Image

ഞാന്‍ (മഹാകപി വയനാടന്‍)

Published on 13 May, 2018
ഞാന്‍ (മഹാകപി വയനാടന്‍)
എന്നെയെന്നും ഏറെ ദ്രോഹിച്ചവനെ കാണവേ
ഒന്നു ചിരിക്കകൂടിയില്ലായെന്നു ശഠിച്ച ശക്തന്‍ ഞാന്‍
പിന്നെയേതോ ഒരുദിനം അവനെ കാണവേ
ഒന്നുമറിയാതൊരു മുല്ല പൂത്തപോല്‍ ചിരിച്ചോരശക്തന്‍ ഞാന്‍

പരോപകാരം ഇനിമേല്‍ ചെയ്തീടില്ല എന്നു
പരസ്യമായി പറഞ്ഞും മലയാളിയാവാന്‍ ശ്രമിച്ചവന്‍ ഞാന്‍
ഒരുദിനമെന്‍ സുഹൃത്തിത്തിരി പണം ചോദിക്കവേ
ആരുമറിയാതെ ഉള്ളതൊക്കെ കൊടുത്തോരു സഹജീവി ഞാന്‍

കരഞ്ഞങ്ങ് തലയിണ നനച്ചോരെന്‍ പത്‌നിയോട്
അരയണയെന്‍ പെങ്ങള്‍ക്ക് അയക്കില്ലെന്നുപറഞ്ഞ കരുത്തന്‍ ഞാന്‍
മരുമോള്‍ക്കൊരു കല്യാണം ഒത്തെന്നു അറിയവേ
വരുമാനമങ്ങ് നോക്കാതെ കടംവാങ്ങി അയച്ചോരാങ്ങള ഞാന്‍

നട്ടതെല്ലാം കരണ്ടുതിന്നും ഒരു അണ്ണാര്‍ക്കണ്ണന്‍
പെട്ടൊരുകെണിയില്‍, അതിനെകൊന്ന് തിന്നാനാശിച്ച വേടന്‍ ഞാന്‍
നോട്ടമതു ദയനീയം, കണ്ടു സഹിക്കാതെ
കെട്ടുകളഴിച്ചുവിട്ട് ഏട്ടന്‍റെ ശകാരം കേട്ട അനുജന്‍ ഞാന്‍

കട്ടുറുമ്പുകള്‍ നിറഞ്ഞോരു മാവില്‍ വലിഞ്ഞുകയറി
പൊട്ടിച്ചെടുത്ത കനി തനിയെ തിന്നാനാശിച്ച കൊതിയന്‍ ഞാന്‍
ചോട്ടിലൂര്‍ന്നിറങ്ങി ഒട്ടു ചുറ്റും നോക്കീടവേ
തൊട്ടടുത്ത് എത്തിയോരെന്‍ അനുജന് അക്കനികൊടുത്തോരേട്ടന്‍ ഞാന്‍

കൂട്ടംകൂടി ചെയ്‌തൊരു കുസൃതി കുരുത്തക്കേടായി
ഒട്ടങ്ങുപെട്ടാല്‍ സഹയരെ ഒറ്റില്ലെന്നുപറഞ്ഞ ധീരന്‍ ഞാന്‍
മുട്ടനൊരു വടിച്ചുഴറ്റി ഹെഡ്മാസ്റ്റര്‍ ചോദിക്കവേ
പെട്ടെന്നുള്ളതുപറഞ്ഞ് കൂട്ടരെ തല്ലുകൊള്ളിച്ച അധീരന്‍ ഞാന്‍

വീട്ടുപണി തന്നുവിട്ടത് തന്ത്രത്തില്‍ മറന്നിട്ട്
കിട്ടിയില്ലൊട്ടും നേരമെന്നുപറയാന്‍ നിനച്ച നുണയന്‍ ഞാന്‍
നോട്ടവും ആ കണക്കുസാറിന്‍റെ ചോദ്യവും കേള്‍ക്കേ
കട്ടിമടിയായിട്ടെന്നു പറഞ്ഞ് അടിവാങ്ങിച്ച സത്യവാന്‍ ഞാന്‍

അമ്മക്കായി ഒരുദിനം കലണ്ടറില്‍ നീക്കിവെച്ചെന്‍
അമ്മയെ വട്ടത്തിനുള്ളിലാക്കി സ്‌നേഹം നടിക്കുന്നവന്‍ ഞാന്‍
അമ്മയാമൊരുവളെ നിങ്ങള്‍ നഗ്‌നയാക്കി നടത്തവേ
പമ്മിനോക്കി ആര്‍ത്തുചിരിക്കുന്നവരെകണ്ട് കേഴും മകനും ഞാന്‍

**** **** **** **** ****

സൂചിക: ! വീട്ടുപണി ബ ഹോംവര്‍ക്ക്
അമ്മക്കായി ഒരുദിനം: മാതൃദിനം
അമ്മയാമൊരുവള്‍: പ്രകൃതിമാതാവ്

വൃത്തം: മണ്ഡൂകവിക്രീഡിതം

ലക്ഷണം: മുണ്ടന്‍ മുന്‍കാലുകളും നീണ്ട പിന്‍കാലുകളുമായി
മണ്ഡൂകം കണക്കെ, ഹ്രസ്വദീര്‍ഘ, വിഷമസമപാദങ്ങള്‍
ഉണ്ടല്ലോ പതിനാലക്ഷരം, നാലുപദം ഹ്രസ്വങ്ങള്‍ക്ക്
ഉണ്ടാകണം അഞ്ച് പദം, പത്തൊന്‍പതക്ഷരവും സമപദങ്ങള്‍ക്ക്

മഹാകപി വയനാടന്‍
ഈറ്റില്ലം
Join WhatsApp News
വിദ്യാധരൻ 2018-05-14 00:11:37
എന്തൊരു സാമ്യം നമ്മൾ തമ്മിലെൻ മഹാ'കപി'
എങ്ങനെ എനിക്ക് നിൻ സ്വഭാവം മുഴുവൻ കിട്ടി 
എനിക്കുമുണ്ടു രണ്ടു സ്വഭാവം നിന്നെപ്പോലെ 
എണീറ്റ് നിന്നാലുടൻ തൊന്നുമൊന്നിരിക്കുവാൻ  
ഇരുന്നാലുടൻ തന്നെ എണീറ്റ് നിൽക്കാൻ തോന്നും 
കരയും ചിലപ്പോൾ ഞാൻ വാവിട്ടു കുഞ്ഞിനെപ്പോൽ 
ചിരിക്കും അപ്പോൾ തന്നെ ഭ്രാന്തനെപ്പോലുറക്കനെ 
ചിലരെ കണ്ടാൽ തോന്നും തൊഴിക്കാൻ എടുത്തിട്ട് 
കുത്തുവാൻ തോന്നും പിന്നെ തവിടിൻ കിഴികൊണ്ട്
നടക്കുന്നുള്ളിലെന്നും  വല്ലാത്ത വടം വലി
തെറ്റേത് ശരിയേതന്നറിയതെന്നുമെന്നും 
ഇങ്ങനെ ലോകം കീഴ്മേൽ മറിയാൻ ഹേതു എന്തെ?
തല കീഴായ്‌ നിന്ന് ചിന്തിച്ചു മതിയായി
മടങ്ങാം മഹാ കപി  കാട്ടിലേക്ക് ഉടനെ തന്നെ 
അവിടെ  തുടർന്നിടാം വിക്രിയ ക്രീഡകളും 

Kapi kumar 2018-05-15 16:23:17
എന്ത് മനോഹരമായ കവിത 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക