Image

ഓള്‍ഡ് ഈസ് ഗോള്‍ഡ്: നിറം മങ്ങാത്ത ഓര്‍മ്മകള്‍

മീട്ടു റഹ്മത്ത് കലാം Published on 16 May, 2018
ഓള്‍ഡ് ഈസ് ഗോള്‍ഡ്: നിറം മങ്ങാത്ത ഓര്‍മ്മകള്‍
കലാലയ മുത്തശ്ശിയായ കോട്ടയം സി.എം.എസ് കോളജ് 2018 ല്‍ 201 വര്‍ഷം പിന്നിടുകയാണ്. പ്രമുഖര്‍ അടക്കം പല മലയാളികള്‍ക്കും ഗൃഹാതുരത്വം സമ്മാനിക്കുന്നതാണ് ഈ കലാലയം. അക്കാദമിക് മികവിനൊപ്പം ഒരുപാട് സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും ഈ കാമ്പസിലെ കാറ്റാടി മരങ്ങളും ബൊഗെയിന്‍ വില്ലകളും തണലേകിയിട്ടുണ്ട്. 

ഗോവയില്‍ ജനിച്ചു വളര്‍ന്ന തിരുവല്ലാക്കാരി മോളിയും ആംഗ്ലോ ഇന്ത്യനായ ഡിസൂസയും 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സി.എം.എസിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഇുരുവരും പ്രണയിച്ചതും കോളജ് ക്യാമ്പസില്‍ വച്ചാണ്. തീവ്രവും മൗലികവുമായ ആ അടുപ്പം പ്രതിബന്ധങ്ങളുടെ വേലിക്കെട്ടുകള്‍ മറികടന്ന് ഒടുവില്‍ വിവാഹത്തിലെത്തി. അകാലത്തില്‍ മരണം കവര്‍ന്നെടുത്ത പങ്കാളിയുടെ നഷ്ടം മോളി അതിജീവിച്ചത് പുരാവസ്തുക്കളുടെ സാന്നിദ്ധ്യം കൊണ്ട്. ഓര്‍മ്മകളുടെ സുഗന്ധം തേടി ജീവിതത്തിന്റെ സായംസന്ധ്യയിലും അവര്‍ ഈ കലാലയമുറ്റത്ത് ഇടയ്ക്കിടെ എത്താറുണ്ട്.

നഗരമദ്ധ്യത്തില്‍ പഴമയുടെ ഗന്ധമുള്ള വിശാലമായ മുറി. കാലത്തെപ്പോലും വെല്ലുവിളിച്ച് , യൗവ്വനത്തിന്റെ തുടിപ്പുമായി നില്‍ക്കുന്ന പുരാവസ്തുക്കളുടെ നടുവില്‍ കൊത്തുപണികളുള്ള കസേരയില്‍ ചാരി ഇരിക്കുകയാണ് മോളി ഡിസൂസ. അരികിലെ ഗ്രാമഫോണില്‍ നിന്നുയരുന്ന ഗസലില്‍ ലയിച്ചിരിക്കുന്ന അവരെക്കണ്ട്, ചുറ്റുവട്ടത്തേയ്ക്ക് ചിതറിയ ദൃഷ്ടി ഒറ്റ ബിന്ദുവില്‍ പതിച്ചു. വെളുത്ത് വട്ടമുഖം, ബോബ് ചെയ്‌തൊതുക്കിയ മുടി, ഒറ്റയുടുപ്പാണ് വേഷം. സിനിമയില്‍ കണ്ടിട്ടുള്ള ആംഗ്ലോ-ഇന്ത്യന്‍ കഥാപാത്രങ്ങളുടെ ഛായ.

നൊസ്റ്റാള്‍ജിക് എന്ന് വിശേഷിപ്പിക്കാവുന്ന ഓര്‍മ്മകളുടെ പ്രവാഹം വാക്കുകളുടെ രൂപത്തില്‍ ഒന്നിന് പിറകെ ഒന്നായി അനായാസം ഒഴുകിയെത്തി.

ഡല്‍ഹിയില്‍ ജനനം, ഗോവയില്‍ വളര്‍ന്നു, ഇത്ര സുന്ദരമായ മലയാളത്തിനു പിന്നില്‍?

എന്റെ അച്ചാച്ചന്‍- കോവൂര്‍- വക്കീലായിരുന്നു. കോവുര്‍ എന്നത് ഞങ്ങളുടെ കുടുംബ പേര് കൂടിയാണ്. 62 ല്‍ അമേരിക്കന്‍ എംബസ്സിയില്‍ ജോലി ചെയ്യുമ്പോള്‍ നെഹ്‌റു നേരിട്ട് വിളിച്ചു പറഞ്ഞ പ്രകാരമാണ് ഡല്‍ഹിയില്‍ നിന്ന് ഗോവയില്‍ ഞങ്ങള്‍ കുടുംബമായി എത്തിയത്. പണ്ഡോദ്കറിന് (അന്നത്തെ മന്ത്രി) നിയമോപദേശം നല്‍കണമെന്നതായിരുന്നു ആവശ്യം. ഗോവ അന്ന് ഇന്ത്യയുടെ ഭാഗമല്ല. പോര്‍ച്ചുഗീസ് അധീനതയില്‍ അവര്‍ നിര്‍മ്മിച്ചിരുന്ന 'ഇസ്‌കുഡോ , സെന്താവോസ്' പോലുള്ള നാണയങ്ങള്‍ ക്രയവിക്രയത്തിന് ഉപയോഗിക്കുകയും ഇന്ത്യയിലേയ്ക്ക് പോകാന്‍ പാസ്സ്‌പോര്‍ട്ടും കര്‍ശനമായ പരിശോധനകളും വേണ്ടിവന്നിരുന്ന കാലമാണെന്ന് ഓര്‍ക്കണം. ഒാപ്പറേഷന്‍ വിജയയില്‍ നമ്മുടെ രാജ്യം ജയിച്ചതോടെ പറങ്കികള്‍ക്ക് ഗോവ വിട്ടുപോകേണ്ട സാഹചര്യം വന്നു.

പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ നിന്ന ജനതയ്ക്ക് ഒരുപാട് കഷ്ടപ്പെട്ടാണ് അച്ചാച്ചന്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്തത്. വിദ്യാഭ്യാസമുള്ള വിരലിലെണ്ണാവുന്നവര്‍ മാത്രമുള്ള സ്ഥലത്ത് ഖനിയെക്കുറിച്ചും വ്യവസായത്തെക്കുറിച്ചുമൊക്കെ ബോധ്യപ്പെടുത്തുക ക്ലേശകരമായിരുന്നു.  അന്നേ ഗോവന്‍ സംസ്‌കാരത്തോട് അമ്മച്ചിയ്ക്ക് എതിര്‍പ്പായിരുന്നു. തിരുവല്ലയിലെ രീതിക്ക് തന്നെ വളര്‍ന്നാല്‍ മതി, കെട്ടിച്ചു വിടേണ്ട പെണ്‍പിള്ളേരാണെന്ന് ഉപദേശിക്കും. 

നാട്ടില്‍ പഠിക്കാന്‍ ചേര്‍ത്തതുപോലും മലയാളിയായി വളരാനാണ്. ഏതു ഭാഷ പറയുമ്പോഴും അത് വ്യക്തതയോടെ ആയിരിക്കണമെന്നെനിക്ക് നിര്‍ബന്ധമുണ്ട്. ഇംഗ്ലീഷ്് അറിയാമെന്ന് കരുതി മലയാളത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നതിനോട് പണ്ടേ യോജിപ്പില്ല. ഇപ്പോള്‍ ടിവിയിലൊക്കെ ചില പെണ്ണുങ്ങളുടെ മലയാളം കേള്‍ക്കുമ്പോള്‍ ചിരി വരും. എന്നാല്‍ ഇംഗ്ലീഷ്് അറിയാമോ ,അതുമില്ല.

ജീവിതം മാറ്റിമറിച്ച സി.എം.എസ് കോളജ്...

കലാലയ ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം ടോണി (ഡിസൂസ)യെ കണ്ടുമുട്ടിയതാണ്. പല പ്രണയങ്ങളുടെയും തുടക്കം വഴക്കുകളില്‍ നിന്നാണല്ലോ, ഞങ്ങളുടേതും വ്യത്യസ്തമല്ല.

ടോണി കോളേജില്‍ ഒരു സ്റ്റാറായിരുന്നു. നന്നായി ഹോക്കി കളിക്കും, വായിക്കും, ഏത് കാര്യത്തിനും മുന്നിട്ടിറങ്ങും. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സമ്മതന്‍. അങ്ങനെയിരിക്കെ, കോളേജ് ഇലക്ഷന് വോട്ട് ചോദിക്കാന്‍ അദ്ദേഹം ലേഡീസ് ഹോസ്റ്റലില്‍ വന്നു. ടോണിയുടെ പേരന്റ്‌സ് ഗോവന്‍ ബെയ്‌സ്ഡ് ആയതുകൊണ്ട്, ഞങ്ങള്‍ക്കും ഒരു ഗോവക്കാരിക്കൊച്ചുണ്ടെന്ന വിശേഷണത്തോടെയാണ് കൂട്ടുകാരികള്‍ എന്നെ പരിചയപ്പെടുത്തിയത്. 

ചട്ടയും മുണ്ടും ധരിച്ച് മായിക്കെട്ടും കെട്ടി കട്ടന്‍കാപ്പിയും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന എന്നെക്കണ്ട് 'അയ്യേ, ഇതാണോ ഗോവക്കാരി ' എന്ന് ടോണി എടുത്തടിച്ചപോലെ ചോദിച്ചു. സുന്ദരിയാണെന്ന എന്റെ അഹങ്കാരത്തിനേറ്റ ആദ്യ പ്രഹരം! 'പോടാ ചെറുക്കാ' എന്ന് തന്റേടത്തോടെ പറഞ്ഞെങ്കിലും ആ മുഖം മറന്നില്ല. സൈക്കിളില്‍ പിന്നെ സ്ഥിരം എന്റെ പിന്നാലെ കൂടി. അച്ചാച്ചന്‍ അറിഞ്ഞാല്‍ നിന്റെ പൊടിപോലും ഉണ്ടാകില്ലെന്നൊക്കെ ഉപദേശിച്ചിട്ടും രക്ഷയുണ്ടായില്ല.

എങ്ങനെയാണ് പ്രണയം തോന്നിയത്?

ഏറെ നാളത്തെ കാത്തിരിപ്പിലും മക്കള്‍ ഉണ്ടാകാതിരുന്ന ഗോവന്‍ ദമ്പതികള്‍ ദത്തെടുത്തതാണ് ടോണിയെ എന്നറിഞ്ഞപ്പോള്‍ സഹതാപം തോന്നി. ഒരുപാട് നൊമ്പരങ്ങളുള്ള ആ മനസ്സ് ഞാനായിട്ടുകൂടി നോവിച്ചാല്‍ ദൈവം പൊറുക്കില്ലെന്ന് ആരോ ഉള്ളിലിരുന്ന് പറഞ്ഞു. കൂട്ടുകാരികളില്‍ നിന്നും നിരന്തരമായി 'അവന്‍ നല്ലവനാണ്, നിനക്ക് സ്‌നേഹിച്ചുകൂടെ' എന്ന ഉപദേശംകൂടി ആയപ്പോള്‍ നിയന്ത്രണം വിട്ട് എങ്ങനെയോ അദ്ദേഹമെന്റെ മനസ്സില്‍ കയറിപ്പറ്റി.

അന്നത്തെ പ്രണയം ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായിരുന്നോ?

മനസ്സുകൊണ്ടുള്ള അടുപ്പത്തിനപ്പുറം ഒരുമിച്ച് കറങ്ങി നടക്കാനൊന്നും അന്ന് സ്വാതന്ത്ര്യമില്ല. വിമന്‍സ് ഹാള്‍ മുതല്‍ കോളജ് ഗേറ്റ് വരെ ഞാന്‍ നടക്കുമ്പോള്‍ അതിനു പാരലല്‍ ആയ നടപ്പാതയിലൂടെ ടോണി പോകുന്നതു പോലും വലിയ തെറ്റായാണ് ആളുകള്‍ കണ്ടത്. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ടോണിയെ മാത്രമേയുള്ളു ഇല്ലെങ്കില്‍ കല്യാണമേ വേണ്ടെന്നു ഞാന്‍ തറപ്പിച്ച് പറഞ്ഞു. അതിനെക്കാള്‍ പണവും സൗന്ദര്യവുമുള്ള ചെറുക്കനെക്കണ്ടാല്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ കാലുമാറും. ഞങ്ങള്‍ക്ക് ആ ബന്ധം അത്രമാത്രം പവിത്രമായി അനുഭവപ്പെട്ടിരുന്നു. ജീവിക്കുമ്പോഴും മരണാനന്തരവും ഒന്നായിരിക്കണമെന്നുള്ള കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ പല ത്യാഗങ്ങളും വേണ്ടിവരും. അതിനു മനസ്സ് പാകപ്പെടാത്തവര്‍ പ്രേമിക്കാന്‍ പോകരുത്.

ഇരുവീട്ടുകാരും സമ്മതിക്കാതെ വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചതുകൊണ്ട് മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. സ്പാനിഷ് പുരോഹിതന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം.

പ്രണയകാലത്തെ നൊസ്റ്റാള്‍ജിക് ഓര്‍മ്മകള്‍?

വായനാശീലമുള്ളവരുടെ സ്ഥിരം സങ്കേതമായ കോളേജ് ലൈബ്രറി ഞങ്ങളുടെ ബന്ധത്തിലും പ്രധാന പശ്ചാത്തലമായിരുന്നു. ക്ലാസ്്‌മേറ്റ്‌സ് പോലുള്ള സിനിമകള്‍ കാണുമ്പോള്‍ ഇന്നും പഴയ ഓര്‍മകളിലേയ്ക്ക് മനസ്സ് വഴുതിപ്പോകും.
നിറം മങ്ങാത്ത ഒരോര്‍മ്മ പറയാം. രാത്രികാലങ്ങളില്‍ പ്രൊഫഷണല്‍ കഥകളി കലാകാരന്മാര്‍ വന്ന് പെര്‍ഫോം ചെയ്യുന്ന പതിവ് അന്ന് കോളേജില്‍ ഉണ്ടായിരുന്നു. കഥകളൊക്കെ അറിയാവുന്നതുകൊണ്ട് ഹോസ്റ്റലിലെ സുഹൃത്തുക്കളുമായി കഥകളി കാണാന്‍ ഞാന്‍ മുന്നിട്ടിറങ്ങും. അവിടെ ചെല്ലുമ്പോള്‍ ടോണിയും ഉണ്ടാകും. അദ്ദേഹത്തെ നോക്കി ഇരിക്കുന്നതല്ലാതെ പെര്‍ഫോമന്‍സ് ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. വശ്യമായിരുന്നു ആ ചിരി.(കണ്ണുകളില്‍ കൗമാരക്കാരിയുടെ നാണം ഒളിപ്പിച്ച് ഓര്‍മ്മകളെ റീവൈന്‍ഡ് ചെയ്ത് അവര്‍ തുടര്‍ന്നു).

വിവാഹത്തിനു മുന്‍പ് ടോണി പോണ്ടിച്ചേരിയില്‍ പോയി വന്നപ്പോള്‍ മനോഹരമായ രണ്ടു തൂവാലകള്‍ എനിക്ക് സമ്മാനിച്ചു, ഇപ്പോഴും നിധിപോലെ ഞാനത് സൂക്ഷിക്കുന്നു. എത്ര പണം മുടക്കി എന്നതല്ല സമ്മാനങ്ങളെ വിലമതിക്കാനാവാത്തതാക്കി മാറ്റുന്നത്. അത് നല്‍കുന്ന ആളും സാഹചര്യവുമൊക്കെ കണക്കാക്കിയാണ്.

വിവാഹശേഷം പ്രണയം കുറഞ്ഞോ?

ഒരിക്കലുമില്ല. വിവാഹം കഴിഞ്ഞ് മരിക്കുംവരെ ടോണിയുടെ വസ്ത്രങ്ങള്‍ ഞാനും എനിക്കുള്ളത് ടോണിയുമാണ് വാങ്ങിയിരുന്നത്. അതൊരു പ്രത്യേക സന്തോഷമാണ്. ഞങ്ങള്‍ക്ക് മൂന്ന് ആണ്‍മക്കളാണ്-ബോണി, ജോ, എഡ്ഡി. പേരൊക്കെ അദ്ദേഹം സെലക്ട് ചെയ്തതാണ്. മൂത്തമകന് ഗോവന്‍ ഭാഷയില്‍ കൈനീട്ടം എന്നര്‍ത്ഥം വരുന്ന ബോണി എന്ന പേര് മുന്‍പേ കണ്ടുവച്ചതാണ്. ഒരുപെണ്‍കുഞ്ഞില്ലാത്തത് വിഷമിപ്പിച്ചിരുന്നതൊഴിച്ചാല്‍ ദാമ്പത്യജീവിതത്തില്‍ പൂര്‍ണ തൃപ്തനായിരുന്നു അദ്ദേഹം. 

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടോണി എന്നെ വിട്ടുപോയി. മദ്യം കഴിക്കുന്ന ശീലമുണ്ടായിരുന്നു. കരള്‍രോഗം മൂലമായിരുന്നു മരണം. പക്ഷെ ടോണി എന്നോടൊപ്പമില്ലെന്ന സത്യത്തോട് ഇപ്പോഴും ഞാന്‍ പുര്‍ണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല. എന്തിനുമേതിനുമുളള മോളി എന്ന വിളി ഒന്ന് കാതോര്‍ത്താല്‍ എനിക്കിപ്പോഴും കേള്‍ക്കാം. നല്ലൊരു കച്ചവടം നടന്നാല്‍ അതിന്റെ സന്തോഷം പങ്കിടാനും വിഷമഘട്ടങ്ങളില്‍ ആശ്വാസം പകരാനും എന്റെയൊപ്പം തന്നെയുണ്ട് ടോണി. അത് വെറുമൊരു തോന്നലല്ല . ആ പ്രെസന്‍സ് ഫീല്‍ ചെയ്യുന്നത് പ്രണയനാളം അണയാത്തതുകൊണ്ടാണ്.

ഗോവന്‍ സംസ്‌കാരവും കേരളീയ സംസ്‌കാരവും ?

എന്റെ അഭിപ്രായത്തില്‍ ഇവ രണ്ടും മോരും മുതിരയും പോലെയാണ്. ഒരിക്കലും ചേര്‍ന്നുപോകില്ല. ടോണിയുടെ മരണശേഷവും ഗോവയിലെ ബന്ധുക്കളുമായി അടുപ്പം സൂക്ഷിക്കുന്നുണ്ടെങ്കിലും സംസ്‌കാരത്തില്‍ വലിയ അന്തരമുണ്ട്. വിരുന്നുകാര്‍ക്ക് (സ്ത്രീകളായാല്‍പ്പോലും) ഫെനിയോ ബിയറോ നല്‍കുന്നതാണ് അവിടുത്തെ രീതി. 'മോളിയുടെ വീട്ടില്‍ ചെന്നാല്‍ നാരങ്ങാവെള്ളമേ കിട്ടൂ' എന്നവര്‍ പുച്ഛിക്കാറുണ്ട്. കുഞ്ഞിലേ മദ്യം വായില്‍ ഇറ്റിച്ച് അവര്‍ ശീലിപ്പിച്ചെടുക്കുന്ന ഒരു കള്‍ച്ചര്‍ ഉണ്ട്. എന്റെ ടോണിക്ക് കരളിന് രോഗം വന്നതുപോലും ആ ശീലത്തിന്റെ ഭാഗമായാണ്. മദ്യത്തിന്റെ മണത്തോടെനിക്ക് വെറുപ്പും ഭയവും വന്നത് ഏറ്റവും പ്രിയപ്പെട്ടവനെ കവര്‍ന്നെടുത്തതുകൊണ്ടായിരിക്കാം.
(ശബ്ദം ഇടറി).

ടോണിയുടെ നന്മകള്‍?

കടത്തിണ്ണയില്‍ കിടന്ന് ചുമയ്ക്കുന്നവരുടെയടുത്ത് ഉറക്കത്തില്‍ നിന്നെഴുന്നേറ്റു ചെന്ന് , അവരെ പുതപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തിരുന്നു ടോണി. കൊടുക്കുമ്പോള്‍ ഏറ്റവും നല്ലതുതന്നെ വേണമെന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധത്തോട് അന്നൊന്നും ഞാന്‍ യോജിച്ചിരുന്നില്ല. വിശന്നു വലഞ്ഞവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത് അവര്‍ കഴിക്കുന്നത് നോക്കിയിരിക്കാന്‍ ടോണിക്ക് ഇഷ്ടമായിരുന്നു. പള്ളിയുടെയും കൊയറിന്റെയും ആവശ്യത്തിനായി സംഭാവന നല്‍കാനും ഒരു പിശുക്കും കാണിച്ചിട്ടില്ല.

ആന്റിക്ക് ഷോപ്പിലേക്ക് കൂടുതലും ശേഖരിച്ചിരുന്നത് ജപ്തി ചെയ്യുന്ന സാധനങ്ങളാണ്. താലൂക്ക് ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം കിട്ടി ജപ്തിചെയ്യുന്ന വീട്ടിലെത്തി സാധനങ്ങള്‍ക്ക് വിലയിടുമ്പോള്‍, ആ വീട്ടുകാരുടെ കണ്ണീരും കൂടി കണക്കാക്കണമെന്ന് എന്നെ പഠിപ്പിച്ചത് ടോണിയാണ്. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിന് അലമുറയിട്ട് കരഞ്ഞവരില്‍ അധികവും പല രീതിയില്‍ സഹായം കൈപ്പറ്റിയവരാണ്. ഞാന്‍പോലും അറിയാതെ ഒരുപാടു പേരെ ടോണി സഹായിച്ചിട്ടുണ്ട്. സെപ്തംബര്‍ 7, 1997 നാണ് ടോണി പോയത്. അന്നുമുതല്‍ ഞാനും മക്കളും അദ്ദേഹത്തിന്റെ ആഗ്രഹമെന്നോണം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 

ഗുഡ് ഷെപ്പേര്‍ഡിലെ കല്ലറയ്ക്കരികില്‍ ചെന്ന് എന്താണ് പറയുക?

ടോണി, ആര്‍ യൂ ഹാപ്പി എന്ന കഴിഞ്ഞ ഇരുപത് വര്‍ഷമായുള്ള പതിവു ചോദ്യം. അവിടുത്തെ നിശബ്ദതയില്‍ ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന ഭാഷയില്‍ കുറെ നേരം സംസാരിക്കും. നിയന്ത്രണം സ്വയം വിട്ടുപോകുന്ന നിമിഷങ്ങളാണത്. ഒടുവില്‍ വേദന കടിച്ചമര്‍ത്തി പരിഭവത്തോടെ പറയും : എന്നെ തനിച്ചാക്കി എത്രകാലമായി? ഒരു വര്‍ഷം തികയുമ്പോള്‍ കൊണ്ടുപോകാമെന്ന് പറഞ്ഞു പറ്റിച്ചില്ലേ? ടോണി, എനിക്ക് നിന്നെ കാണാന്‍ കൊതിയാകുന്നു.

(അവര്‍ കണ്ണിലെ നനവ് തുടച്ചു. ടോണിയുടെ വിളി പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് മാത്രമാണ് പ്രണയം അസ്തമിക്കാത്ത അവരുടെ മനസ്സിലെന്ന് ഇറ്റുവീണ കണ്ണീര്‍ത്തുള്ളികള്‍ പറയാതെ പറഞ്ഞു)

പുരാവസ്തുക്കളോടുള്ള ഭ്രമത്തിനു പിന്നില്‍?

ഞാന്‍ വളര്‍ന്നുവന്ന സാഹചര്യത്തതിന്റെ സ്വാധീനം അതിലുണ്ട്. അച്ചാച്ചന് പഴയ ഭരണികള്‍ പാത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതും വില്‍ക്കുന്നതുമൊക്കെ ഹരമായിരുന്നു. നാട്ടുരാജാക്കന്മാര്‍ അദ്ദേഹത്തോട് പന്തയം വെച്ചു തോല്‍ക്കുമ്പോള്‍ നേടിയെടുത്ത തോള്‍വളകളും അമൂല്യവസ്തുക്കളും പാരീസില്‍ കൊണ്ടുപോയി പത്തിരട്ടി വിലയ്ക്ക് വിറ്റ കഥകള്‍ കേട്ടിരുന്നു. ഇത് പഴയ സാധനങ്ങളുടെ കച്ചവട സാധ്യത മനസ്സിലാക്കാന്‍ ഉപകരിച്ചു.

വിവാഹം കഴിഞ്ഞ ഇടയ്ക്ക് , പ്രായത്തിന്റെ അസുഖങ്ങള്‍ അച്ചാച്ചനെ അലട്ടുമ്പോള്‍ അദ്ദേഹത്തെ പരിചരിക്കാന്‍ ഞാനാണ് ഒപ്പം നിന്നിരുന്നത്. അന്നെനിക്ക് ഇരുപതു വയസ്സേ ഉള്ളു. അപ്പോഴാണ് താലൂക്കോഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്നൊരു സഹായം ചോദിച്ചത്. ഉള്ളതെല്ലാം ഉപേക്ഷിച്ച് ആളുകള്‍ മലബാറിലേയ്ക്ക് കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെ സാധനങ്ങള്‍ക്കൊക്കെ വിലയിട്ടു കൊടുക്കാനാണ് ഞങ്ങളെ ബന്ധപ്പെട്ടത്. ഇവിടുള്ള ഇരുപത് സെന്റ് സ്ഥലം വിറ്റ് അവിടെ ഇരുപതേക്കര്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷയില്‍ കാട്ടുപന്നിയെയും മലമ്പനിയെയും ഭയക്കാതെ നിന്ന നൂറോളം കുടുംബങ്ങളുടെ ശേഷിപ്പുകള്‍ക്ക് വിലയിടുക നിസ്സാര കാര്യമായിരുന്നില്ല. അച്ചാച്ചനൊരു സഹായം എന്ന നിലയ്ക്ക് ഞാനതങ്ങ് ഏറ്റു.

ടോണിയും എതിര്‍ത്തില്ല. കാളവണ്ടിയിലായിരുന്നു യാത്ര. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ആദ്യമായി പോയതാണ്. തിരികെ എത്തുമ്പോള്‍ സ്‌പെഷല്‍ എന്നെടുത്ത് പറയാവുന്ന ഒരു ഐറ്റം കിട്ടി - ഒരു ചൈനക്കാരന്‍ അപ്പൂപ്പന്റെ പടമുള്ള ചീനഭരണി. അയാളുടെ താടിയും മുടിയുമൊക്കെ കാറ്റില്‍ കിടന്നാടുന്നതുപോലെ തോന്നും, അത്രമാത്രം ജീവനുള്ള പീസ്. അഞ്ഞൂറ് രൂപയ്ക്കാണ് വാങ്ങിയത്, വണ്ടിക്കാരന് നൂറുരൂപ കൂലിയുംകൊടുത്തു. സാധനം കടയില്‍ വെച്ചപ്പോള്‍ത്തന്നെ ഒരു സായിപ്പ് വന്ന് അതിന്റെ വിലചോദിച്ചു. 

കസ്റ്റമര്‍ക്ക് മനസ്സിലാകാതെ വിലയും മറ്റും ഞങ്ങള്‍ ഡിസ്‌കസ് ചെയ്തിരുന്നത് ഗോവന്‍ ഭാഷയിലാണ്. ടോണി അയ്യായിരം പറഞ്ഞപ്പോള്‍, എന്റെ വായില്‍ വന്നത് പതിനായിരം. വിലപേശലില്ലാതെ സായിപ്പ് സാധനം വാങ്ങിക്കൊണ്ടുപോയി. ജെനുവിനായ സാധനങ്ങള്‍ക്ക് വിലകിട്ടുമെന്നും പഴയതിന്റെ മറവില്‍ റീമെയ്ക്കുകള്‍ നല്‍കി ആളുകളെ വഞ്ചിക്കരുതെന്നുമാണ് അച്ചാച്ചന്‍ നല്‍കിയ ഉപദേശം. ഒരിക്കല്‍പ്പോലും ആ വാക്ക് തെറ്റിക്കാത്തത് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ ഉപകരിച്ചു.

പുരാവസ്തു ഗവേഷകര്‍ അടക്കം ഇവിടെ നിന്നും സാധനങ്ങള്‍ ശേഖരിക്കാറുണ്ട്. സിനിമയുടെ ഷൂട്ടിങ് ആവശ്യത്തിനായും ആളുകള്‍ ചോദിക്കും. തിരികെ ലഭിക്കാത്ത ചില അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ട് ആ പരിപാടി നിര്‍ത്തി.
ഒരു ദിവസം രാത്രി പതിവുപോലെ ഷോപ്പ് പൂട്ടാന്‍ തുടങ്ങിയപ്പോള്‍ ഒരു കസ്റ്റമര്‍ ഭാര്യയ്‌ക്കൊപ്പം വന്നു. ''ഷട്ടര്‍ താഴ്ത്തിക്കോളൂ, ആളുകള്‍ കാണേണ്ട'' എന്നുപറഞ്ഞപ്പോള്‍ നല്ല പരിചയമുള്ള ശബ്ദം. 

കാതുകളില്‍ ആ ശബ്ദത്തിലെ പല ഡയലോഗുകള്‍ മുഴങ്ങുന്നതിനിടയില്‍ ഞാനാ മുഖത്തേക്ക് നോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. അദ്ദേഹം പറഞ്ഞതുപോലെ ഷട്ടര്‍ താഴ്ത്തി ഞങ്ങള്‍ അകത്തേയ്ക്ക് കയറി. സാധനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഭാര്യയുടെ അഭിപ്രായത്തിനു പ്രത്യേക പരിഗണന നല്‍കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എറണാകുളത്ത് വീടുപണി നടക്കുന്ന സമയം ആയിരുന്നതിനാല്‍ ഷോ പീസുകളാണ് കൂടുതലായും പര്‍ച്ചേസ് ചെയ്തത്. ചെന്നൈയിലെ വിലാസത്തിലേക്ക് ടെമ്പോയിലാണ് ഭരണികളും വെയ്‌സുമൊക്കെ അയച്ചുകൊടുത്തത്.

അലിഖിതമായ കഥകളുള്ള ഈ വസ്തുക്കള്‍ക്കിടയിലെ ജീവിതം?

ഓര്‍ക്കാന്‍ ഒന്നുമില്ലാതെ അലസമായിരുന്നാല്‍ മനസ്സ് പല ദിക്കില്‍ സഞ്ചരിക്കും. അതൊഴിവാക്കാന്‍ ചുറ്റുമുള്ള വസ്തുക്കളില്‍ നോക്കി അവയുടെ എഴുതപ്പെടാത്ത ചരിത്രത്തെ പൊടിതട്ടി എടുക്കുന്നത് നേരമ്പോക്കായി തുടങ്ങിയതാണ്. ഭൂതകാലത്തില്‍ ജീവിക്കാനും കാലത്തെ പിടിച്ചുനിര്‍ത്താനുമൊക്കെ അതിലൂടെ കഴിയുമെന്ന് ചിലപ്പോള്‍ തോന്നും.

ഇവിടുള്ള ഓരോ വസ്തുവും എന്നെ ഭ്രമിപ്പിക്കുന്ന എന്തെങ്കിലും എക്‌സ്-ഫാക്ടര്‍ ഉണ്ടെന്നു ബോധ്യപ്പെട്ട് സ്വന്തമാക്കിയാണ്. ഉദാഹരണമായി പറഞ്ഞാല്‍, സാധാരണ നമ്മള്‍ കാണുന്ന കന്യാമറിയത്തിന്റെ ചിത്രങ്ങള്‍, വരച്ചശേഷം ഗ്‌ളാസ്സുപയോഗിച്ച് ഫ്രെയിം ചെയ്തതാണ്. എന്നാല്‍, എന്റെ പക്കലുള്ള മാതാവിന്റെ രൂപം ഗ്‌ളാസ് ഫ്രെയിമിന് പുറത്താണ് വരച്ചിരിക്കുന്നത്. ഫോട്ടോ തോറ്റുപോകുന്ന സ്റ്റമ്പ് വര്‍ക്ക് ചെയ്തിരുന്ന കലാകാരന്മാര്‍ പണ്ടുണ്ടായിരുന്നു. കടലാസ് ചുരുട്ടി അത്തരത്തില്‍ ചെയ്ത ചലച്ചിത്രതാരം സത്യന്റെ ചിത്രവും ജീവന്‍ തുടിക്കുന്ന ഒന്നാണ്. മുഗള്‍ ഭരണകാലത്ത് വിലകൂടിയ കല്ലുകള്‍ പൊടിച്ച് പെയിന്റിനു പകരം ഉപയോഗിച്ചിരുന്നതായി കേട്ട് രാജസ്ഥാനില്‍ പോയി തേടിപ്പിടിച്ചതാണ് പെരിഡോട്ടും എമറാള്‍ഡും ടര്‍ഖൊയ്‌സും ഉപയോഗിച്ചുള്ള ചിത്രങ്ങള്‍.

പുലിമുരുകന്‍ സിനിമ തീയറ്ററില്‍ ഓടുന്ന സമയത്ത് മോഹന്‍ലാലിന്റെ ആരാധകരാണെന്നുപറഞ്ഞ് കുറച്ച് കോളേജ് പിള്ളേരുവന്ന് പുലിയുടെ ഷോ പീസിന് വിലപറഞ്ഞു, സത്യത്തില്‍ അത് കടുവയാണ്. അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കെ കെന്നഡി പത്‌നിയ്‌ക്കൊപ്പം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സ്‌നേഹോപഹാരമായി കൊടുക്കാന്‍ സര്‍ക്കാര്‍ ഏല്പിച്ചപ്രകാരം ഒരു നെയ്ത്തുകാരന്‍ ചെയ്ത കാര്‍പെറ്റുകളാണ്- മയില്‍, കടുവ, താജ് മഹല്‍ എന്നിവയുടേത്. അതില്‍ കടുവയുടേത് കെന്നഡിയുടെ ഭാര്യ വേണ്ടെന്നു പറഞ്ഞു. തന്റെ മാസ്റ്റര്‍പീസ് വര്‍ക്ക് തിരസ്‌ക്കരിക്കപ്പെട്ടപ്പോള്‍ ആ നെയ്ത്തുകാരന്‍ സര്‍ക്കാരിനോട് പറഞ്ഞത്രേ:

''സാരമില്ല. എന്റെ മകള്‍ക്ക് മൂന്നുവയസ്സായി, അവളെ വിവാഹം കഴിപ്പിച്ചയയ്ക്കുമ്പോള്‍ സ്ത്രീധനത്തോടൊപ്പം ഇതും കൂടി ഞാന്‍ കൊടുക്കും.''
പറഞ്ഞതുപോലെ അയാള്‍ ചെയ്തു. ബാംഗ്‌ളൂരിനടുത്ത് ദോഡാബെല്ലാപ്പൂരിലുള്ള അയാളുടെ മകളുടെ ഭര്‍തൃഗൃഹത്തില്‍ നിന്നാണെനിക്ക് കടുവാ കാര്‍പ്പെറ്റ് കിട്ടിയത്.

ഗവേഷക വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് പല സാധനങ്ങളുടെയും ചരിത്രം ചോദിച്ചറിയാറുണ്ട്. ഒരുതവണ തിരുവിതാംകൂര്‍ നാണയങ്ങള്‍ കാണാന്‍ രണ്ടുകുട്ടികള്‍ വന്നു. ആ നാണയങ്ങള്‍ കൊണ്ടുള്ള ഷോ പീസുകള്‍ ഞാനവരെ കാണിച്ചു. പണ്ട്, മുട്ട വാട്ടിയിരുന്നതും ബ്രെഡ് ടോസ്റ്റ് ചെയ്തതുമൊക്കെ വെച്ചിരുന്ന സാധനങ്ങളാണതെന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖത്തെ കൗതുകം കാണണമായിരുന്നു.

അഞ്ഞൂറ് രൂപ സ്ത്രീധനമായി നല്‍കിയിരുന്ന കാലം. അന്ന് ആ തുക തികയണമെങ്കില്‍ 14000 നാണയങ്ങള്‍ എണ്ണണം. അത് എണ്ണി തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന പലകയുണ്ട്. ഒരു കൂടാരപ്പെട്ടിയില്‍ ചുവപ്പ് പട്ട് വിരിച്ച് ഈ തുക നിറയ്ക്കും. അത് കൊട്ടും കുരവയുമായി കൊണ്ടു വന്നാണ് സ്ത്രീധനം കൊടുക്കുക. ആറ് ഗ്രാമങ്ങളില്‍ ആകെ ഒരു പലകയേ കാണൂ. ആവശ്യക്കാര്‍ വന്ന് വാങ്ങിക്കൊണ്ടു പോവുകയാണ് പതിവ്. 

അന്നത്തെ പലകയും കൂടാരപ്പെട്ടിയും എന്റെ ശേഖരത്തിലുണ്ട്.

ഇത്തരം അപൂര്‍വതകള്‍ എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. ഇപ്പോള്‍ കച്ചവടത്തെക്കാള്‍ ശേഖരിക്കുന്നതിലാണ് താല്പര്യം.
കടപ്പാട്: മംഗളം 
ഓള്‍ഡ് ഈസ് ഗോള്‍ഡ്: നിറം മങ്ങാത്ത ഓര്‍മ്മകള്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ്: നിറം മങ്ങാത്ത ഓര്‍മ്മകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക