Image

സാന്‍ഹൊസെ ക്‌നാനായ മിഷന്‍ ഇടവകയാകുന്നു; കൂദാശയും പ്രഖ്യാപനവും മാര്‍ച്ച്‌ 24-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 March, 2012
സാന്‍ഹൊസെ ക്‌നാനായ മിഷന്‍ ഇടവകയാകുന്നു; കൂദാശയും പ്രഖ്യാപനവും മാര്‍ച്ച്‌ 24-ന്‌
സാന്‍ഹൊസെ: സാന്‍ഹൊസെയിലെ ക്‌നാനായക്കാരുടെ നീണ്ട കാത്തിരിപ്പിന്‌ സാഫല്യം. വി. ബലിയര്‍പ്പണത്തിനായി ഇനി ദേവാലയങ്ങള്‍ വാടകയ്‌ക്ക്‌ എടുക്കേണ്ട. വളര്‍ച്ചയുടെ പടവുകളിലേക്ക്‌ അതിവേഗം കുതിക്കുന്ന ഈ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ മറ്റൊരു നാഴികക്കല്ലായി 'സാന്‍ഹൊസെ ക്‌നാനായ മിഷന്‍ ഇടവകയായി ഉയര്‍ത്തപ്പെടുന്നു'.

സിലിക്കണ്‍വാലിയിലെ സാന്‍ഹൊസെയില്‍ സ്വന്തമായി വാങ്ങിയ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിന്റെ കൂദാശാകര്‍മ്മവും ഇടവക പ്രഖ്യാപനവും മാര്‍ച്ച്‌ 24-ന്‌ രാവിലെ 10-ന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരിലിനോടൊപ്പം നിരവധി വൈദീകരും സഹകാര്‍മികത്വം വഹിക്കും. മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിനെ പുതിയ വികാരിയായി നിയമിക്കും. ഒപ്പം ദൈവത്തിന്റെ പ്രത്യേക നിയോഗം എന്നപോലെ തന്റെ പൗരോഹിത്യ ജീവിതത്തിന്റെ രജതജൂബിലി വേളയില്‍ അമേരിക്കയിലെ രണ്ടാമത്തെ ദേവാലയത്തിന്റെ സ്ഥാപകപട്ടവും സ്റ്റാനി ഇടത്തിപ്പറമ്പിലച്ചന്‌ ലഭിക്കും.

അറ്റ്‌ലാന്റാ ഇടവക സ്ഥാപകനും വികാരിയുമായ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ 2010-ല്‍ മോണ്‍. ജേക്കബ്‌ വെള്ളിയാനച്ചന്‍ നാട്ടിലേക്ക്‌ പോയപ്പോള്‍ സാന്‍ഹൊസെ മിഷന്റെ ഡയറക്‌ടറായി നിയമിതനായി. ദേവാലയ പൊതുയോഗവും ക്‌നാനായ അസോസിയേഷനും ഒത്തൊരുമിച്ച്‌ നടത്തിയ അധ്വാനത്തിന്റേയും പ്രാര്‍ത്ഥനയുടേയും ഫലമായാണ്‌ ആരാധനാലയം സാന്‍ഹൊസെ മിഷന്‌ സ്വന്തമാക്കാന്‍ സാധിച്ചത്‌.

2011 ഒക്‌ടോബര്‍ 26-ന്‌ മൂന്ന്‌ ഏക്കര്‍ സ്ഥലത്ത്‌ 300 പേര്‍ക്ക്‌ ഇരിക്കാവുന്ന ഒരു ദേവാലയവും 400 പേര്‍ക്ക്‌ ഇരിക്കാവുന്ന ഹാളും, വരുമാനം ലഭിക്കുന്നതുമായ പാര്‍ക്കിംഗ്‌ ലോട്ടും 2.05 മില്യന്‍ ഡോളറിന്‌ വാങ്ങുന്നതിനുള്ള കരാറില്‍ മിഷന്‍ ഭാരവാഹികളും അസോസിയേഷന്‍ ഭാരവാഹികളും ഒപ്പുവെച്ചു. 2012 ഫെബ്രുവരി ആറിന്‌ മിഷനും അസോസിയേഷനും കൂടി സ്വന്തമായി സ്ഥലവും ദേവാലയവും വാങ്ങി.

ഭാരതത്തിന്‌ പുറത്തുള്ള നൂറ്റിയൊന്നാമത്തെ ക്‌നാനായ ദേവാലയമായി സാന്‍ഹൊസെ മിഷന്‍ ഉയര്‍ത്തപ്പെടുമ്പോള്‍ 170 കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാന്‍ഹൊസെ ക്‌നാനായക്കാരുടെ ചിരകാല സ്വപ്‌നം പൂവണിയുകയാണ്‌.

മാര്‍ച്ച്‌ 24-ന്‌ രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്ന ദേവാലയ കൂദാശാ കര്‍മ്മത്തിലേക്കും തുടര്‍ന്ന്‌ നടക്കുന്ന പൊതു സമ്മേളനത്തിലേക്കും സ്‌നേഹവിരുന്നിലേക്കും ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.
സാന്‍ഹൊസെ ക്‌നാനായ മിഷന്‍ ഇടവകയാകുന്നു; കൂദാശയും പ്രഖ്യാപനവും മാര്‍ച്ച്‌ 24-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക