Image

നഴ്‌സസ് ദിനം: ആശംസകളുമായി യുക്മ നഴ്‌സസ് ഫോറം

Published on 12 May, 2018
നഴ്‌സസ് ദിനം: ആശംസകളുമായി യുക്മ നഴ്‌സസ് ഫോറം

ലണ്ടന്‍: അന്തര്‍ദേശീയ നഴ്‌സസ് ദിനത്തോടനുബന്ധിച്ച് എല്ലാ നഴ്‌സുമാര്‍ക്കും ആശംസകളുമായി യുക്മ നഴ്‌സസ് ഫോറം രംഗത്തുവന്നു. നഴ്‌സുമാര്‍ സമൂഹത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങളുടെയും സംഭാവനകളുടെയും സ്മരണനിലനിര്‍ത്തുന്നതിനും അവരെ ആദരിക്കുന്നതിനുമായി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് എന്ന സംഘടന എല്ലാവര്‍ഷവും മേയ് 12 നാണ് നഴ്‌സസ് ദിനമായി ആഘോഷിക്കുന്നത്. 

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യാഹ്നം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ ജീവിച്ചു ആതുരസേവനരംഗത്തു തനതായ ശൈലികളില്‍ കൂടി ശക്തമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ, നഴ്‌സിംഗ് സേവന രംഗത്ത് വാനോളം പുകഴ്ത്തപ്പെട്ട ഫ്‌ളോറന്‍സ് നൈറ്റിംഗലിന്റെ ജന്മദിനം തന്നെ ലോക നഴ്‌സസ് ദിനമായി തെരഞ്ഞെടുത്തത് പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു.

ചരിത്ര പ്രാധാന്യമുള്ള ഈ ദിവസം ആചരിക്കുന്‌പോള്‍, ആരോഗ്യപരിപാലന മേഖലയെ രൂപപ്പെടുത്തുന്നതിലും ആരോഗ്യ പരിപാലനത്തിലും നഴ്‌സുമാരുടെ സ്ഥാനം വളരെ പ്രധാനപെട്ടതാണെന്ന് നാം മനസിലാക്കുകയും അതോടൊപ്പം ഒരാള്‍ പോലും ഉപേക്ഷിക്കപെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുവാന്‍ പാടില്ലാ എന്നും ഉറപ്പുവരുത്തേണ്ടതായിട്ടുമുണ്ട്. അനുകന്പയോടും അക്ഷീണ പരിശ്രമത്തോടും രോഗങ്ങളെ തടയുവാനും സന്നദ്ധതയോടെ സുരക്ഷിതത്വമുള്ള പരിചരണം ആവശ്യമുള്ളിടത്തു നല്‍കുവാനും നമ്മുടെ ജീവിതത്തെ സമര്‍പ്പിക്കണം.

ഈ പ്രത്യക ദിനത്തില്‍ “ആരോഗ്യം മനുഷ്യാവകാശമാണ്” എന്ന ഇന്റര്‍നാഷണല്‍ നഴ്‌സസ് കൗണ്‍സിലിന്റെ 2018 ലെ പ്രമേയം നമുക്ക് ഒരുമിച്ച് പ്രഖ്യാപിക്കാം.

ആരോഗ്യ പരിപാലന മേഖലയില്‍ മനുഷ്യാവകാശത്തെ ഹനിക്കുന്ന പ്രവണത ഒരു വ്യക്തിക്കുപോലും ഉണ്ടാകുന്നത് സഹിക്കുവാനോ ക്ഷമിക്കുവാനോ കഴിയുന്ന കാര്യമല്ലെന്ന് അസന്നിഗ്ദ്ധമായി പറയുവാന്‍ നമുക്ക് കഴിയണമെന്ന് ആശംസ സന്ദേശത്തില്‍ യുക്മ നഴ്‌സസ് ഫോറം പ്രസിഡന്റ് ബിന്നി മനോജ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക