Image

ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനയെ അപമാനിക്കുന്നത്‌ : രാം ജഠ്‌മലാനി

Published on 17 May, 2018
 ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനയെ അപമാനിക്കുന്നത്‌ : രാം ജഠ്‌മലാനി

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‌ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനയെ അപമാനിക്കുന്നതാണെന്ന്‌ ആരോപിച്ച്‌ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്‌ദ്ധനുമായ രാം ജഠ്‌മലാനി സുപ്രീം കോടതിയെ സമീപിച്ചു. തന്റെ ഹര്‍ജി വേഗം പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ രാം ജഠ്‌മലാനി സുപ്രീം കോടതിയെ സമീപിച്ചത്‌.

ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെ സമീപിച്ച രാം ജഠ്‌മലാനിയോട്‌ ഹര്‍ജി, ജസ്റ്റിസ്‌ എ.കെ.സിക്രിയുടെ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ്‌ കോടതി നിര്‍ദേശം. എ.കെ.സിക്രിയുടെ ബെഞ്ച്‌ കോണ്‍ഗ്രസ്‌ നല്‍കിയ സമാനമായ ഹര്‍ജി പരിഗണിക്കുന്നുണ്ടെന്ന്‌ ചീഫ്‌ ജസ്റ്റിസിന്റെ ബെഞ്ച്‌ ജഠ്‌മലാനിയോട്‌ പറഞ്ഞു.

നാളെ രാവിലെ 10.30 നാണ്‌ കോണ്‍ഗ്രസ്‌ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുക. ഇതിനു മുമ്പ്‌ ജഠ്‌മലാനിയോട്‌ എ.കെ.സിക്രിയുടെ ബെഞ്ചിനെ സമീപിക്കാനാണ്‌ കോടതി നിര്‍ദേശിച്ചത്‌. ഗവര്‍ണറുടെ സമീപനം ഭരണഘടനയെ അപമാനിക്കുന്നതിനു തുല്യമാണ്‌. ഭരണഘടനയെ അട്ടിമറിക്കുകയാണ്‌ ഗവര്‍ണര്‍ ചെയ്‌തത്‌ എന്നും ജഠ്‌മലാനി ഹര്‍ജിയില്‍ വ്യക്തമാക്കി.

ബിജെപിക്ക്‌ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതി സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചത്‌. ഹര്‍ജിയുടെ പ്രധാന്യം പരിഗണിച്ച്‌ കോടതി കേസ്‌ പുലര്‍ച്ചെ 2.10ന്‌ കേള്‍ക്കാന്‍ ആരംഭിച്ചു.

രണ്ടു മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന്‌ ഒടുവില്‍ ബിജെപിക്ക്‌ ആശ്വാസവിധിയാണ്‌ കോടതിയില്‍ നിന്നും ലഭിച്ചത്‌. സ്റ്റേ നല്‍കുന്നില്ലെന്ന്‌ അറിയിച്ച കോടതി കേസില്‍ ഇനിയും വാദം കേള്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്‌. കേസില്‍ കോടതി കര്‍ണാടക സര്‍ക്കാരിനെ കക്ഷിചേര്‍ത്തു.

നിലവില്‍ ബിജെപിക്ക്‌ 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്‌. ഇതില്‍ ഒരാള്‍ സ്വതന്ത്രനാണ്‌. കേവല ഭൂരിപക്ഷത്തിന്‌ ഇനിയും എട്ടു പേരുടെ പിന്തുണ കൂടി ആവശ്യമാണ്‌. അതേസമയം കോണ്‍ഗ്രസ്‌ ജെഡിഎസ്‌ സഖ്യത്തിന്‌ 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്‌. തനിക്ക്‌ 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അതു കൊണ്ട്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഡിഎസ്‌ നേതാവ്‌ എച്ച്‌.ഡി.കുമാരസ്വാമി ഗവര്‍ണര്‍ക്കു കത്ത്‌ നല്‍കിയിരുന്നു. ഇതു തള്ളിയാണ്‌ ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചത്‌. ഇതിനു പുറമെ 15 ദിവസത്തിനകം സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്നും ഗവര്‍ണര്‍ യെദ്യൂരപ്പയെ അറിയിച്ചിട്ടുണ്ട്‌.

ഇന്നലെ രാത്രി കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇതു സംബന്ധിച്ച പരാതി സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുടെ വസതിയിലെത്തിയാണ്‌ സമര്‍പ്പിച്ചത്‌. ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിച്ച സുപ്രീം കോടതി കേസില്‍ രാത്രി തന്നെ വാദം കേള്‍ക്കാനായി തയ്യാറായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക