Image

അറുപതാണ്ടിന്റെ വീര്യമുള്ള കാപ്പിക്കഥ (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 19 May, 2018
അറുപതാണ്ടിന്റെ വീര്യമുള്ള കാപ്പിക്കഥ  (മീട്ടു റഹ്മത്ത് കലാം)
മെയ് 1. ലോകതൊഴിലാളിദിനം.
തൊഴിലാളിയും മുതലാളിയും ഒന്നായി മാറുന്ന ഇന്ത്യന്‍ കോഫീഹൗസ് ആരംഭിച്ചിട്ട് ഇത് 60ാം വര്‍ഷം. പ്രണയവും രാഷ്ട്രീയവും കുടുംബബന്ധവും സൗഹൃദവും ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ്മകളും ഇഴപിരിയാത്ത വേദിയായി മലയാളി ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ കോഫീഹൗസിന്റെ അകക്കാമ്പിലൂടെ ഒരു യാത്ര.


''എനിക്കൊരു കോഫി കുടിച്ചേ തീരൂ. ഞാന്‍ ഇന്ത്യന്‍ കോഫി ഹൗസില്‍ കയറി. അവിടെയിരുന്നു കോഫി കുടിക്കുമ്പോള്‍ കോളേജ് ദിനങ്ങള്‍ ഒരിളം മഞ്ഞുകാറ്റുപോലെ എന്റെ ഓര്‍മ്മയെ തഴുകിപ്പോയി. എന്റെ സാഹിത്യമോഹങ്ങള്‍ക്ക് വേരുപിടിക്കുന്നത് ഇവിടെവച്ചായിരുന്നു. 

മഞ്ഞവെയില്‍ മരണങ്ങള്‍(ബെന്യാമിന്‍)

മിഥ്യയെ യാഥാര്‍ത്ഥ്യമെന്ന് തോന്നുംവിധം ചുരുങ്ങിയ വാക്കുകള്‍ക്കൊണ്ട് ചെത്തിയൊതുക്കാന്‍ എഴുത്തുകാരന് സാധിച്ചത് 'ഇന്ത്യന്‍ കോഫി ഹൗസ്' എന്ന ഗൃഹാതുരത കുത്തിനിറച്ച പ്രയോഗത്തിലൂടെയാണ്. അനുഭവിച്ചറിഞ്ഞ് മനസ്സില്‍ പതിഞ്ഞ കാഴ്ചകളുടെ കൊളാഷ് പുനഃസൃഷ്ടിക്കാന്‍ കഴിയുന്ന മാസ്മരികതയുണ്ട് 'കോഫി ഹൗസ്' എന്ന വാക്കിന്. ചുവരില്‍ കാണുന്ന മുന്‍കാല നേതാക്കളുടെ ചിത്രങ്ങളിലെ അലസമായ ഭാവം , ക്രിയാത്മകത ഉണര്‍ത്തുന്ന ഒന്നാണ്. കാപ്പിക്കറ പേറുന്ന പൊളിഞ്ഞു തുടങ്ങിയ ഇരിപ്പിടങ്ങളും മേശകളും കാതോര്‍ത്താല്‍ അനവധി കഥകള്‍ പറയുന്നത് കേള്‍ക്കാം. സ്വാതന്ത്ര്യത്തിന്റെയും വിഭജനത്തിന്റെയും അടിയന്തരാവസ്ഥക്കാലത്തിന്റെയും താടിയും മീശയുമുള്ള ബുദ്ധിജീവി കഥകള്‍ മാത്രമല്ല. ഇണക്കങ്ങളും പിണക്കങ്ങളും ചൂടുപകര്‍ന്ന സൗഹൃദങ്ങളുടെയും പ്രണയങ്ങളുടെയും ജയപരാജയങ്ങളുടെ ജീവന്‍ തുടിക്കുന്ന ശേഷിപ്പുകളും ഇവിടെ തങ്ങിനില്‍പ്പുണ്ട്. കോല്‍ക്കത്തയില്‍ ടാഗോര്‍, സത്യജിത്ത് റേ , മന്നാഡെ തുടങ്ങിയവരുടെ ചര്‍ച്ചകള്‍ക്ക് വേദി ആയെങ്കില്‍ കേരളത്തില്‍ ബഷീറും തകഴിയും അഴീക്കോടും മുതല്‍ പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സുരേഷ്‌കുമാര്‍ തുടങ്ങിയവരുടെ ഓര്‍മ്മക്കൊട്ടാരത്തിന്റെയും അടിത്തറ ഇന്ത്യന്‍ കോഫി ഹൗസ്(ഐ.സി.എച്ച്) ഊട്ടി ഉറപ്പിച്ചതാണ്.

ചരിത്രത്താളുകളിലൂടെ

പതിനെട്ടാം നൂറ്റാണ്ടില്‍ പ്രാദേശിക മാര്‍ക്കറ്റില്‍ കാപ്പിക്കുരുവിന് സ്വീകാര്യത ലഭിക്കാനാണ് ബ്രിട്ടീഷുകാര്‍ കോഫി ഹൗസുകള്‍ സ്ഥാപിച്ചു തുടങ്ങിയത്. 1938 മുതലാണ് പാശ്ചാത്യ നാടിന്റെ ഈ സംസ്‌ക്കാരം ഭാരതത്തിന്റെ ഭാഗമായത്. ആഭ്യന്തര ഉപയോഗവും ഉത്പാദനവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോഫി ബോര്‍ഡുകള്‍ വന്നെങ്കിലും തൊഴിലാളികളെ നുകത്തിനിടയില്‍ ചതയ്ക്കുന്ന വിദേശഭരണം €േശകരമായിരുന്നു. സ്വാതന്ത്ര്യാനന്തരവും അവരുടെ ജീവിതരീതിയില്‍ മെച്ചമുണ്ടായില്ലെന്ന് മാത്രമല്ല, 43 എണ്ണമായി വളര്‍ന്ന സ്ഥാപനശൃംഖല പൂട്ടാനുള്ള പ്ലാന്റേഷന്‍ എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നു. ആയിരക്കണക്കിനാളുകളെ തൊഴിലില്ലാതെ തെരുവിലേക്ക് വലിച്ചെറിഞ്ഞ ഉത്തരവിനെതിരെ പാവങ്ങളുടെ പടത്തലവനായ സഖാവ് എ.കെ.ഗോപാലന്‍ നടത്തിയ പോരാട്ടം ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് രൂപംകൊടുത്തു. 
കോഫിഹൗസ് നിലച്ചു പോയാലുളള ഭവിഷ്യത്തുക്കള്‍ എ.കെ.ജി ഡല്‍ഹിയില്‍ ചെന്ന് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ശ്രദ്ധയില്‍പെടുത്തി. അദ്ദേഹത്തിന്റെ പിന്തുണയോടെ ഡല്‍ഹിയിലും തുടര്‍ന്നുള്ള വര്‍ഷം കേരളത്തിലും ഇന്ത്യന്‍ കോഫി ഹൗസ് എന്ന ബോര്‍ഡ് ഉയര്‍ന്നു. ജനകീയ ബ്രാന്‍ഡ് ആയുള്ള അതിന്റെ വളര്‍ച്ചയാണ് പിന്നീട് കണ്ടത്. വിദേശഭരണത്തിനു കീഴില്‍ ശബ്ദമുയര്‍ത്താതിരുന്ന തൊഴിലാളികളില്‍ തെറ്റുകണ്ടാല്‍ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യബോധം ഉണ്ടാക്കിയ സംഭവമായാണ് ചരിത്രരേഖകളില്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ സ്ഥാനം.

തൊഴിലാളി തന്നെ മുതലാളി

ഏവരെയും ആകര്‍ഷിക്കുന്ന വേഷവിധാനവുമായാണ് കോഫി ഹൗസില്‍ ഭക്ഷണം വിളമ്പുന്നത്. കുട്ടികളുടെ ഉള്ളിലത് കൗതുകം നിറയ്ക്കുമ്പോള്‍ വൈരുദ്ധ്യങ്ങളായ ചോദ്യങ്ങളാണ് മുതിര്‍ന്നവരുടെ മനസ്സില്‍ ഉണ്ടാവുക. ഗാന്ധിത്തൊപ്പിയും തലപ്പാവും ചുവപ്പും പച്ചയും നിറങ്ങളിലുള്ള വെല്‍വെറ്റ് ബെല്‍റ്റും വെളുത്ത യൂണിഫോമും ജന്മിത്തത്തിന്റെ അടയാളങ്ങളാണ്. മുതലാളിക്ക് മാത്രം അവകാശപ്പെട്ട വേഷം തൊഴിലാളിക്കും ചേരുമെന്നാണ് ഇതിലൂടെ തെളിയുന്നത്. തൊഴിലാളിയുടെ ചോരയും വിയര്‍പ്പും ചെറിയ സമ്പാദ്യവും മൂലധനമാക്കി കെട്ടിപ്പടുത്ത പ്രസ്ഥാനത്തില്‍ മുതലാളി  തൊഴിലാളി വ്യത്യാസമില്ല. മാനേജര്‍ കസേരയില്‍ ഇരുന്ന് കാശ് എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയില്‍ കോട്ടയം ശാസ്ത്രീ റോഡിനടുത്തുളള കോഫിഹൗസിലെ റെജി ഐപ്പ് കൂടുതല്‍ വിവരങ്ങളിലേക്ക് കടന്നു : '' ഇന്ന് ഞാന്‍ ഇരിക്കുന്ന കസേരയില്‍ ഇപ്പോള്‍ ക്ലീനിംഗിനു നില്‍ക്കുന്ന സാബു ആയിരിക്കാം നാളെ. അതിന്റെ അടുത്ത ദിവസം പാത്രം കഴുകലാകും എന്റെ ജോലി. യഥാര്‍ത്ഥ സോഷ്യലിസം നടപ്പാക്കുന്ന ഒരേയൊരു പ്രസ്ഥാനമാണിത്. ഓരോ ഷിഫ്റ്റിലെയും ജീവനക്കാര്‍ തങ്ങള്‍ക്ക് ടിപ്പ് കിട്ടുന്ന തുക പോലും തുല്യമായി വീതിച്ചെടുക്കും. ഏതു ജോലിക്കും അതിന്റെ മാന്യതയുണ്ടെന്ന ബോധ്യം കൊണ്ട് അതേറ്റവും ഭംഗി ആക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക. മാനേജര്‍ക്കും കഌനര്‍ക്കും ഒരേ വേതനം കൊടുക്കുന്ന വേറൊരു സ്ഥാപനം കാണുമോ? '' ആ സംസാരത്തില്‍ ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരനെന്നതിലെ അഭിമാനം ജ്വലിച്ചു.

പരസ്യമായ ചില അടുക്കളരഹസ്യങ്ങള്‍

അരനൂറ്റാണ്ടായി ജനങ്ങളുടെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്താന്‍ കോഫി ഹൗസുകള്‍ക്ക് സാധിച്ചതിനു പിന്നിലുമുണ്ട് ചില രഹസ്യങ്ങള്‍. അനുകരണാതീതമായ ചിട്ടവട്ടങ്ങളും രസക്കൂട്ടുകളും ഏതു നാട്ടിലെ കോഫി ഹൗസിലെ രുചിയേയും ഒരുപോലെ തോന്നിപ്പിക്കും. കാലങ്ങളായി ഒരേ രുചി നുണയാന്‍ തലമുറകള്‍ക്ക് സാധിക്കുന്നതിനു പിന്നിലെ സത്യം തൃശൂര്‍ ഇന്ത്യന്‍ കോഫി ഹൗസ് സംഘത്തിന്റെ പ്രസിഡന്റ് കൃഷ്ണപ്രസാദ് വിവരിച്ചു : 
'' തനത് രുചി നിലനിര്‍ത്തുന്നതിന് ചില പൊടിക്കൈകളുണ്ട്. എത്ര വിദഗ്ദ്ധരായ പാചകക്കാരായാലും കോഫി ഹൗസിന്റെ ഭാഗമാകാന്‍ പ്രത്യേക പരിശീലനം നല്‍കും. ഭര്‍തൃഗൃഹത്തിലെത്തുന്ന നവവധുവിന് ആ വീട്ടിലെ രീതികള്‍ അമ്മായിയമ്മ പറഞ്ഞുകൊടുക്കും പോലെ നിലവിലുള്ള പാചകക്കാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കും. അടുക്കളക്കാര്യങ്ങളെക്കുറിച്ച് പൂര്‍ണ്ണ ഗ്രാഹ്യമായെന്ന് ആത്മവിശ്വാസം ഉണ്ടാകും വരെ പച്ചക്കറി അരിഞ്ഞും ഭക്ഷണം വിളമ്പിയും സഹായി ആയി നിര്‍ത്തും. മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്കാണ് ജോലി നല്‍കുക. 58 വയസ്സ് വരെ ജോലിയില്‍ തുടരാം. അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ ഇല്ല. സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണമെന്ന പഴയ നിയമം ഇപ്പോഴും പിന്തുടരുന്നുണ്ട്.'' 
രസക്കൂട്ടുകളെക്കുറിച്ച് അദ്ദേഹം വീണ്ടും വാചാലനായി : '' മുളക്, മഞ്ഞള്‍, മല്ലി, മസാല എല്ലാം ഇവിടെ തന്നെ ഉണക്കി വറുത്ത് പൊടിച്ചതാണ്. കോഫി ഹൗസിന്റെ അനുപമമായ കാപ്പിയുടെ രുചി, തിരഞ്ഞെടുത്ത കാപ്പിക്കുരു പൊടിച്ച് ഉടനടി ഉണ്ടാക്കുന്നതും ചിക്കറി പോലുള്ള കലര്‍പ്പുകള്‍ ഇല്ലാത്തതുകൊണ്ടുമാണ്. ഉത്പാദനത്തോടൊപ്പം വിപണനവും ഉണ്ട്. സോസുകള്‍ അടക്കം ഒന്നും തന്നെ പുറത്തുനിന്ന് വാങ്ങിയവയോ ഫുഡ് കളര്‍ ചേര്‍ത്തതോ അല്ല. പച്ചക്കറി, മല്‍സ്യം. മാംസം എന്നിവ അതത് ദിവസങ്ങളില്‍ വാങ്ങി ഉപയോഗിക്കുന്ന പതിവിനും മാറ്റം വരുത്തില്ല. പാകം ചെയ്ത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ലെന്ന നിബന്ധനയും പാലിക്കും. ചെമ്പുപാത്രങ്ങള്‍ മാത്രമാണ് പാചകത്തിന് ഉപയോഗിക്കുക. അലുമിനിയവും സ്റ്റീലും ആരോഗ്യത്തിന് ദോഷമുണ്ടാക്കുകയും രുചിയില്‍ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യും. ജി.എസ്.ടി ഈടാക്കുന്നില്ലെന്നതാണ് ഞങ്ങളുടെ മറ്റൊരു പ്രത്യേകത.'' വിശ്വാസമര്‍പ്പിച്ചു കഴിക്കാനെത്തുന്നവരോടുള്ള കരുതലാണ് ജീവനക്കാരുടെ ഓരോ നീക്കത്തിലും പ്രകടമാകുന്നത്.

തീന്‍മേശയിലെ താരങ്ങള്‍

അത്യാധുനിക സൗകര്യമുള്ള വന്‍കിട ഹോട്ടലുകള്‍ക്ക് നേടിയെടുക്കാന്‍ കഴിയാത്ത വിശ്വാസം കോഫി ഹൗസുകള്‍ സ്വന്തമാക്കി എന്നതിന് പതിവുകാര്‍ തന്നെയാണ് തെളിവ്. പേരു സൂചിപ്പിക്കുന്നപോലെ വീട്ടിലിരുന്ന് കാപ്പി കുടിക്കുമ്പോള്‍ അനുഭവിക്കുന്ന സുഖം ഇവിടെ നിന്ന് ലഭിക്കും. ഉദ്യോഗസ്ഥര്‍ ദിനചര്യയുടെ ഭാഗമായാണ് ഇവിടെയെത്തി കാപ്പി കുടിക്കുന്നതും ബീറ്റ്‌റൂട്ട് ചേര്‍ത്ത മസാല ദോശയോ കട്‌ലെറ്റോ കഴിക്കുന്നതും. കമ്മ്യൂണിസ്റ്റ് അനുഭാവത്തിന്റെ പ്രതീകമായാണ് ദോശയുടെ മസാലയില്‍ പതിവുള്ള മഞ്ഞനിറത്തിനു പകരം ബീറ്റ്‌റൂട്ടിന്റെ ചുവപ്പ് പകര്‍ന്നതെന്ന തമാശയും പ്രചാരത്തിലുണ്ട്. കോഫി ഹൗസിന്റെ കയ്യൊപ്പായ ഇത്തരം വെജിറ്റേറിയന്‍ രുചികള്‍ക്കൊപ്പം ബീഫ് കറിയും ചില്ലി ചിക്കനുമൊക്കെ ഇന്ന് തീന്മേശകളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. മിതമായ വിലയില്‍ അജിനോമോട്ടോ പോലുള്ള ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ഭക്ഷണം രുചിയോടെ കഴിക്കാമെന്ന വിശ്വാസത്തോടെയാണ് സാധാരണക്കാരനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ കോഫി ഹൗസുകള്‍ തേടി ആളുകള്‍ എത്തുന്നത്. അവരെ സ്വീകരിക്കുന്നതാകട്ടെ , അതിഥിയെ ദൈവമായി കാണാന്‍ പഠിപ്പിച്ച ഭാരതീയ സംസ്‌കാരം ഉള്‍ക്കൊണ്ട കൂട്ടായ്മയും. ജീവനക്കാരുടെ മനസ്സ് സംതൃപ്തമാകുന്നത് പ്രവര്‍ത്തനക്ഷമത കൂട്ടുമെന്ന അടിസ്ഥാന തത്വം പ്രാവര്‍ത്തികമാക്കിയതും കോഫി ഹൗസിന്റെ വിജയരഹസ്യങ്ങളില്‍ ഒന്നാണ്. തുല്യവും മാന്യവുമായ വേതനത്തോടൊപ്പം മകന്റെയോ മകളുടെയോ വിദ്യാഭ്യാസ ചെലവ്, മറ്റ് ആനുകൂല്യങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സമാനമായ പെന്‍ഷന്‍ സ്‌കീമുകള്‍ എല്ലാമായി താങ്ങായി പ്രസ്ഥാനം ഉണ്ടെന്ന ധൈര്യം ജീവനക്കാരുടെ കൂറ് കൂട്ടുന്നത് കണ്ടു പഠിക്കാവുന്ന മാതൃകയാണ്.എട്ടുമണിക്കൂറാണ് ഡ്യൂട്ടി സമയം. ഷിഫ്റ്റായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് ജോലിയുടെ അമിതഭാരവും ഉണ്ടാകുന്നില്ല.''
മഹത്തായ സേവനം കാഴ്ചവയ്ക്കുന്ന ഈ പ്രസ്ഥാനത്തില്‍ കാലമേറെ പിന്നിട്ടിട്ടും പേരിനുപോലും ഒരു സ്ത്രീ പ്രതിനിധി ഇല്ലാത്തതിന്റെ കാരണം തിരക്കിയപ്പോള്‍ ചിരിയോടെ കിട്ടിയ മറുപടി ഇതാണ് : ''അമ്മ , ഭാര്യ, സഹോദരി , മകള്‍ അങ്ങനെ ജീവനക്കാരുടെ ഉറ്റവരായ സ്ത്രീകളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ത്യാഗവും എന്നും ഞങ്ങളുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാണ്. അസമത്വത്തിന്റെ ഭാഗമായോ വേര്‍തിരിവുകൊണ്ടോ ഒന്നുമല്ല സ്ത്രീ പ്രതിനിധി ഇല്ലാത്തതിന് പിന്നില്‍. വരും വര്‍ഷങ്ങളില്‍ മാറ്റം വന്നുകൂടായ്കയുമില്ല.''

പടര്‍ന്നു പന്തലിച്ച ശാഖകള്‍ 

ഇന്ത്യയിലാകെ പതിമൂന്നു സംഘങ്ങള്‍ക്ക് കിഴില്‍ 400 കോഫി ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ രണ്ടു സംഘങ്ങളുടെ നിയന്ത്രണത്തിലായി 72 കോഫി ഹൗസുകളാണ് നിലവിലുള്ളത്. വിവിധ ശാഖകളിലായി 2500 ജീവനക്കാരുണ്ട്. കണ്ണൂര്‍ ആസ്ഥാനമായ സംഘത്തിനു കീഴില്‍ ( പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെ) 20 ശാഖകളും തൃശൂര്‍ ആസ്ഥാനമായ സംഘത്തിനു കീഴില്‍ ( ഗുരുവായൂര്‍ മുതല്‍ തിരുവനന്തപുരം വരെ ) 52 ശാഖകളും സേവന തല്‍പരതയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു. ലാറി ബെക്കര്‍ രൂപകല്‍പന ചെയ്ത തമ്പാനൂരുള്ള കോഫി ഹൗസും എയര്‍കണ്ടീഷന്‍ഡ് സ്യൂട്ടുകളുള്ളവയും തികച്ചും വ്യത്യസ്ത അനുഭവം പകരും. അത്യാധുനിക സൗകര്യങ്ങളോടെ പന്ത്രണ്ടു കോടി രൂപ ചിലവിട്ട് നാല്പത് സെന്റ് സ്ഥലത്ത് കണ്ണൂര്‍ ധര്‍മ്മശാലയില്‍ ആരംഭിച്ചിരിക്കുന്ന കോഫി ഹൗസ് സമുച്ചയം ഒരു നാഴികക്കല്ലാണ്. ഇത്തരം നൂതന പദ്ധതികളിലൂടെ പൂര്‍വാധികം ശക്തിയോടെ പുതിയ പടവുകള്‍ താണ്ടി ജൈത്രയാത്ര തുടരുകയാണ് ഇന്ത്യന്‍ കോഫി ഹൗസ് എന്ന മഹത്പ്രസ്ഥാനം.


കോഫി ഹൗസ് സ്‌പെഷ്യല്‍ മസാല ദോശ 

ആവശ്യമുള്ള സാധനങ്ങള്‍ 
ബീറ്റ്‌റൂട്ട് രണ്ട് 
ഉരുളക്കിഴങ്ങ് മൂന്ന് 
കാരറ്റ്  ഒന്ന് 
സവാള  ഒന്ന് 
പച്ചമുളക്  മൂന്ന് 
ഇഞ്ചി  ഒരു കഷണം 
വെളുത്തുള്ളി  മൂന്ന് അല്ലി 
മഞ്ഞള്‍പൊടിഅര ടീസ്പൂണ്‍ 
ഉപ്പ്  പാകത്തിന് 
വെള്ളം  ഒന്നര കപ്പ് 
എണ്ണ  മൂന്ന് ടീസ്പൂണ്‍ 
കടുക്  അര ടീസ്പൂണ്‍ 
ഉഴുന്നുപരിപ്പ്  കാല്‍ ടീസ്പൂണ്‍ 
കറിവേപ്പില  ഒരു തണ്ട് 

പാകം ചെയ്യുന്ന വിധം 
കഴുകി വച്ചിരിക്കുന്ന ബീറ്റ്‌റൂട്ടും ക്യാരറ്റും കിഴങ്ങും പ്രഷര്‍ കുക്കറില്‍ മൂന്ന് വിസില്‍ കേള്‍ക്കും വരെ വേവിക്കുക. ചൂടാറിയ ശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചു മാറ്റിവയ്ക്കാം. ഈ നേരം എണ്ണയില്‍ കടുകും ഉഴുന്നുപരിപ്പും കറിവേപ്പിലയും താളിക്കാം. ഒന്ന് ഇളക്കിയ ശേഷം പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ഇതിലേക്ക് ചേര്‍ത്ത് വഴന്നു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. ഉടച്ചു വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ടും മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും കൂടി ചേര്‍ത്ത് മസാലയുടെ പരുവം ആകുംവരെ വേവിക്കാം.
ചൂടായ തവയില്‍ എണ്ണ തടവി മാവൊഴിച്ച് പരമാവധി കനം കുറച്ച് തവികൊണ്ട് വട്ടത്തില്‍ പരത്തുക. ഒരു വശം വേകുമ്പോള്‍ പുറമേ എണ്ണ തടവി , തയ്യാറാക്കിയ മസാലക്കൂട്ടില്‍ നിന്ന് ഒരു സ്പൂണ്‍ ദോശയുടെ ഉള്ളില്‍ വച്ച് ത്രികോണാകൃതിയില്‍ മടക്കുക. ഇന്ത്യന്‍ കോഫി ഹൗസ് സ്‌പെഷ്യല്‍ മസാല ദോശ തയ്യാര്‍.

മീട്ടു റഹ്മത്ത് കലാം.ഫോട്ടോ തമ്പാന്‍ പി. വര്‍ഗീസ് 

കടപ്പാട്: മംഗളം 

Join WhatsApp News
Joseph 2018-05-19 05:51:31
മീട്ടുവിന്റെ ഈ ലേഖനം പുതുമ നിറഞ്ഞതും വളരെയധികം വിജ്ഞാനപ്രദവുമാണ്. ലളിതമായ ഭാഷയിൽ ആരെയും മുഷിപ്പിക്കാതെ കാര്യങ്ങൾ വിവരിച്ചുകൊണ്ട് ഗവേഷണ കൗതുകത്തോടെ തയ്യാറാക്കിയ ഈ ലേഖനം ചരിത്രത്തിന്റെ ഒരു നറുക്കെന്നും പറയാം. നീണ്ട ഒരു ലേഖനമായിരുന്നെങ്കിലും വായിച്ചു തീർന്നതറിഞ്ഞില്ല.

എന്റെ കോളേജ് ജീവിതത്തിലെ നാലഞ്ചു വർഷം കോഫീ ഹൌസുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ പഴം പൊരിയുടെയും കട്ട്-ലെറ്റിന്റെയും സ്വാദ് ഇന്നും നാക്കിന്റെ തുമ്പത്തുണ്ട്. കോഫീ തന്നെ പ്രത്യേക രുചിയോടെയുള്ളതായിരുന്നു. കൂട്ടുകാരുമൊത്ത് മണിക്കൂറുകൾ ചാറ്റ് ചെയ്ത കഴിഞ്ഞ കാലങ്ങളെപ്പറ്റിയും ഓർമ്മവന്നു. 

ഇന്ത്യൻ കോഫീ ഹൌസിനു ഇങ്ങനെ സുദീർഘമായ ഒരു ചരിത്രമുണ്ടെന്ന വസ്തുത അറിയില്ലായിരുന്നു. ഏ.കെ. ഗോപാലനെപ്പറ്റി ഞാൻ എഴുതിയ ലേഖനത്തിൽ ഇന്ത്യൻ കോഫീ ഹൌസിന്റെ സ്ഥാപന ചരിത്രത്തെപ്പറ്റിയും പരാമർശിച്ചിരുന്നു. അമേരിക്കയിൽ ഇപ്പോൾ ടൂർ നടത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ യുവ നേതാവ് ശ്രീ ബൽറാം ശ്രീ എ.കെ. ഗോപാലനെ നിന്ദിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന നടത്തിയിരുന്നു. അദ്ദേഹത്തിൻറെ വിവരക്കേടുകൾ പിന്നീട് ചരിത്രം വായിച്ചെങ്കിൽ മനസിലാക്കിക്കാണും. 

ചെണ്ടമേളങ്ങളോടെ ബൽറാമിനെ എഴുന്നള്ളിച്ചുകൊണ്ടുള്ള ടെക്‌സാസ് മലയാളികളുടെ സ്വീകരണ ഫോട്ടോകൾ ഈ മലയാളിയിൽ കണ്ടിരുന്നു. എന്നാൽ എ.കെ. ഗോപാലൻ എക്കാലവും ജീവിച്ചിരുന്നത് പാവങ്ങളോടും തൊഴിലാളികളോടൊപ്പവുമായിരുന്നു.

തികച്ചും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ,സമത്വ ഭാവനയോടെ ഒരു വ്യവസായ സംരംഭത്തിന് തുടക്കമിട്ട ശ്രീ എ.കെ. ഗോപാലനെ തൊഴിലാളി വർഗത്തിന് കൃതജ്ഞതയോടെ മാത്രമേ ഓർമ്മിക്കാൻ സാധിക്കുള്ളൂ. മുതലാളിയും തൊഴിലാളിയും ഒന്നായിട്ടുള്ള സ്ഥാപനം ചൈനയിൽപ്പോലും കാണുമെന്ന് തോന്നുന്നില്ല.

കോഫീ ഹൌസിലെ ജോലിക്കാരുടെ തലപ്പാവ് മുതലുള്ള വേഷങ്ങളുടെ വിവരണവും അതിന്റെ ചരിത്രവും ലേഖനം വായിച്ചപ്പോഴാണ് മനസിലായത്. നീണ്ട കാലം കോഫീ ഹൌസിൽ കോഫീ കുടിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും ആരും ഈ ചരിത്രം പറഞ്ഞിട്ടില്ലായിരുന്നു. വിഞ്ജാനപ്രദമായ നല്ലയൊരു ലേഖനം കാഴ്ച്ച വെച്ച ലേഖികയെ അഭിനന്ദിക്കുന്നു. 
നാരദന്‍ -from Houston 2018-05-19 18:38:18
ചെണ്ട മേളം വേണം എന്നില്ല, മലയാളി എപ്പോഴും കഴുതയെ പോലെ ആണ് . എപ്പോഴും എന്തെങ്കിലും ഭാരം ചുമന്നു കൊണ്ട് നടക്കണം. വര്‍ഗ്ഗീയന്‍ ട്രുംപിനെ ചുമക്കുന്നത് കണ്ടില്ലേ, അര്ടികില്‍ എഴുതുന്നവന്‍ തന്നെ പല പേരില്‍ അവനെ പുകഴ്ത്തി എഴുതും. ഇതുപോലെ ഒരു അവശ്യം ഇല്ലാത്ത എത്ര ജീവികള്‍ ഇ ഭൂമിയില്‍ ഉണ്ട് എന്ന് അറിയാമല്ലോ.
സരസന്‍ 2018-05-19 18:47:27
ഈനാംപേച്ചിക്ക് മരപ്പട്ടിയുടെ കൂട്ട്
അതല്ലേ മലയാളികളുടെ മുദ്രാവാക്യം പ്രതേകിച്ചും അമേരിക്കന്‍ മലയാളികളുടെ  അതില്‍ ഉപരി ഹൂസ്ടന്‍ മലയാളികള്‍.
എല്ലാ പുങ്കന്മാരുടെയും തലസ്ഥാനം അല്ലേ ഹൂസ്ടന്‍ , പിന്നെ സാഹിത്യ ലോകത്തിന്റെയും  അല്ലേ നാരദ 

vincent emmanuel 2018-05-21 14:21:23
In the 70s this was a good organisation. I did had lunch in trivandrum inside the MLA hostel, Indian coffee house. Dirty uniforms, Dirty tables, water leaking floors and somewhat good service in a very dirty environment. If that is what you  expect , it  is fine.But in reality, there is should be a boss for everything.It is called accountability. socilalism is a good thing in the books but it never works in a real sense.

Oommen 2018-05-21 21:32:01
Vincent, you are very right about the dirty uniform, surroundings and the fallacy of socialism.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക