Image

വിശ്വാസ വോട്ടെടുപ്പിനു മുമ്പു യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

Published on 19 May, 2018
വിശ്വാസ വോട്ടെടുപ്പിനു മുമ്പു യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
വിശ്വാസ വോട്ടെടുപ്പിനു മുമ്പു യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഭൂരിപക്ഷം ഉറപ്പായില്ലെങ്കില്‍ മാന്യമായി രാജിവയ്ക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യെഡിയൂരപ്പയ്ക്കും കര്‍ണാടക ഘടകത്തിനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എമാരായ പ്രതാപ് ഗൗഡയും ആനന്ദ് സിങ്ങും നിയമസഭയില്‍ എത്തിയതോടെ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായിരുന്നു. ബെംഗളൂരുവിലെ ഹോട്ടലില്‍ ആയിരുന്ന പ്രതാപ് ഗൗഡ പൊലീസ് അകമ്പടിയോടെയാണ് സഭയില്‍ എത്തിയത്. ആനന്ദ് സിങ്ങിനെയും പ്രതാപ ഗൗഡയെയും ഗോള്‍ഡന്‍ ഫിഞ്ച് ഹോട്ടലില്‍ ബിജെപി പിടിച്ചുവച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടക ഡിജിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോട്ടലിലെത്തി. 

ബിജെപിക്ക് 104, കോണ്‍ഗ്രസിന് 78, ജെഡിഎസിന് 37, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കുകയും 117 അംഗങ്ങളോടെ മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിക്കുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം നല്‍കി.

കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചു. കോടതി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

111 എന്ന സംഖ്യ തികയ്ക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തില്‍നിന്ന് ചുരുങ്ങിയത് ഏഴ് എംഎല്‍എമാരെങ്കിലും ഒപ്പം നില്‍ക്കേണ്ടിയിരുന്നു. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടില്‍ എന്നീ കോണ്‍ഗ്രസ് അംഗങ്ങള്‍ അവസാന നിമിഷംവരെ ഏതു പക്ഷത്തെന്ന് ഉറപ്പിക്കാനാകാത്ത സ്ഥിതിയിലുമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക