Image

സൗദിയിലെ പരിഷ്‌കാരങ്ങള്‍ പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്ത് : എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

Published on 12 May, 2018
സൗദിയിലെ പരിഷ്‌കാരങ്ങള്‍ പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്ത് : എന്‍.കെ. പ്രേമചന്ദ്രന്‍ എംപി
റിയാദ് : സ്വദേശിവത്കരണവും ആശ്രിതര്‍ക്കുള്ള ലെവിയും മൂല്യവര്‍ധിത നികുതിയുമുള്‍പ്പെടെ സൗദി അറേബ്യയിലുള്ള പരിഷ്‌കാരങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന പ്രവാസികളുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച സൗദി അറേബ്യയുടെ വികസന കുതിപ്പിനൊപ്പം നമുക്കും കൈകോര്‍ക്കാം  ബി പോസിറ്റീവ് ഓപണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴില്‍ വൈദഗ്ധ്യത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കിവിടെ കൂടുതല്‍ അവസരങ്ങളാണ് വരാനിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ കുറയാനിടയായത് സാന്പത്തിക മേഖലക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് സൗദി സാന്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആഗോള സാന്പത്തികവത്കരണത്തെ ഏറ്റവുമധികം പിന്തുണച്ചിരുന്ന അമേരിക്ക പോലും ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട കരാറുകളില്‍ നിന്ന് ഉള്‍വലിയുകയാണ്. സ്വന്തം പൗരന്മാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് അമേരിക്കയിപ്പോള്‍ ആഗോളവത്കരണനയങ്ങള്‍ ലംഘിക്കുന്ന കാഴ്ചയാണിന്ന് നമുക്കുമുന്പിലുള്ളത്. സൗദി അറേബ്യയും ഈ പാതയില്‍ നിന്ന് വിഭിന്നമല്ല. ഇവിടെ നടപ്പാക്കിവരുന്ന സ്വദേശിവത്കരണവും സ്വന്തം പൗരന്മാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള നയങ്ങളുടെ ഭാഗമാണ്. ഇതിനെ ഒരു സ്വാഭാവിക പ്രക്രിയയായി മാത്രമേ കാണാനാവൂ. 

സൗദി അറേബ്യ വികാസത്തിന്റെയും വളര്‍ച്ചയുടെയും പാതയിലാണ്. ഇവിടുത്തെ വിനോദ വ്യാവസായിക മേഖലക്ക് പുതിയ രൂപവും ഭാവവും വന്നിരിക്കുന്നു. നിലവിലുള്ള കര്‍ശന വ്യവസ്ഥകള്‍ക്ക് പകരം ഉദാര സമീപനമാണ് എല്ലാ മേഖലയിലും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിക്ഷേപക സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തി മില്യണ്‍ കണക്കിന് റിയാലിന്റെ പദ്ധതികളാണ് ഇവിടെ നടക്കാനിരിക്കുന്നത്.

പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്തിനെയും എതിര്‍പ്പോടെയും ആശങ്കയോടെയും കാണരുത്. അച്ചടക്കമുള്ള പരിഷ്‌കൃത സമൂഹത്തിന് മാത്രമേ സുസ്ഥിരമായ വളര്‍ച്ചക്ക് സംഭാവന നല്‍കാന്‍ സാധിക്കൂ. നിയമലംഘകരില്ലാത്ത രാജ്യത്തിന് മാത്രമേ വികസിക്കാനാകൂ. പരിഷ്‌കൃതസമൂഹം നിയമത്തിന് വിധേയമായിരിക്കണം. അതാണിവിടെ നടന്നുവരുന്നത്. തൊഴില്‍നഷ്ടപ്പെടുമെന്ന് ആശങ്കയുള്ളപ്പോഴും അനന്തസാധ്യതകള്‍ ഇവിടെ തുറക്കപ്പെടുന്നുണ്ട ്. ലോകത്തെ ഏറ്റവും വലിയ സാന്പത്തിക ശക്തിയായി ഈ രാജ്യം ഉയരുമെന്നും നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട തില്ലെന്നും അവരോടൊപ്പം കൈകോര്‍ത്ത് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ട തെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യാധ്വാനശേഷിയെ അടിസ്ഥാനമാക്കിയിരുന്ന വ്യാവസായിക സംരംഭങ്ങള്‍ക്കായിരുന്നു ഇതവരെ സൗദിയില്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. തൊഴില്‍ വൈദഗ്ധ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുത്ത് സ്വന്തം രാജ്യത്തിന്റെയും വിദേശരാജ്യങ്ങളുടെയും വികാസത്തിന് സംഭാവന ചെയ്യാനുള്ള പദ്ധതികള്‍ ഇന്ത്യ നടപ്പാക്കിവരുന്നു. അതിനാല്‍ സൗദിയിലെ പുതിയ തൊഴില്‍മേഖലയില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരമുണ്ട ാകുമെന്നത് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് വി.ജെ നസ്‌റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫയര്‍ കണ്‍വീനര്‍ ഷക്കീബ് കൊളക്കാടന്‍ അതിഥികളെ പരിചയപ്പെടുത്തി. സാന്പത്തിക വിദഗ്ധന്‍ മുസ്തഫ കാസിം, ദമാം ക്രിമിനല്‍ കോടതി പരിഭാഷകന്‍ മുഹമ്മദ് നജാത്തി എന്നിവര്‍ വിഷായവതരണം നടത്തി. ചീഫ് കോഓഡിനേറ്റര്‍ ബഷീര്‍ പാങ്ങോട്, അക്കാദമിക് കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി, അക്ബര്‍ വേങ്ങാട്ട്, ഗഫൂര്‍ മാവൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഊരകം സ്വാഗതവും ജോയിന്റ് സെക്രട്ടറി ശഫീഖ് കിനാലൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക