Image

വിശ്വാസവോട്ടെടുപ്പ്‌ എല്ലാമാധ്യമങ്ങള്‍ക്കും ലൈവായി നല്‍കണമെന്ന്‌ യെദ്യൂരപ്പ സര്‍ക്കാറിനോട്‌ കോടതി

Published on 19 May, 2018
വിശ്വാസവോട്ടെടുപ്പ്‌ എല്ലാമാധ്യമങ്ങള്‍ക്കും ലൈവായി നല്‍കണമെന്ന്‌ യെദ്യൂരപ്പ സര്‍ക്കാറിനോട്‌ കോടതി
യൂദല്‍ഹി: കര്‍ണാടകയിലെ വിശ്വാസവോട്ടെടുപ്പ്‌ എല്ലാ മാധ്യമങ്ങളും തല്‍സമയം സംപ്രേഷണം ചെയ്യാനുള്ള സൗകര്യം ചെയ്‌തു നല്‍കണമെന്ന്‌ സുപ്രീം കോടതി. കോണ്‍ഗ്രസ്‌ജെ.ഡി.എസ്‌ സഖ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ്‌ കോടതി ഉത്തരവ്‌.

വിശ്വാസ വോട്ടെടുപ്പ്‌ പ്രാദേശിക ചാനല്‍ ലൈവായി നല്‍കുമെന്നായിരുന്നു കോടതിയില്‍ യെദ്യൂരപ്പ സര്‍ക്കാറിന്റെ വാദം. ഇതുകേട്ടയുടന്‍ ഇത്‌ നല്ല തീരുമാനമാണെന്നും അങ്ങനെയെങ്കില്‍ ഒരു ചാനലിന്‌ മാത്രമായി നല്‍കരുതെന്നും എല്ലാ ചാനലുകള്‍ക്കും നല്‍കണമെന്നും സുതാര്യത ഉറപ്പുവരുത്താന്‍ അത്‌ സഹായിക്കുമെന്നും കോണ്‍ഗ്രസിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.

ഈ വാദം അംഗീകരിച്ച കോടതി എല്ലാ മാധ്യമങ്ങള്‍ക്കും ലൈവായി നല്‍കാന്‍ സൗകര്യം ചെയ്‌തുകൊടുക്കണമെന്ന്‌ ബി.ജെ.പി സര്‍ക്കാറിന്‌ നിര്‍ദേശം നല്‍കുകയായിരുന്നു.
അതേസമയം പ്രൊട്ടൈം സ്‌പീക്കറെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്‌ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഹര്‍ജിയില്‍ പ്രൊട്ടൈം സ്‌പീക്കര്‍ക്ക്‌ നോട്ടീസ്‌ നല്‍കണമെന്നും അദ്ദേഹത്തിന്റെ മറുപടി കേള്‍ക്കാതെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്‌.

അങ്ങനെയെങ്കില്‍ വിശ്വാസ വോട്ടെടുപ്പ്‌ നീട്ടേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ്‌ ഇന്നു തന്നെ നടത്തണമെന്ന്‌ കോണ്‍ഗ്രസ്‌ നിലപാടെടുത്തു. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന്‌ കോടതിയെ കോണ്‍ഗ്രസ്‌ അറിയിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക