഗാനമേളയുടെ പ്രത്യേകതയായിരിക്കും. 

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഒന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ അത്യാഘോഷപൂര്‍വമായ തിരുനാള്‍ ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്കുശേഷം പ്രശസ്തമായ മാഞ്ചസ്റ്റര്‍ തിരുനാളിന്റെ മുഖ്യാകര്‍ഷണമായ ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ക്കൊപ്പം പൊന്‍ വെള്ളികളുടെയും ഐറിഷ് ബാന്‍ഡ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്‌ളക്‌സുകള്‍, വിവിധ നിറത്തിലുള്ള കൊടികള്‍, മുത്തുക്കുടകള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും.

വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന പ്രദക്ഷിണത്തില്‍ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച നടത്തിയിരുന്ന മാഞ്ചസ്റ്റര്‍ തിരുനാള്‍ ചില അസൗകര്യം മൂലം ഈ വര്‍ഷം ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് നടത്തുന്നത്. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം കുര്‍ബാനയുടെ വാഴ്വ്, ലദീഞ്ഞ് സമാപനാ ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. 

തുടര്‍ന്നു പാച്ചോര്‍ വിതരണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. യുകെയില്‍ ആദ്യമായി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. യുകെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ തിരുനാളിന് നാടിന്റെ വിവിധ ഭാഗത്തു നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങള്‍ എല്ലാവര്‍ഷവും ഒത്ത് ചേരാറുണ്ട്. റവ.ഡോ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാര്‍, വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. 

വിവരങ്ങള്‍ക്ക്: ബിജു ആന്റണി 7809295451, സുനില്‍ കോച്ചേരി 7414842481,
ടിങ്കിള്‍ ഈപ്പന്‍ 07988428996, ജയ്‌സന്‍ ജോബ് 7866015768.


റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക