Image

കത്ത് എവിടെ? ഹാജരാക്കാനാവാതെ കോണ്‍ഗ്രസ്, കോടതിയിലും തിരിച്ചടി

Published on 16 May, 2018
കത്ത് എവിടെ? ഹാജരാക്കാനാവാതെ കോണ്‍ഗ്രസ്, കോടതിയിലും തിരിച്ചടി
മൂന്നരമണിക്കൂര്‍ നീണ്ട വാദങ്ങള്‍ക്കും തര്‍ക്കങ്ങളും കേന്ദ്രീകരിച്ചത് ഭൂരിപക്ഷ പിന്തുണ ഉന്നയിച്ച് ബിജെപി നേതൃത്വം കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയ്ക്കു നല്‍കിയെന്നു പറയപ്പെടുന്ന കത്തിലായിരുന്നു. ഈ കത്തിലാണ് നിര്‍ണായകമായ വിധിയുടെ ആദ്യഘട്ടം കോടതി അവസാനിപ്പിച്ചതും.

രാത്രി 2.08ന് വാദങ്ങള്‍ ആരംഭിച്ചപ്പോള്‍തന്നെ യെദിയൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് എവിടെയെന്ന് കോടതി കോണ്‍ഗ്രസ് ജെഡിഎസ് അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയോടു ചോദിച്ചപ്പോള്‍ അത് ഹാജരാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പ്രധാനപ്പെട്ട തെളിവ് ഇല്ലാതെ കോടതി എങ്ങനെ തീരുമാനമെടുക്കുമെന്ന് ഈ അവസരത്തില്‍ ഹര്‍ജിക്കാരോടു കോടതി ചോദിച്ചു. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പക്കലും ഇങ്ങനൊരു കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ മറുപടി. ഇതോടെ കോടതിയുടെ ശ്രദ്ധ പൂര്‍ണമായി കത്തിലേക്കു കേന്ദ്രീകരിച്ചു. 

ഈ സമയങ്ങളിലെല്ലാം സിംഗ്വി യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. രണ്ടു ബിജെപി എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരാകുന്നുവെന്നു കോടതിയില്‍ പറഞ്ഞ, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും കെ.കെ.വേണുഗോപാലും ഈ ആവശ്യത്തെ നിശിതമായി എതിര്‍ത്തു. ഭരണഘടനാ സ്ഥാപനമായ ഗവര്‍ണറുടെ വിവേചനാധികാരത്തെ കോടതിക്കു ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ വാദം. 

ഇത് പരിഗണിച്ച കോടതി, സത്യപ്രതിജ്ഞ സ്റ്റേ ചെയ്യില്ലെന്നു വാക്കാല്‍ നിരീക്ഷിച്ചു. ഇതോടെ കോണ്‍ഗ്രസിനു വന്‍ തിരിച്ചടിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. കോടതിയുടെ ഈ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ സിംഗ്വി, സത്യപ്രതിജ്ഞ നീട്ടിവയ്ക്കണമെന്ന വാദമുന്നയിച്ചു. ഇതും കോടതി തള്ളി. എന്നിരുന്നാലും മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്താല്‍, ഇതില്‍ ഇടപെടാന്‍ കോടതിക്കു കഴിയുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇത് വിധിയില്‍ രേഖപ്പെടുത്തണമെന്ന് സിംഗ്വി ആവശ്യപ്പെടുകയും കോടതി ഈ ആവശ്യം സ്വീകരിക്കുകയും ചെയ്തു.

ഇതിനുശേഷമാണ് നിര്‍ണായകമായ കത്തില്‍ കോടതി വിധി പുറപ്പെടുവിക്കുന്നത്. ഭൂരിപക്ഷം അവകാശപ്പെട്ട് യെദിയൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് വെള്ളിയാഴ്ച പത്തരയ്ക്കു മുമ്പ് ഹാജരാക്കാനാണു കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഈ കത്ത് ഹാജരാക്കാന്‍ കഴിയാതിരിക്കുകയോ, ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്നുതന്നെയാണ് കോടതി വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ നിര്‍ണായകമാകുന്ന ഒരു നീക്കത്തിനാണ് ബുധനാഴ്ച രാത്രി മുതലുള്ള മണിക്കൂറുകള്‍ സാക്ഷ്യം വഹിച്ചതെന്നു നിസംശയം പറയാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക