Image

മുസ്ലിം യുവതിയെ വിവാഹം കഴിച്ച യുവാവിനെ കൊലപ്പെടുത്തിയവര്‍ക്ക്‌ ജീവപര്യന്തം

Published on 18 May, 2018
മുസ്ലിം യുവതിയെ വിവാഹം കഴിച്ച യുവാവിനെ കൊലപ്പെടുത്തിയവര്‍ക്ക്‌ ജീവപര്യന്തം


കാസര്‍കോട്‌: മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിനെ കൊന്ന കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക്‌ ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. എറണാകുളം പ്രത്യേക സിബിഐ കോടതിയുടെതാണ്‌ വിധി.

പ്രതികള്‍ കുറ്റക്കാരാണെന്ന്‌ ഇന്നലെ എറണാകുളം പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഒന്നാംപ്രതി ചട്ടഞ്ചാലിലെ ഇക്കു എന്ന മുഹമ്മദ്‌ ഇക്‌ബാല്‍, രണ്ടാം പ്രതി തളങ്കരയിലെ മുഹമ്മദ്‌ ഹനീഫ്‌ എന്നിവരെയാണ്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌. മറ്റുപ്രതികളായ തായലങ്ങാടിയിലെ അബ്ദുല്‍ഗഫൂര്‍, ചെങ്കള മുട്ടത്തൊടിയിലെ എ.എം.മുഹമ്മദ്‌, ഉപ്പള മണ്ണംകുഴിയിലെ അബൂബക്കര്‍ എന്നിവരെ കോടതി വിട്ടയച്ചിരുന്നു.

2001 സെപ്‌തംബര്‍ 18നാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കാസര്‍കോട്‌ മണ്ഡലം പ്രസിഡണ്ടായിരുന്ന ബാലകൃഷ്‌ണന്‍ കൊല്ലപ്പെട്ടത്‌. നുള്ളിപ്പാടിയില്‍ നിന്ന്‌ കാറില്‍ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന്‌ ചന്ദ്രഗിരി പുഴക്കടവിന്‌ സമീപത്ത്‌ വെച്ച്‌ കൊന്നെന്നാണ്‌ കേസ്‌. മണ്ണംകുഴിയിലെ അബൂബക്കറിന്റെ മകളെ ബാലകൃഷ്‌ണന്‍ വിവാഹം ചെയ്‌തതിലുള്ള വിരോധമാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്നാണ്‌ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്‌.

ആദ്യം ലോക്കല്‍ പോലീസ്‌ അന്വേഷിച്ച കേസില്‍ അന്നത്തെ ഡിവൈഎസ്‌പി പി.ഹബീബ്‌റഹ്മാന്റെ നേതൃത്വത്തില്‍ മുഹമ്മദ്‌ ഹനീഫ അടക്കം രണ്ടുപ്രതികളെ പിടികൂടിയിരുന്നു. ലോക്കല്‍ പോലീസ്‌ അന്വേഷണത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാലകൃഷ്‌ണന്റെ പിതാവ്‌ റിട്ട. തഹസില്‍ദാര്‍ വിദ്യാനഗര്‍, പൊടവടുക്കത്തെ ഗോപാലന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ കേസ്‌ സിബിഐയ്‌ക്ക്‌ വിട്ടത്‌. കൊല്ലപ്പെടുന്ന സമയത്ത്‌ ബാലകൃഷ്‌ണന്‍ കാസര്‍കോട്‌ പഴയ ബസ്സ്‌റ്റാന്റ്‌ പരിസരത്ത്‌ കൊറിയര്‍ സ്ഥാപനം നടത്തി വരികയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക