Image

ഈ സൗഹൃദത്തില്‍ നാം മാത്രം

Published on 18 May, 2018
ഈ സൗഹൃദത്തില്‍ നാം മാത്രം
ജാതി മത ഭേദമന്യേ എല്ലാവര്‍ക്കുമിടയില്‍ തളിര്‍ത്തു പൂക്കുകയും ആ സൗരഭ്യം ആസ്വദിക്കാന്‍ കഴിയുന്നതും സൗഹൃദങ്ങള്‍ക്കിടയിലാണ്. അങ്ങനെയുള്ള സൗഹൃദങ്ങളുടെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ നിറയുന്ന ഇടമാണ് കലാലയം. അവിടെ ജാതിയുടെ ഉച്ചനീചത്വങ്ങള്‍ ഒന്നും കടന്നു വരുന്നില്ല. 

ജെ.ടി.പി ഫിലിംസിന്റെ ബാനറില്‍ ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് നാം. വ്യക്തമായൊരു കലാലയ ചിത്രം. എല്ലാ കാലത്തും യുവജനങ്ങളുടെ ചിന്തകളുടെയും കാഴ്പ്പാടുകളുടെയും മാറ്റങ്ങളുടെ കാറ്റുവീശുന്നത് കലാലയങ്ങളിലാണ്. ഓരോ കാലത്തെയും യുവത്വത്തെ അത് അടയാളപ്പെടുത്തുന്നു. രാഷ്ട്രീയപരമായി വിവിധ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോള്‍ പോലും പൊതുവായ ആഘോഷപരിപാടികളിലും മറ്റും പിണക്കം മറന്ന് അവര്‍ തോളോടു തോള്‍ ചേര്‍ന്നു പോകുന്നത് കലാലയങ്ങളിലാണ്.

മലയാളത്തില്‍ നിരവധി ക്യാംപസ് ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പ്രണയമില്ലാത്ത ക്യാംപസ് ചിത്രങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ കൂടി ഒരു പക്ഷേ നമുക്ക് കഴിഞ്ഞെന്നു വരില്ല. പക്ഷേ നാം എന്ന ചിത്രം പ്രണയത്തേക്കാളുപരി മറ്റു പല പ്രസക്തമായ വിഷയങ്ങളുമാണ് ഇതില്‍ കാണിക്കാന്‍ ശ്രമിക്കുന്നത്. കോളേജ് കാലമാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. പല സ്ഥലത്തു നിന്നും വന്നവര്‍ ഒരുമിച്ചു കൂട്ടുകൂടുന്നു. അവര്‍ക്കിടയില്‍ ശക്തമാകുന്ന സൗഹൃദം..അപ്രതീക്ഷിതമായി ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍, പിന്നെ സൗഹൃദത്തിന്റെ ഇഴയടുപ്പം ശക്തമാകുന്നു. ഇങ്ങനെയാണ് ആദ്യ പകുതി കടന്നു പോകുന്നത്. 

ഇവരുടെ സൗഹൃദം കലാലയത്തിന്റെ മതില്‍ക്കെട്ടുകള്‍ക്ക് വെളിയിലേക്കും പോകുന്നു. എന്നാല്‍ അവിചാരിതമായി ഉടലെടുക്കുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളും സൗഹൃദത്തിനു വിള്ളല്‍ വീഴ്ത്തുന്നു. ഒരു തെളിനീരുറവ പോലെ ഒഴുകിയിരുന്ന സൗഹൃദം അതിന്റെ നിറം നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍ ഒരു ദുരന്തം സംഭവിക്കുന്നു. ഇത് എല്ലാവരേയും വീണ്ടും ഒരുമിപ്പിക്കുന്നു.

രണ്ടാം പകുതിയില്‍ എല്ലാവരും പൊതുവായ ഒരു കാര്യത്തിനു വേണ്ടി ശക്തമായി നിലകൊള്ളുകയാണ്. കൂട്ടുകാര്‍ അതില്‍ വിജയിക്കുമോ, അതോ പരാജയപ്പെടുമോ, ഇതാണ് പിന്നീടുള്ള കഥ പറയുന്നത്. രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, തമ്പി ആന്റിണി, ശബരീഷ് വര്‍മ്മ, ഗായത്രി, സൈജു കുറുപ്പ്, ടോണി ലൂക്ക്, അജയ് മാത്യു, അദിതി രവി, മറീന മിഷേല്‍, അഭിഷേക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍, ടൊവീനോ, വിനീത് ശ്രീനിവാസന്‍ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യം ടൊവീനോ എത്തുന്നത് കൈയ്യടി നേടുന്നുണ്ട്. കഥയുടെ അവസാനം ഗൗതം മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ കഥാപാത്രങ്ങളുടെ പ്രവേശം തികച്ചും സസ്‌പെന്‍സ് സമ്മാനിക്കുന്നു. അവസാനം മറ്റൊരു സസ്‌പെന്‍സ് കൂടി പ്രേക്ഷകര്‍ക്കായി സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്. 

സൗഹൃദത്തിന്റെ നിറക്കൂട്ടുകള്‍ മാത്രമല്ല, സമകാലീന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ യാഥാര്‍ഥ്യങ്ങളുടെ ചില പൊള്ളുന്ന അനുഭവങ്ങള്‍ കൂടിയാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. 

യുവതാരങ്ങളെല്ലാം തന്നെ തികച്ചും സ്വാഭാവികമായ രീതിയില്‍ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. കലാലയ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം എന്ന് വേണമെങ്കില്‍ പറയാം. സ്‌കീനില്‍ ക്യാംപസ് ജീവിതം അവര്‍ വീണ്ടെടുക്കുകയായിരുന്നു. ഹോസ്‌ററല്‍ വാര്‍ഡന്‍മാരായി രഞ്ജി പണിക്കരും തമ്പി ആന്റണിയും കസറിയിട്ടുണ്ട്.

മികച്ച ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ശബരീഷ് വര്‍മ്മയുടെ ഗാനങ്ങളും അശ്വിനും സന്ദീപും ചേര്‍ന്നു നല്‍കിയ ഈണവും പുതിയ കാലത്തെ യുവജനങ്ങള്‍ക്ക് ഇഷ്ടപ്പെടും വിധം രൂപപ്പെടുത്തിയിരിക്കുന്നു. ഏതായാലും കുറേ നാളുകള്‍ക്കു ശേഷം മനസു നിറഞ്ഞ് ആസ്വദിച്ചു കാണാന്‍ കഴിയുന്ന ഒരു ക്യാംപസ് ചിത്രമാണ് നാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക