Image

ഫെയ്‌സ്ബുക്ക് 750 ഐബിഎം പേറ്റന്റുകള്‍ സ്വന്തമാക്കി

Published on 23 March, 2012
ഫെയ്‌സ്ബുക്ക് 750 ഐബിഎം പേറ്റന്റുകള്‍ സ്വന്തമാക്കി
ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സിന്റെ (ഐബിഎം) 750 പേറ്റന്റുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. പേറ്റന്റ് പ്രശ്‌നത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ യാഹൂ നിയമനടപടി ആരംഭിച്ച സാഹചര്യത്തിലാണ് ഈ നടപടി. 

സെര്‍ച്ച് മുതല്‍ സെമികണ്ടക്ടറുകള്‍ വരെയുള്ള മേഖലകളുമായി ബന്ധപ്പെട്ട പേറ്റന്റുകള്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയവയില്‍ പെടുന്നതായി, റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഫെയ്‌സ്ബുക്കിന്റെയോ ഐബിഎമ്മിന്റെയോ വക്താക്കള്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

തങ്ങളുടെ പത്ത് പേറ്റന്റുകള്‍ ഫെയ്‌സ്ബുക്ക് ലംഘിച്ചുവെന്നാരോപിച്ച് ഈ മാസമാദ്യമാണ് യാഹൂ കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ പരസ്യസങ്കേതങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ പേറ്റന്റ് ഫെയ്‌സ്ബുക്ക് ലംഘിച്ചുവെന്നാണ് യാഹൂവിന്റെ ആരോപണം. 

പേറ്റന്റിന്റെ പേരില്‍ ഭീഷണി മുഴക്കുന്നവര്‍ക്ക് അതേ ആയുധമുപയോഗിച്ച് മറുപടി നല്‍കുന്ന കാഴ്ചയാണ് ടെക് മേഖലയില്‍ അരങ്ങേറുന്നത്. എന്നുവെച്ചാല്‍, പേറ്റന്റിന്റെ പേരില്‍ ഗൂഗിളിനെതിരെ ആപ്പിള്‍ കേസ് കൊടുത്താല്‍, ഇതേ കാരണം പറഞ്ഞ് ആപ്പിളിനെതിരെ ഗൂഗിളും കോടതിയെ സമീപിക്കുകയെന്നതാണ് രീതി. 

ഈ നിലയ്‌ക്കൊരു നീക്കമല്ലേ ഫെയ്‌സ്ബുക്കിന്റേതുമെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, യാഹൂവിന്റെ പക്കലാണ് പേറ്റന്റുകള്‍ കൂടുതലെന്നും അവര്‍ക്കെതിരെ വെടിപൊട്ടിക്കാന്‍ ഫെയ്‌സ്ബുക്കിന് അത്ര എളുപ്പമല്ലെന്നും വിദഗ്ധര്‍ പറയുന്നു.

അമേരിക്കന്‍ സര്‍ക്കാരിന്റെ ഡേറ്റാബേസിലെ കണക്കുപ്രകാരം പേറ്റന്റുകളും പേറ്റന്റ് അപേക്ഷകളുമായി യാഹൂവിന്റെ പക്കലുള്ളത് 3300 ലേറെയാണ്. അതേസമയം, കഴിഞ്ഞ ഡിസംബര്‍ 31 ന്റെ കണക്ക് പ്രകാരം ഫെയ്‌സ്ബുക്കിന് ലഭിച്ചിട്ടുള്ളത് 56 പേറ്റന്റുകളാണ്. 503 പേറ്റന്റ് അപേക്ഷകളും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. 

ഇത്തരമൊരു പശ്ചാത്തലത്തില്‍ ഒറ്റയടിക്ക് 750 ഐബിഎം പേറ്റന്റുകള്‍ സ്വന്തമാക്കിയത് തീര്‍ച്ചയായും ഫെയ്‌സ്ബുക്കിന് ആശ്വാസമേകും. എന്തു തുകയ്ക്കാണ് ഫെയ്‌സ്ബുക്ക് പേറ്റന്റ് സ്വന്തമാക്കിയതെന്ന് അറിവായിട്ടില്ല. 

മോട്ടറോള മൊബിലിറ്റിയെ 12.5 ബില്യണ്‍ ഡോളറിന് വാങ്ങാന്‍ ഗൂഗിള്‍ സമ്മതിച്ചിട്ടുള്ളതിന് പിന്നിലെ യഥാര്‍ഥ കാരണം മോട്ടറോളയുടെ പക്കലുള്ള നൂറുകണക്കിന് പേറ്റന്റുകളാണ്. നോര്‍ട്ടെല്‍ നെറ്റ്‌വര്‍ക്ക്‌സ് കോര്‍പ്പറേഷന്റെ 6000 പേറ്റന്റുകള്‍ 4.5 ബില്യണ്‍ ഡോളര്‍ മുടക്കി ആപ്പിളിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സ്വന്തമാക്കിയതിനെ തുടര്‍ന്നായിരുന്നു അത്. 

ഐബിഎം പേറ്റന്റുകള്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയെന്ന വിവരം ആദ്യം പുറത്തുവിട്ടത് ബ്ലൂംബര്‍ഗാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക