Image

ചത്ത കോടീശ്വരനു ജാതകമെഴുതുന്നവര്‍ (ലൗഡ് സ്പീക്കര്‍ 33 : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 15 May, 2018
ചത്ത കോടീശ്വരനു ജാതകമെഴുതുന്നവര്‍  (ലൗഡ് സ്പീക്കര്‍ 33 : ജോര്‍ജ് തുമ്പയില്‍)
ഈ കോടീശ്വരന്മാരുടെ ഒരു കാര്യം. അവര്‍ക്ക് ജീവിക്കാന്‍ മാത്രമല്ല, ചെലവ്. മരിച്ചാലും ഭയങ്കര ചെലവാണ്. 50 ലക്ഷം രൂപയുടെ ശവപ്പെട്ടിയില്‍ കിടന്ന്, രണ്ടു മില്യണ്‍ യുഎസ് ഡോളര്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച്, ബെന്റ്‌ലി കാറില്‍ കിടന്ന് ശവപ്പറമ്പിലേക്ക് പോവുക. കേള്‍ക്കുമ്പോള്‍ ഭ്രമാത്മകമായ സ്വപ്നം പോലെ തോന്നും അല്ലേ. എന്നാല്‍, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്ന രാജ്യത്തെ കോടീശ്വരന്‍ ഷെറോണ്‍ എന്ന 33 വയസ്സുകാരന്റെ ശവസംസ്‌ക്കാരം ഇങ്ങനെയായിരുന്നു. മോയെറ്റ് ഷാംപെയിന്‍ ഒഴിച്ചാണ് മൃതദേഹം ദഹിപ്പിച്ചതു പോലും. അതും, മുട്ടറ്റം നീളുന്ന മാലയും കൈവിരലുകളില്‍ നിറയെ മോതിരമടക്കം ധരിപ്പിച്ച് സംസ്‌കാരവും. ലോരത്ത് തന്നെ ഒരു പക്ഷേ ഇതാദ്യത്തെ സംഭവമായിരിക്കാം.  വേള്‍ഡ് ബോസ് എന്നു വ്യവസായികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന ഷെറോണ്‍ ആണു കഥാനായകന്‍. രണ്ട് കുട്ടികളുടെ പിതാവായിരുന്നു കക്ഷി. എസ്‌റ്റേറ്റ് ഏജന്റും കാര്‍ ഡീലറുമായിരുന്നു. 15 ആഡംബര വാഹനങ്ങളും എട്ട് സ്പീഡ് ബോട്ടുകളും 10 ജെറ്റ് സ്‌കൈസും രണ്ട് ചെറിയ എയര്‍ ക്രാഫ്റ്റും അടങ്ങുന്ന ആഡംബര വാഹന ശേഖരം. പറഞ്ഞിട്ടെന്താ, ഭാര്യ സഹോദരന്റെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. അദ്ദേഹത്തിന്റെ കൊലപാതകം വാര്‍ത്തയായതിനേക്കാള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആഘോഷമാക്കിയത് ആ ശവസംസ്‌കാരമായിരുന്നു. കൊട്ടാര സദൃശ്യമായ വീട്ടില്‍ നടന്ന അന്തിമോപചാര ചടങ്ങുകള്‍ക്ക് പോലും കോടിക്കണക്കിനു രൂപയാണ് ചെലവിട്ടത്. ഷെറോണ്‍ ജീവിതം മാത്രമല്ല, മരണം വരെ ആഘോഷമാക്കിയപ്പോള്‍ ജീവിക്കാന്‍ തന്നെ പാടുപെടുന്ന ആയിരക്കണക്കിനാളുകളെ നാം നിത്യവും കാണുന്നു. അവര്‍ക്കിടയില്‍ ഇത്തരമാളുകളുടെ ഈ ആഡംബരം ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്യുന്നു.

*** ***** *****
ഫേസ്ബുക്കിന്റെ തിരിച്ചടിയില്‍ നിന്നും പലരും സ്വപ്നം കാണുന്നുണ്ട്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു. ഫേസ്ബുക്ക് ഡിലീറ്റ് ക്യാമ്പയിന്‍ പോലും ശക്തമായിരുന്നു. അപ്പോഴാണ്, ഫേസ്ബുക്കിന്റെ ആദ്യകാലങ്ങളില്‍ സജീവമായിരുന്ന ഓര്‍ക്കുട്ട് വീണ്ടും പൊടിതട്ടി കുടഞ്ഞ് ഇപ്പോള്‍ രംഗത്ത് സജീവമായിരിക്കുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എത്തിയിരിക്കുന്നുവെന്നു സാരം. സംഗതിയുടെ പേര് ഹലോ. ഓര്‍ക്കൂട്ട് സ്ഥാപകന്‍ ബയുകൊക്ടിന്‍ ആണ് ഹലോയുടെയും സ്ഥാപകന്‍. അമേരിക്ക, കാനഡ, ബ്രസീല്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ സജീവമാണിത്. ഫേസ്ബുക്ക് വിട്ടു പോകുന്നവരെ വലവീശി പിടിക്കുകയാണ് ഹലോയുടെ പ്രാഥമിക പരിപാടി. സംഗതിക്ക് വന്‍ വരവേല്‍പ്പാണുള്ളതെന്ന മട്ടില്‍ പ്രചാരവും മുറുകുന്നുണ്ട്. വെറുതേ ഒരു ഹലോ പറയാമെന്നു കരുതി ആരും ചാടിക്കയറി സൈന്‍ ഇന്‍ ചെയ്യണ്ട. കാരണം, ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ച വെള്ളം കണ്ടാലും അറയ്ക്കുമല്ലോ...

**** ***** *****
ആരാധനാലയത്തിന് ഉള്ളിലേക്ക് കയറുമ്പോള്‍, ചെരുപ്പ്, ദേഷ്യം, അഹങ്കാരം, ദുസ്സ്വഭാവം എല്ലാം പുറത്തു വയ്ക്കുക, തിരിച്ചു വരുമ്പോള്‍ ചെരുപ്പ് മാത്രം എടുക്കുക എന്ന പലയിടത്തും കണ്ടിട്ടുണ്ട്. ബാക്കിയെല്ലാം കളയുന്ന കൂട്ടത്തില്‍ ചെരുപ്പിനെ ഉപേക്ഷിക്കുന്നവരെ നിങ്ങള്‍ക്ക് ഇനി അതോര്‍ത്തു ആലോസരം വേണ്ട. കാരണം, നിങ്ങള്‍ക്കു വേണ്ടി ജാപ്പനീസ് കമ്പനിയായി നിസ്സാന്‍ ഇതാ പുതിയൊരു പാദരക്ഷ പുറത്തിറക്കിയിരിക്കുന്നു. സെല്‍ഫ് പാര്‍ക്കിംഗ് സംവിധാനമുള്ള ചെരുപ്പാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഉപയോഗിക്കാത്തപ്പോള്‍ ചെരുപ്പ് തനിയെ പാര്‍ക്ക് ചെയ്യും. എവിടെയാണ് ചെരുപ്പുകള്‍ പാര്‍ക്ക് ചെയ്യണ്ടതെന്ന് ഒരിക്കല്‍ ഒന്നു കാണിച്ചു കൊടുത്താല്‍ മതി. പിന്നെ, ചെരുപ്പലെ സെന്‍സറിന്റെ നിര്‍ദ്ദേശമനുസരിച്ച് മോട്ടറുകളും ചക്രങ്ങളും കറങ്ങും. ഈ സെന്‍സര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നോ, ചെരുപ്പിനുള്ളില്‍ ഒരു ക്യാമറ സെറ്റ് ചെയ്തിട്ടുണ്ട്. ഈ ക്യാമറ തട്ടിയിട്ട് നടക്കാന്‍ വയ്യെന്ന പറഞ്ഞ വിരുതന്മാര്‍ ഇതു കാണേണ്ടതില്ല. ആ പറഞ്ഞ ചെരുപ്പില്‍ പോലും ഇപ്പോള്‍ ക്യാമറയെ ഫിറ്റ് ചെയ്താണ് നിസ്സാന്‍ ജനശ്രദ്ധ നേടുന്നത്. എന്താ, ഒരു ക്യാമറ ചെരുപ്പ് മേടിച്ചു നോക്കി, ഇഷ്ടമുള്ളയിടത്തു പാര്‍ക്ക് ചെയ്താലോ?

**** ***** *****
അമേരിക്കയില്‍ നിന്നും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വാര്‍ത്തയാണിത്.  മകളെയും മകളിലുണ്ടായ ഏഴ് മാസം പ്രായമായ മകനേയും ഒരു അച്ഛന്‍ വെടിവെച്ചു കൊന്നിരിക്കുന്നു. യുഎസിലെ കണക്റ്റികട്ടിലാണ് സംഭവും. അച്ഛനുമായുള്ള ബന്ധം മകള്‍ അവസാനിപ്പിച്ചതാണ് കൊലപാതകത്തില്‍ അവസാനിച്ചതത്രേ. സ്റ്റീവന്‍ പ്ലാഡല്‍ എന്ന ആളാണ് ഭാര്യയും മകളുമായ കാറ്റീ പ്ലാഡലിനെ കൊന്നത്. ഇയാളും ആത്മഹത്യചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കാറ്റി പ്ലാഡല്‍ സ്വന്തം അച്ഛനില്‍ നിന്നു ഗര്‍ഭിണിയായത്. കാറ്റി ഗര്‍ഭിണിയായതോടെ വ്യഭിചാരക്കുറ്റം ചുമത്തി ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ സമയത്ത് സ്റ്റീവന്റെ അമ്മയാണ് കുട്ടിയെ നോക്കിയത്. മകളെ ഗര്‍ഭിണിയാക്കിയെന്ന കാര്യം ഭാര്യയോട് പറയുകയും അവളെ വിവാഹം കഴിക്കാനായി ഡിവോഴ്‌സ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് ദാരുണ സംഭവം. കാറ്റിയെ ബാല്യകാലത്തില്‍ തന്നെ ഇവര്‍ ഉപേക്ഷിച്ചിരുന്നതാണ്. തുടര്‍ന്ന്, ഫേസ്ബുക്കിലൂടെ അച്ഛനമ്മമാരെ തിരിച്ചറിഞ്ഞ് എത്തിയതാവട്ടെ, മരണത്തിലേക്കും. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്നു. ഇതൊക്കെയും മനുഷ്യസംസ്‌ക്കാരത്തിനു യോജിച്ചതാണോ എന്നു നാം ആശങ്കപ്പെട്ടേക്കാം. ഇവരൊക്കെയും ദൈവഹിതത്തില്‍ നിന്നും വഴിമാറി നടക്കുന്നതിന്റെ കറുത്ത സൂചനകളാണ് ഈ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇനിയൊരിക്കലും ഇങ്ങനെയൊന്നും ഉണ്ടാവരുതേയെന്നു നമുക്കു ആശിക്കാം.

ചത്ത കോടീശ്വരനു ജാതകമെഴുതുന്നവര്‍  (ലൗഡ് സ്പീക്കര്‍ 33 : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക