Image

ഇനി നൂറുനാള്‍; നാല്‍പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മാര്‍പാപ്പ അയര്‍ലന്‍ഡിലേക്ക്

Published on 16 May, 2018
ഇനി നൂറുനാള്‍; നാല്‍പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മാര്‍പാപ്പ അയര്‍ലന്‍ഡിലേക്ക്

ഡബ്ലിന്‍: മലയാളികള്‍ ഉള്‍പ്പെടെ അയര്‍ലന്‍ഡിലെ ജനത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവിനായി കാത്തിരിക്കുന്നു. ഓഗസ്റ്റ് 21 മുതല്‍ 26 വരെ ഡബ്ലിനില്‍ നടക്കുന്ന ഒന്‍പതാം ലോക കുടുംബ സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുക്കും. 10 ലക്ഷം വിശ്വാസികള്‍ പാപ്പ പങ്കെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് സൂചന. മലയാളികള്‍ ഉല്‍പ്പെടെയുള്ള സമിതികള്‍ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. 40 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു മാര്‍പ്പാപ്പ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ദി ഗോസ്പല്‍ ഓഫ് ഫാമിലി, ജോയ് ഫോര്‍ ദി വേള്‍ഡ് എന്നതാണ് സമ്മേളനത്തിന്റെ വിഷയം . ഓഗസ്റ്റ് 21നു സമ്മേളനത്തിന് തിരിതെളിയും. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ വിവിധ ചര്‍ച്ചകളും , വര്‍ക് ഷോപ്പുകളും, കുട്ടികള്‍ക്കും യുവാക്കള്‍ക്കുമുള്ള വിവിധ എക്‌സിബിഷനുകളും കലാ പരിപാടികളും നടക്കും.

25 നു എല്ലാ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും . 26 നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തില്‍ 10 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളാണ് ഡബ്ലിനിലെ ക്രോക്ക് പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ ഒത്തുകൂടും.

1979ല്‍ തീര്‍ഥാടകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ ഡബ്ലിന്‍ ഫീനിക്‌സ് പാര്‍ക്കില്‍ 10 ലക്ഷം പേര്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചിരുന്നു. അതായത് അന്നത്തെ ഐറീഷ് ജനസംഖ്യയുടെ നാലിലൊന്ന് പേര്‍. 2015ല്‍ ഫിലഡല്‍ഫിയായിലായിരുന്നു എട്ടാമത് ലോക കുടുംബ സമ്മേളനം. ഈ സമ്മേളനത്തില്‍ എട്ടുലക്ഷം ആളുകള്‍ പങ്കെടുത്തിരുന്നു .

ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വോളണ്ടിയര്‍മാരായി അഞ്ഞൂറോളം മലയാളികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 25നു എത്തുന്ന മാര്‍പ്പാപ്പ
അയര്‍ലന്‍ഡില്‍ പരി. മാതാവ് പ്രത്യക്ഷപ്പെട്ട ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നോക്ക് ബസിലിക്കയും സന്ദര്‍ശിച്ചേക്കും. അയര്‍ലന്‍ഡിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന ഒരു സമ്മേളനമായിരിക്കും ഇതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ അയര്‍ലന്‍ഡ് അംബാസിഡര്‍ എമ്മ മാഡിഗന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക