Image

ലോകബാങ്ക് പ്രസിഡന്റ്: ജിം യോംഗ് കിം യുഎസിന്റെ സ്ഥാനാര്‍ഥിയാവും

Published on 23 March, 2012
ലോകബാങ്ക് പ്രസിഡന്റ്: ജിം യോംഗ് കിം യുഎസിന്റെ സ്ഥാനാര്‍ഥിയാവും
വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ദക്ഷിണ കൊറിയന്‍ വംശജനും ആരോഗ്യ വിദഗ്ധനുമായ ജിം യോംഗ് കിമ്മിനെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നാമനിര്‍ദേശം ചെയ്തു. ന്യൂഹാംപ്‌ഷെയറിലെ ഡാര്‍ട്മൗത്ത് കോളജ് പ്രസിഡന്റും ലോകാരോഗ്യ സംഘടനയുടെ എച്ച്‌ഐവി-എയ്ഡ്‌സ് വിഭാഗം മുന്‍ ഡയറക്ടറുമാണ് കിം. ലോകബാങ്കിന്റെ നിലവിലെ പ്രസിഡന്റ് റോബര്‍ട്ട് സോയിളിക് ജൂണില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് കിമ്മിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഎസ് നിര്‍ദേശിക്കുന്നത്. 

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. യുഎസ് സാമ്പത്തിക വിദഗ്ധനായ ജെഫ്രി സാക്‌സ് മാത്രമെ ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളു. എന്നാല്‍ തനിക്ക് പ്രസിഡന്റ് ബറാക് ഒബാമയുടെ പിന്തുണയില്ലെന്ന് സാക്‌സ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക ബാങ്ക് ബോര്‍ഡ് യോഗം ലഭിച്ച അപേക്ഷകളില്‍ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കും. ഏപ്രില്‍ 21ന് ലോക ബാങ്കിന്റെയും ഐഎംഎഫിന്റെയും അര്‍ധവാര്‍ഷിക പൊതുയോഗത്തില്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും.

അമേരിക്കക്കാര്‍ മാത്രമാണ് ഇതുവരെ ലോക് ബാങ്ക് പ്രസിഡന്റായിട്ടുള്ളത്. ഇത്തവണ മറ്റു രാജ്യങ്ങള്‍ക്കും അവസരമൊരുക്കാമെന്ന് യുഎസ് തത്വത്തില്‍ സമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അംഗോള, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാനിരക്കെയാണ് യുഎസ് തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 

പെപ്‌സി കോ സിഇഒയും ഇന്ത്യന്‍ വംശജയുമായ ഇന്ദ്ര നൂയിയുടെ പേരും ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഎസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക