Image

കെ.എച്ച്.എന്‍‍.എ യുടെ മഹാസംഗമത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായി

സുധാ കര്‍ത്താ Published on 30 June, 2011
കെ.എച്ച്.എന്‍‍.എ യുടെ മഹാസംഗമത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായി
വാഷിങ്ങ്ടണ്‍ ഡി.സി. : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 1 മുതല്‍ 4 വരെ വാഷിങ്ങ്ടണിലെ ക്രിസ്റ്റന്‍ സിറ്റിയിലുള്ള ഹയാറ്റ് റിജന്‍സിയില്‍ വച്ച് നടത്തുന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായി എന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ.മുരളീരാജന്‍ ഒരു പത്രകുറുപ്പില്‍ അറിയിച്ചു.

ജൂലൈ 1 -ാം തീയ്യതി രാവിലെ ഗണപതിഹോമത്തോടുകൂടി പരിപാടികളുടെ ആരംഭം കുറിക്കുന്നതാണ്. അമേരിക്കയുടെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നും കാനഡായില്‍ നിന്നും വരുന്ന പ്രതിനിധികള്‍ രാവിലെ തന്നെ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ മഹാസംഗമത്തിലെ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയില്‍ 200 ല്‍ പരം മഹിളകള്‍ മുത്തുകുടയുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോട് കൂടി താലപ്പൊലിയേന്തി, ഇതില്‍ പങ്കെടുക്കുവാനായി എത്തുന്ന അതിഥികളെ സ്വാഗതം ചെയ്യും. അതോടുകൂടി മുഖ്യ അതിഥിയായ സ്വാമി ചിദാനന്ദപുരി കെ.എച്ച്.എന്‍ .എ യുടെ പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിക്കും. വൈകീട്ട് അഞ്ച് മണിയോടെ അതിഥികളെ മുഖ്യ ഹാളിലേക്ക് ആനയിച്ച് ഇരുത്തിയ ശേഷം നിലവിളക്കിന്റെയും നിറപറയുടെയും സാന്നിദ്ധ്യത്തില്‍ മുഖ്യ അതിഥി ഉദ്ഘാടനകര്‍മ്മം പ്രാര്‍ത്ഥനാലാപനത്തിന്റെ അകമ്പടിയോടെ നിര്‍വഹിക്കുന്നതായിരിക്കും. അതേതുടര്‍ന്ന് ദിവ്യഉണ്ണിയുടെ നൃത്തത്തോടെ പരിപാടികള്‍ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് കെ.എച്ച്.എന്‍ .എ യുടെ പ്രസിഡന്റ് ശ്രീ.എം.ജി.മേനോന്‍ സ്വാഗത പ്രസംഗവും കെ.എച്ച്.എന്‍ .എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മുരളീരാജന്‍ കണ്‍വന്‍ഷന്‍ വിവരങ്ങളും അതിഥികള്‍ക്കായി പങ്കുവക്കും.

വാഷിങ്ങ്ടണിലെ നൂറില്‍ പരം വരുന്ന കലാപ്രതിഭകളുടെ വിസ്മയം പകരുന്ന കലാപരിപാടികള്‍ അടുത്ത പരിപാടി ആയി അരങ്ങേറുന്ന്‌നതാണ്. ആദ്യദിവസത്തെ കലാവിരുന്നിനുശേഷം പ്രസിദ്ധ നൃത്തവിദഗ്ദ്ധനായ ശ്രീ.ധനഞ്ജയനും കൂട്ടരും ഭരതനാട്യ ശൈലിയില്‍ നൃത്തം അവതരിപ്പിക്കുന്നതായിരിക്കും
.
കണ്‍വന്‍ഷന്‍ നഗറിലെ 5 ഹാളുകളില്‍ മൂന്നു ദിവസവും തുടര്‍ച്ചയായി കലാപരിപാടികളും സെമിനാറുകളും പലവിധ കലാസാഹിത്യമത്സരങ്ങളും നടന്നുകൊണ്ടിരിക്കുന്നതാണ്. ഈ കണ്‍വന്‍ഷന്‍ സമുച്ചയത്തിനകത്തുതന്നെ ശബരിമലയുടെ മാതൃകയിലുള്ള ഒരു അയ്യപ്പക്ഷേത്രവും താല്‍കാലികമായി, പതിനെട്ട് പടിയോട് കൂടി പണിതുയര്‍ത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ നട തുറന്ന് പൂജയും ഭജനയും വഴിപാടുകളും ഇവിടെ നടത്തുന്നതാണ്.

രണ്ടാമത്തെ ദിവസം സ്വാമി ചിദാനന്ദപുരിയുടേയും , സ്വാമി ഉദിത് ചൈതന്യയുടെയും ഡോ.ഗോപാലകൃഷ്ണന്റെയും പ്രഭാഷണമാണ് മുഖ്യ ആകര്‍ഷണം.

തൃപ്പൂണത്തറയില്‍ നിന്നെത്തിയ മഹിളാഗ്രൂപ്പിന്റെ കഥകളിയും കാര്‍ണ്ണാടക സംഗീത കച്ചേരിയും കൂടാതെ ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍ , ഫിലാഡല്‍ഫിയ തുടങ്ങിയ റീജയണുകളിലെ കലാപരിപാടികളും അരങ്ങേറുന്നതാണ്. കൈക്കൊട്ടിക്കളി, സ്‌പെല്ലിങ്ങ് ബീ, രാമായണപ്രശ്‌നോത്തരി, ഗീതാപാരായണം തുടങ്ങിയ മത്സരങ്ങള്‍ നടക്കുമ്പോള്‍ത്തന്നെ മതസമ്മേളനങ്ങളും കുടുംബസെമിനാറുകളും മറ്റു വേദികളില്‍ നടത്തുവാനുള്ള വ്യവസ്ഥകളും ചെയ്തിട്ടുണ്ട്.

അവസാന ദിവസങ്ങളില്‍ പണ്ഡിത് രമേശ് നാരായണ്‍ ആദിശങ്കരന്റെയും ശ്രീനാരായണ ഗുരുവിന്റെയും കൃതികളുടെ സംഗീതാവിഷ്‌കരണം കര്‍ണാടക ശൈലിയിലും ഹിന്ദുസ്ഥാനി ശൈലിയിലും അവതരിപ്പിക്കുന്നതാണ്. കുട്ടികള്‍ക്കായുള്ള മത്സരങ്ങളുടെ കൂടെത്തന്നെ മറ്റു സ്റ്റേജുകളില്‍ ബിസിനസ്സ് സെമിനാറും മതപ്രഭാഷണങ്ങളും നടത്തുവാനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. അനന്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന സൗന്ദര്യ മത്സരവും ബാങ്ക്വറ്റും ശ്വേതാ മോഹന്റെയും വിധുപ്രതാപിന്റെയും ഗാനമേളയും ഈ ദിവസത്തെ മുഖ്യ പരിപാടികളാണ്.

നാലുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു മഹാസമ്മേളനത്തില്‍ കേരളത്തനിമയാര്‍ന്ന ഗൃഹാതുരത്ത്വം സൃഷ്ടിക്കുന്ന ഭക്ഷണമായിരിക്കും വിളമ്പുക എന്നത് ഈ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്.

ഇരുനൂറോളം സന്നദ്ധസേവകര്‍ മുഴുവന്‍ സമയവും അതിഥികളുടെ സഹായത്തിനായി അണിനിരത്തിയിട്ടുണ്ട്. കണ്‍വന്‍ഷന്‍ നഗറില്‍ നടക്കുന്ന പരിപാടികള്‍ ക്ലോസ് സര്‍ക്യൂട്ട് ടിവിയില്‍ കൂടി തല്‍സമയം വലിയ സ്‌ക്രീനില്‍ കൂടി നിരന്തരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമെന്ന് ഡോ.മുരളീരാജന്‍ കൂട്ടി ചേര്‍ത്തു. ഈ മഹാസംരംഭത്തില്‍ ആയിരത്തില്‍ പരം അതിഥികള്‍ അമേരിക്കയുടെയും കാനഡായുടെയും നാനാഭാഗത്തും നിന്നും വന്നു ചേര്‍ന്ന് ഇത് ഒരു ഹിന്ദുമഹാസംഗമം ആയി മാറുമെന്ന് ഇതിന്റെ സംഘാടകര്‍ വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് രജിസ്‌ട്രേഷനും www.namaha.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ഡോ.മുരളീരാജനെ 703-459-5479 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.
കെ.എച്ച്.എന്‍‍.എ യുടെ മഹാസംഗമത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക