Image

ക്ലെമന്റിയുടെ കുടുംബത്തോട് ധരുണ്‍ രവി മാപ്പു ചോദിച്ചു

Published on 23 March, 2012
ക്ലെമന്റിയുടെ കുടുംബത്തോട് ധരുണ്‍ രവി മാപ്പു ചോദിച്ചു
ന്യൂയോര്‍ക്ക്: റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ടെയ്‌ലര്‍ ക്ലെമന്റി ആത്മഹത്യ ചെയ്ത കേസില്‍ യുഎസ് ജൂറി കുറ്റക്കാരനെന്നു കണ്‌ടെത്തിയ ഇന്ത്യന്‍ വംശജന്‍ ധരുണ്‍ രവി ക്ലെമന്റിയുടെ കുടുംബത്തോട് മാപ്പു ചോദിച്ചു. ഒരു യുഎസ് പത്രിത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ക്ലെമന്റിയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ചത്. തന്റെ നടപടി പക്വതയില്ലാത്തതായിരുന്നുവെന്നും അഭിമുഖത്തില്‍ രവി പറഞ്ഞു.

എനിക്കും മാതാപിതാക്കളും ഒരു സഹോദരനുമുണ്ട്. അതുകൊണ്ടു തന്നെ ക്ലെമന്റിയുടെ മരണം ആ കുടുംബത്തിനുണ്ടാക്കിയ നഷ്ടം എത്രയാണെന്ന് എനിക്ക് ഊഹിക്കാനാവും. എന്നാല്‍ ക്ലെമന്റിയോട് എനിക്ക് യാതൊരു ദേഷ്യവുമുണ്ടായിരുന്നില്ലെന്ന് മാത്രമെ എനിക്ക് പറയാനാവു. ഞാന്‍ ഒരിക്കലും ക്ലെമന്റിയെ വെറുത്തിട്ടില്ല. ക്ലെമന്റിയ്ക്കും എന്നോട് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ക്ലെമന്റിയുടെ മാതാപിതാക്കളോട് എനിക്ക് സംസാരിക്കണം. പക്ഷെ എന്തു പറയണമെന്ന് എനിക്കറിയില്ല. വളരെ ശാന്തസ്വഭാവക്കാരനായ വിദ്യാര്‍ഥിയായിരുന്നു ക്ലെമന്റി. ഒരു 18 കാരന്റെ പക്വതയില്ലായ്മയാണ് ഞാന്‍ കാണിച്ചത്. എന്തായാലും രണ്ടുവര്‍ഷം മുമ്പത്തെ ഞാനല്ല ഇപ്പോഴുള്ളത്. ഞാന്‍ ഒരിക്കലും ക്ലെമന്റിയോട് പക്ഷപാതപരമായി പെരുമാറിയട്ടില്ല. അദ്ദേഹത്തെ വെറുത്തിട്ടില്ല.

ക്ലെമന്റിയുമായി എനിക്ക് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. കോടതി കുറ്റക്കാരനെന്ന് വിധിച്ചെങ്കിലും നിരപരാധിത്വം തെളിയിക്കാനുള്ള തന്റെയും കുടുംബത്തിന്റെയും പോരാട്ടം തുടരും. സത്യം പറഞ്ഞാല്‍ ഈ വിധി എന്നെ കൂടുതല്‍ ഊര്‍ജസ്വലനാക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വവര്‍ഗാനുരാഗികളോടും തനിക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടിയിരുന്നില്ലെന്ന് ക്ലെമന്റി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

കുറ്റം സമ്മതിക്കുകയാണെങ്കില്‍ ജയില്‍ ശിക്ഷ ഒഴിവാക്കാമെന്ന ജൂറിയുടെ നിര്‍ദേശം എനിക്ക് അംഗീകരിക്കാനാവില്ല. കാരണം സ്വവര്‍ഗാനുരാഗിയാണെന്നതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും ക്ലെമന്റിയെ വെറുത്തിട്ടില്ല. കുറ്റം സമത്തിച്ചാല്‍ ക്ലെമന്റിയെ ഞാന്‍ വെറുത്തിരുന്നുവെന്ന നുണയും അംഗീകരിക്കേണ്ടിവരും. ക്ലെമന്റി ഒരു പെണ്‍കുട്ടിയുമായി മുറി പങ്കിട്ടിരുന്നുവെങ്കിലും ഒരു പക്ഷെ ഇപ്പോള്‍ ചെയ്തതു തന്നെ ഞാന്‍ ചെയ്യുമായിരുന്നു. അതുകൊണ്ട് സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷമാണ് തന്റെ പ്രവര്‍ത്തിക്ക് കാരണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും രവി അഭിമുഖത്തില്‍ പറയുന്നു.

കേസില്‍ കഴിഞ്ഞ ആഴ്ചയാണ് ധരുണ്‍ രവി(20) കുറ്റക്കാരനാണെന്ന് ജൂറി കണ്‌ടെത്തിയത്. രവിയുടെ ശിക്ഷ മെയ് 21ന് ജൂറി പ്രഖ്യാപിക്കും. പക്ഷപാതിത്വപരമായ പെരുമാറ്റം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, തെളിവു നശിപ്പിക്കല്‍, ചാരപ്രവര്‍ത്തി നടത്തല്‍ തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളുടെ പേരിലാണ് രവിയെ ജൂറി കുറ്റക്കാരനെന്നു കണ്‌ടെത്തിയത്.

ആത്മഹത്യ ചെയ്ത ക്ലെമന്റിയും ധരുണ്‍ രവിയും റട്‌ഗേഴ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായിരുന്നു. ക്ലെമന്റി സ്വവര്‍ഗാനുരാഗിയായിരുന്നു. ഒരിക്കല്‍ തന്റെ ആണ്‍സുഹൃത്തിനൊപ്പം തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ക്ലെമന്റി അറിയിച്ചതിനെത്തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്റെ മുറിയിലേക്കു പോയ രവി അവിടെ നിന്ന് രഹസ്യമായി ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ഇടപഴകലുകള്‍ വീക്ഷിച്ചു. ഇരുവരും പരസ്പരം ചുംബിക്കുന്നതു കണ്ട രവി മറ്റൊരവസത്തില്‍ സുഹൃത്തിനൊപ്പം തനിച്ചിരിക്കണമെന്ന് ക്ലെമന്റി ആവശ്യപ്പെട്ടപ്പോള്‍ മുറി വിട്ട് പോകുന്നതിന് മുമ്പ് കമ്പ്യൂട്ടറിന്റെ വെബ്ക്യാം ഓണ്‍ ചെയ്യുകയും ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ഇടപഴകലുകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം രഹസ്യമായി കാണുകയും ചെയ്തു. പിന്നീട് ഇക്കാര്യം ട്വീറ്റ് ചെയ്ത് സുഹൃത്തുക്കളെയും അറിയിച്ചു.
സ്വവര്‍ഗാനുരാഗിയെന്ന പേരില്‍ പിന്നീട് രവിയും കൂട്ടുകാരും ക്ലെമന്റിയെ തുടര്‍ച്ചയായി കളിയാക്കി. ഇതില്‍ മനംനൊന്ത് 2010 സെപ്റ്റംബര്‍ 22ന് ക്ലെമന്റി ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക