Image

വൈസ് സര്‍വീസ് ക്ലബ്: ഡാന്‍ മോഹന്‍ പ്രസിഡന്റ്; ചാരിറ്റിക്കായി ഫണ്ട് സമാഹരിക്കും

Published on 17 May, 2018
വൈസ് സര്‍വീസ് ക്ലബ്: ഡാന്‍ മോഹന്‍ പ്രസിഡന്റ്; ചാരിറ്റിക്കായി ഫണ്ട് സമാഹരിക്കും
ന്യൂജേഴ്‌സി: പുതുതായി രൂപം കൊണ്ട വൈസ് സര്‍വീസ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചാരിറ്റിക്കായി ഫണ്ട് സമാഹരിക്കാന്‍ തിരൂമാനിക്കുകയും ചെയ്തു.

വൈസ് സര്‍വീസ് ഇന്റര്‍നാഷണലിന്റെ ഭാഗമായി പുതിയ സംഘടന രൂപീകരിക്കുന്നതിനു മുന്നിട്ടിറിങ്ങിയ ഡാന്‍ മോഹന്‍ പ്രസിഡന്റായും കരള്‍ പൊബാന്‍സ് സെക്രട്ടറിയായും എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ഡോ. ഡ്രിസ് കോണ്‍ പ്രസിഡന്റ് ഇലക്ട്, ഫിലിപ്പ് തമ്പാന്‍ അസി. സെക്രട്ടറി, അബ്രഹാം തോമസ് ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിമന്‍സ് ക്ലബ് ചെയറായി മിച്ചിക്കോ ടൊമിയോക്ക, യൂത്ത് ക്ലബ് ചെയറായി എസ്‌റ്റേല യസോ, പ്രൊജട്ക്‌സ് പ്രോഗ്രാംസ് ചെയറായി ഡോ. ജേക്കബ് ഡേവിഡ്, മീഡിയ പബ്ലിസിറ്റി ലിസ അര്‍സെല്ലാ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ജൂലൈയില്‍ നടത്തുന്ന ഫണ്ട് സമാഹരണം ഹെല്ത്ത് ബോണിനെ സഹായിക്കാനാണ്. വേദി പിന്നീട് തിരുമാനിക്കും.

ഹാരിംഗ് ടണ്‍ പാര്‍ക്കില്‍ സെന്റ് ആന്‍ഡ്രൂസ് ഹാളില്‍ നടന്ന ജനറല്‍ ബോഡി ഏക ലോകത്തിനു വേണ്ടിയുള്ള ഗാഥ 'വീവ് അസ് ടുഗദര്‍' ആലപിച്ചുകൊണ്ട് ആരംഭിച്ചു.

എണ്‍പത്തെട്ട് രാജ്യങ്ങളിലായി 100ല്‍പ്പരം പ്രൊജക്ടുകള്‍ സംഘടിപ്പിച്ച റവ. ജോണ്‍ ഗെഹ്‌റിംഗിന്റെ പ്രസംഗം സദസിന് പ്രചോദനമായി. ജനസേവനത്തിനായി ലോകമെങ്ങും സഞ്ചരിച്ച വ്യക്തിയാണ് അദ്ദേഹം.

മറ്റുള്ളവര്‍ക്ക് സേവനം എത്തിക്കാനുള്ള താത്പര്യം കൊണ്ട് ഇത്തരം ഒരു സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. ലോകത്തിന്റെ നാനാഭാഗത്തുള്ള വൈസ് ക്ലബ് അംഗങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെയൊക്കെ വിജയത്തിന്റെ രഹസ്യം െ്രെകസ്തവ വിശ്വാസത്തിലധിഷ്ഠിതമായ ഏവരും ദൈവത്തിന്റെ സന്താനങ്ങളാണെന്ന ചിന്താഗതിയാണ്.

സേവനം കൊണ്ട് ആത്മാവിന്റെ മുറിവുകള്‍ ഉണക്കുന്ന കഥകള്‍ അദ്ദേഹം വിവരിച്ചു. ഒരിക്കല്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ വച്ചു നടന്നതാണ്. ഒരു വിഭാഗവുമായി ബന്ധപ്പെടാതെ പ്രവര്‍ത്തിക്കുന്ന കൊളംബാനസ് സെന്ററിലെ ഒരു ഐറീഷുകാരന്‍ പല രാജ്യങ്ങളില്‍ നിന്നും എത്തിയ വോളന്റീയര്‍മാര്‍ക്ക് നന്ദി പറയുകയും അവരുടെ രാജ്യങ്ങളെ ആശീര്‍വദിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരു ഇംഗ്ലീഷുകാരനുമുണ്ടായിരുന്നു. പഴയ കാര്യങ്ങള്‍ മറന്ന് ഐറീഷുകാരന്‍, ഇംഗ്ലീഷുകാരന് നന്ദി പറയുകയും ഇംഗ്ലണ്ടിനെ ആശീര്‍വദിക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങള്‍ പലയിടത്തും കണ്ടിട്ടുണ്ട്. ഭിന്നതകളും അതിരുകളും ഭേദിക്കാന്‍ സേവനത്തിന്റെ പാതകള്‍ക്കാകുമെന്നാണ് ഇത് തെളിയിക്കുന്നത്. വെറുപ്പും വിവേചനവും ഇല്ലാതാക്കാനുള്ള നല്ല വഴി സേവനവും സ്‌നേഹവുമാണ്.

ഏതെങ്കിലും ഒരു പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ നമ്മുടെ പരിമിതികളെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് കൈമുതലായുള്ള സ്വത്തുക്കളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതില്‍ നാം നന്ദിയുള്ളവരായിരിക്കുകയാണ് വേണ്ടത്.

ഒരാള്‍ക്ക് പണം ഉണ്ടായെന്നു വരില്ല. പക്ഷെ മറ്റു പല സഹായങ്ങളും നല്‍കാനാകും. അല്ലെങ്കില്‍ വാഹനം നല്‍കാനെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംഘടിപ്പിക്കാനും ആവും. അതുമല്ലെങ്കില്‍ കൂടുതല്‍ വോളന്റീയര്‍മാരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞേക്കും. സദസ്സിലുള്ളവരെല്ലാം വിലപ്പെട്ട വ്യക്തികളാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കേണ്ടാതണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതൊരു സംരംഭവും വിജയിക്കാന്‍ ഒരാള്‍ മുന്നിട്ടിറങ്ങണം. അത്തരമൊരു വ്യക്തി ഉണ്ടായിരിക്കുകയും നല്ല രീതിയില്‍ ആശയവിനിമയം നടത്തുകയും ചെയ്താല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങളില്‍പ്പെടുന്നവര്‍ സംഘടനയുടെ കീഴില്‍ ഒന്നായി വരുന്നത് ഓരോരുത്തരുടേയും ജീവിത സംഭാവനകളുടെ ഭാഗമായി മാറും.

തനിക്കു വേണ്ട ഭക്ഷണം എങ്ങനെ ഉത്പാദിപ്പിക്കാമെന്നും ആരോഗ്യകരമായ തീരുമാനങ്ങള്‍ എങ്ങനെ എടുക്കാമെന്നും പഠിപ്പിക്കുകയാണ് ഹെല്ത്ത് ബാണിന്റെ ലക്ഷ്യം. ബര്‍ഗന്‍ കൗണ്ടിയിലെ ഹെല്ത്ത് ബാണ്‍ ചാപ്റ്റര്‍ റിഡ്ജ് വുഡിലാണ്.

വിവിധ എത്‌നിക്ക് വിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ഇത്തരമൊരു ക്ലബ് 'വൈ'സ് പ്രഖ്യാപിച്ചത് പുതുമയാണെന്ന് ഡാന്‍ മോഹന്‍ പറഞ്ഞു. എല്ലാവരേയും ഒന്നിച്ചണിനിരത്തുന്നത് അത്യാവശ്യമാണെന്നു കരുതിയാണ് ഇതിനു തയാറായത്. ഇതൊരു ചരിത്രംകുറിച്ച മാറ്റമാണെന്ന് സംഘടനയുടെ അന്താരാഷ്ട്ര നേതൃത്വവും അംഗീകരിച്ചു. അമേരിക്കക്കാരും ഇന്ത്യക്കാരും കൊറിയക്കാരും ഫിലിപ്പിനോകളും ആഫ്രിക്കന്‍ അമേരിക്കക്കാരും സംഘടനയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക