Image

കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

Published on 17 May, 2018
 കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

കര്‍ണാടകയില്‍ ബി.എസ്‌. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന്‌ രാവിലെ ഒമ്പതിനാണ്‌ രാജ്‌ഭവനില്‍ നടന്ന ചടങ്ങിലാണ്‌ യെദ്യൂരപ്പ കര്‍ണാടകയുടെ 23-ാ മത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്‌.

ഗവര്‍ണര്‍ വാജുഭായ്‌ വാല ചൊല്ലികൊടുത്ത സത്യവാചകം ഏറ്റുചൊല്ലിയാണ്‌ യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്‌. വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു ചടങ്ങുകള്‍. മുമ്പ്‌ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായ ആഘോഷപ്രകടനങ്ങള്‍ ഇത്തവണ ഉണ്ടായിരുന്നില്ല.

രാവിലെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷമാണ്‌ യെദ്യൂരപ്പ രാജ്‌ഭവനിലെത്തിയത്‌. യെദ്യൂരപ്പ മാത്രമാണ്‌ ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. അതേസമയം കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ വലിയ പ്രതിഷേധമാണ്‌ സംഘടിപ്പിച്ചത്‌. രാജ്‌ഭവനു മുന്നിലായിരുന്നു കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും പ്രതിഷേധം. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

നാളെ ഭൂരിപക്ഷമുണ്ടെന്ന്‌ കാണിച്ച്‌ ഗവര്‍ണര്‍ക്ക്‌ മുമ്പില്‍ യെദ്യൂരപ്പ സമര്‍പ്പിച്ച കത്ത്‌ കോടതിയില്‍ ഹാജരാക്കാനുള്ള നിര്‍ദേശം ബിജെപി ക്യാമ്പില്‍ ആശങ്ക സമ്മാനിക്കുന്നുണ്ട്‌. അതു കൊണ്ട്‌ തന്നെ ബിജെപി പ്രവര്‍ത്തകര്‍ വലിയ ആഹ്‌ളാദപ്രകടനമൊന്നും നടത്തിയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക