Image

ബി.ജെ.പി.യുടെ പതനവും പ്രതിപക്ഷത്തിന്റെ ഐക്യവും കരുത്തും കര്‍ണ്ണാടകയില്‍ നിന്നോ? (ഡല്‍ഹികത്ത് :പി.വി.തോമസ്)

.പി.വി.തോമസ് Published on 21 May, 2018
ബി.ജെ.പി.യുടെ പതനവും പ്രതിപക്ഷത്തിന്റെ ഐക്യവും കരുത്തും കര്‍ണ്ണാടകയില്‍ നിന്നോ? (ഡല്‍ഹികത്ത് :പി.വി.തോമസ്)
കര്‍ണ്ണാടകയില്‍ ബി.ജെ.പി.യുടെയും മോഡി-ഷാ കമ്പനിയുടെയും കച്ചവടം പൊട്ടി മുന്‍ ആര്‍.എസ്.എസ്.കാരന്‍ ഗവര്‍ണ്ണറുടെ കള്ളക്കളിയും പൊളിഞ്ഞു. മുഖ്യമന്ത്രി യെദ്യൂരപ്പക്ക് രണ്ട് ദിവസത്തെ മുഖ്യമന്ത്രി പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

എന്താണ് കര്‍ണ്ണാടകയില്‍ നടന്നത്? എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ നിലവാരവും, പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെ, കാറ്റില്‍ പറത്തികൊണ്ടുള്ള പ്രജണ്ടമായ ഒരു കൊട്ടിഘോമായിരുന്നു അത്. എന്നിട്ടും ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചില്ല. പക്ഷെ, ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി.യെ ഗവര്‍ണ്ണര്‍ മന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിച്ചു. അവിടെ കോണ്‍ഗ്രസ്സും ജനതാദളും(എസ്സ്)ചേര്‍ന്നുള്ള തെരഞ്ഞെടുപ്പാനന്തര സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ഗവര്‍ണ്ണര്‍ തികഞ്ഞ പക്ഷാപാതം കാണിച്ചുകൊണ്ട് അതിനെ അവഗണിച്ചു. ഗവര്‍ണ്ണര്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും തീരുമാനിച്ചു(മെയ് 17). തലേന്ന് രാത്രി കോണ്‍ഗ്രസ്സും ജനതാദള്‍-എസ്സും സുപ്രീം കോടതിയെ സമീപിച്ചു സത്യപ്രതിജ്ഞ റദ്ദാക്കുവാന്‍. പുലര്‍ച്ചയോളം നടന്ന വിചാരണയുടെ അവസാനം സുപ്രീം കോടതി സത്യപ്രതിജ്ഞ റദ്ദാക്കുവാന്‍ വിസമ്മതിച്ചു.

ചില നിബന്ധനകളോടെ ഗവര്‍ണ്ണറുടെ തീരുമാനം അംഗീകരിച്ചു. ഗവര്‍ണ്ണര്‍ വീണ്ടും വിവാദമുണ്ടാക്കി, താല്‍ക്കാലിക സ്പീക്കറെ നിയമിക്കുക വഴി. അദ്ദേഹം ഒരു ബി.ജെ.പി. എം.എല്‍.എ.യെയാണ് താല്‍ക്കാലിക നിയമസഭാ അദ്ധ്യക്ഷന്‍ ആയി നിയമിച്ചത്. പതിവുപ്രകാരം ഏറ്റവും മുതിര്‍ന്ന എം.എല്‍.എ.യെ അല്ല. ഏറ്റവും മുതിര്‍ന്ന എം.എല്‍.എ.കോണ്‍ഗ്രസ്സുകാരനായിരുന്നു. അതിന് എതിരെയും കോണ്‍ഗ്രസ്സ് സുപ്രീം കോടതിയെ സമീപിച്ചു. പക്ഷെ, സുപ്രീം കോടതി ഗവര്‍ണ്ണറുടെ തീരുമാനത്തെ നിരാകരിച്ചില്ല. പക്ഷെ, ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞ റദ്ദാക്കുന്ന തീരുമാനത്തില്‍ സുപ്രീംകോടതി ഗവര്‍ണ്ണറുടെ അധികാരത്തില്‍ കൈ വെയ്ക്കുകയുണ്ടായി. ഭൂരിപക്ഷം തെളിയിക്കുവാന്‍ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി യെദ്യൂരപ്പിക്ക് 15 ദിവസത്തെ സമയം നല്‍കിയിരിരുന്നുവെങ്കിലും സുപ്രീം കോടതി അത് മണിക്കൂറുകളായിവെട്ടിക്കുറച്ചുകൊണ്ട് മെയ് 19 നാലു മണി എന്ന് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 15 നും ഭൂരിപക്ഷം തെളിയിക്കുന്ന മെയ് 19നും ഇടയ്ക്ക് തീവ്രമായ കുതിരകച്ചവടം ആണ് കര്‍ണ്ണാടകയില്‍ അരങ്ങേറിയത്. വാങ്ങുവാന്‍ ബി.ജെ.പി.യും കുതിരകളെ(എം.എല്‍.എ.മാരെ)സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും. വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. കിംവദന്തികള്‍ കത്തിപ്പടര്‍ന്നു. ഒരു എം.എല്‍.എ.യുടെ വില 100 കോടി വരെ ഉയര്‍ന്നതായി വാര്‍ത്തയുണ്ടായി. സംഭാഷണങ്ങളുടെ വീഡിയോ ടേപ്പും വെളിയില്‍ വന്നു. ബി.ജെ.പി. ഇതിനെയെല്ലാം നിരാകരിച്ചു. പക്ഷെ, അവസാന നിമിഷം വരെ തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്ന് സമര്‍ത്ഥിച്ചു. ഒടുവില്‍ ഭൂരിപക്ഷം തെളിയിക്കുവാനായി നിയമസഭയില്‍ എത്തിയപ്പോള്‍ യെദ്യൂരപ്പ വികാരഭരിതമായ ഒരു പ്രസംഗത്തിനു ശേഷം രാജിവെക്കുകയാണെന്ന് പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ തുടര്‍ന്നും സംരക്ഷിക്കുമെന്നും പറയുവാന്‍ അദ്ദേഹം മറന്നില്ല. നിയമസഭയില്‍ നിന്നും രണ്ടര ദിവസത്തെ മുഖ്യമന്ത്രി രാജിക്കത്തുമായി രാജ് ഭവനിലേക്ക് പോയി.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചരണവും വിധിയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും, മുഖ്യമന്ത്രിയുടെ നാടകീയമായ രാജി ഉള്‍പ്പെടെ ഒരു പഠന വിഷയമാണ്. ഒരു പക്ഷെ ഒരു പ്രധാനമന്ത്രി ഇത്ര ശക്തമായിട്ട് ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിട്ടുണ്ടാവുകയില്ല. അതുപോലെ തന്നെ പ്രാദേശിക വികാരങ്ങള്‍ ആളികത്തിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടാവുകയില്ല. അദ്ദേഹത്തിന്റെ ക്ഷേത്ര-മഠ-സന്ദര്‍ശനങ്ങള്‍ പ്രസിദ്ധമാണ്. അതിനെ അനുകരിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒരു പൂണൂല്‍ രാഷ്ട്രീയം കളിച്ചു. മൃദു ഹിന്ദുത്വ. മോഡിയെപോലെ തന്നെ അമിത് ഷായും ക്ഷേത്രങ്ങളും മഠങ്ങളും കയറിയിറങ്ങി. പക്ഷെ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല.

പ്രാദേശിക വികാരം ആളികത്തിക്കുവാന്‍ മോഡി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പറഞ്ഞു കോണ്‍ഗ്രസ്സും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും മുന്‍ രാജ്യരക്ഷാ മന്ത്രി വി.കെ.കൃഷ്ണമേനോനും കര്‍ണ്ണാടകയുടെ വീരപുത്രന്മാരായ ജനറല്‍ തിമ്മയ്യയെയും കരിയപ്പയെയും അപമാനിച്ചു. അദ്ദേഹം അവകാശപ്പെട്ടു ബി.ജെ.പി. ഒരു തെന്നിന്ത്യന്‍ മുസ്ലീമിനെ രാഷ്ട്രപതിയാക്കി(എ.പി.ജെ.അബ്ദുള്‍ കലാം). മറ്റൊരു ദക്ഷിണേന്ത്യക്കാരനെ(വെങ്കയ്യ നായിഡു) ഉപരാഷ്ട്രപതിയാക്കി. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെയും തെരഞ്ഞെടുപ്പില്‍ വോട്ടിനായി ഉപയോഗിക്കുവാന്‍ അദ്ദേഹം മനക്കട്ടി കാട്ടി. അതില്‍ പങ്കെടുത്ത വീര ജവാന്‍മാരെ ഗുണ്ടകളായി കോണ്‍ഗ്രസ്സ് ചിത്രീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു. തീര്‍ന്നില്ല. സ്വാതന്ത്ര്യ സമര രക്തസാക്ഷി ഭഗത് സിംഗ് കൊലക്കയര്‍ കാത്ത് ജയിലില്‍ കിടക്കുമ്പോള്‍ നെഹ്‌റു അദ്ദേഹത്തെ സന്ദര്‍ശിച്ചില്ലെന്നും മോഡി കുസലെന്യെ ആരോപിച്ചു. ഇത് ചരിത്ര വിരുദ്ധം ആണ്.  എന്നിട്ടും അദ്ദേഹത്തിന് കൂസലില്ല. ഒരു പ്രധാനമന്ത്രിയും ഇതുപോലെ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വോട്ടിനായി തരംതാഴ്ന്ന ചരിത്രം ഇല്ല. ഉദാഹരണമായി നെഹ്‌റു ഉത്തര്‍പ്രദേശിലെ ഒരു തെരഞ്ഞെടുപ്പ്് പ്രചരണത്തില്‍ ഒരു മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ സദസ്സിന് പരിചയപ്പെടുത്തുന്നതിനിടെ സ്ഥാനാര്‍ത്ഥിയോട് ആരാഞ്ഞു ആരാണ് അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെന്ന്. പുരുഷോത്തംദാസ് ടന്റന്‍ എന്ന പ്രസിദ്ധനായ സ്വതന്ത്രസമര സേനാനിയുടെ പേര് അദ്ദേഹം ഉച്ചരിച്ചപ്പോള്‍ നെഹ്‌റുവിന്റെ പൊടുന്നനെയുള്ള പ്രതികരണം ഇതായിരുന്നു. 'സുഹൃത്തുക്കളെ നിങ്ങള്‍ പി.ഡി.ടന്റന് വോട്ട് ചെയ്യണം.' ഇതായിരുന്നു നെഹ്‌റുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നിലവാരം.
എന്നിട്ടും മോഡിക്ക് ഒരു ഭൂരിപക്ഷം നേടുവാന്‍ സാധിച്ചില്ല കര്‍ണ്ണാടകയില്‍. പക്ഷെ, 2013- ല്‍ നേടിയ നാല്‍പത് സീറ്റുകളെക്കാള്‍ കൂടുതലായി 104 സീറ്റുകള്‍ നേടുവാന്‍ സാധിച്ചു. പക്ഷെ കേവലഭൂരിപക്ഷം ഇല്ല. മോഡി പ്രഭാഴത്തിന്റെ ഔന്നിത്യമായ 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ 17 സീറ്റുകളും നേടിയ കണക്കിന്റെ അടിസ്ഥാനത്തില്‍ ചുരുങ്ങിയ പക്ഷം 150 സീറ്റുകള്‍ ബി.ജെ.പി. നേടേണ്ടതായിരുന്നു ഇപ്പോള്‍. പക്ഷെ അത് സംഭവിച്ചില്ല എന്തുകൊണ്ട്? കോണ്‍ഗ്രസ്സിന്റെ സീറ്റുകളാകട്ടെ 2013-ലെ 122-ല്‍ നിന്നും 78 ആയി കുറഞ്ഞു. എന്തുകൊണ്ട്? ജനതാദള്‍ 40 സീറ്റുകളില്‍ നിന്നും 37 ലേക്ക് വന്നു. വോട്ടിംഗ് ശതമാനത്തിന്റെ കാര്യത്തില്‍ ആകട്ടെ ബി.ജെ.പി.യെക്കാള്‍ ഒരു ശതമാനത്തിലേറെ മുമ്പിലാണ് കോണ്‍ഗ്രസ്സ്. ഇതും പഠന വിധേയമാണ്. ഇനി, കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും. തമ്മില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സഖ്യം ഉണ്ടാക്കിയിരുന്നെങ്കില്‍ അവര്‍ 150-ല്‍ ഏറെ സീറ്റുകള്‍ ലഭിച്ചേനെ. അങ്ങനെ ഒരു സഖ്യം ഉണ്ടാക്കാതെ പോയത് ഇരുകൂട്ടരുടെയും മണ്ടത്തരം ആണ്. ബി.ജെ.പി.ക്ക് വെറും 69 സീറ്റുകള്‍ മാത്രമെ ലഭിക്കുമായിരുന്നുള്ളൂ. അത് പറഞ്ഞിട്ടു കാര്യമില്ല. കാരണം തെരഞ്ഞെടുപ്പില്‍ കണക്ക് മാത്രമല്ല രസതന്ത്രവും പ്രവര്‍ത്തിക്കും. 2019 ല്‍ ഒരു പക്ഷെ ഇത് കോണ്‍ഗ്രസ്സിനും ജെ.ഡി.എസ്സ്. നും പാഠം ആയിരിക്കും.

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ എന്തുകൊണ്ടാണ കര്‍ണ്ണാടക  ഗവര്‍ണ്ണര്‍ വാജുഭാജ് വാല 104 സീറ്റുകള്‍ മാത്രമുള്ള ബി.ജെ.പി.യെ മ്ന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിച്ചതും 116 സീറ്റുകള്‍ ഉള്ള,  കേവല ഭൂരിപക്ഷത്തില്‍ ഉപരി കോണ്‍ഗ്രസ്സ്- ജെ.ഡി.എസ്സ്. സഖ്യത്തെ ക്ഷണിക്കാതിരുന്നതും? സര്‍ക്കാരിയ കമ്മീഷന്റെയും പുഞ്ചി കമ്മീഷന്റെയും അടിസ്ഥാനത്തില്‍ ഗവര്‍ണ്ണര്‍ ആദ്യം ക്ഷണിക്കേണ്ടത് കേവല ഭൂരിപക്ഷമുള്ള പാര്‍ട്ടിയെയാണ്. അതില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തെയാണ്. ഇത് രണ്ടും ഇവിടെയില്ല. അടുത്ത ഊഴം ഒന്നുകില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിക്കോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പാനന്തര സഖ്യകക്ഷിക്കോ ആണ്. ഇവിടെ ഗവര്‍ണ്ണര്‍ അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച് ബി.ജെ.പി.യെ ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ ക്ഷണിച്ചത്. അതാണ് വിവാദമായത്. ഇതിന്റെ കാരണമായി  രാഷ്ട്രീയ നിരീക്ഷകര്‍ ഗവര്‍ണ്ണറുടെ പാരമ്പര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. അദ്ദേഹം ഒരു പഴയ ആര്‍.എസ്സ്.എസ്സ്. കാരനാണ്. മോഡിയുടെ ഗുജറാത്ത് ഗവണ്‍മെന്റില്‍ മന്ത്രിയുമായിരുന്നു. ഒരിക്കല്‍ മോഡിക്കുവേണ്ടി സീറ്റ് ഒഴിവാക്കി അദ്ദേഹത്തെ മത്സരിപ്പിച്ച് ജയിപ്പിച്ചതുമാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ കൂറ് ഭരണഘടനയോടല്ല എന്ന് ജനം സംശയിച്ചുപോയാല്‍ അതില്‍ തെറ്റുണ്ടോ? അദ്ദേഹത്തിന്റെ വിവേചനാധികാരം തന്നെ ഭരണഘടനയിലെ ഒരു േ്രഗ ഏരിയയാണ്. അത് ഈ കേസോടെ സുപ്രീം കോടതി പരിഹരിച്ചാല്‍ ഏറ്റവും നന്ന്. ഇവിടെ പറയത്തക്ക േ്രഗ ഏരിയ ഒട്ടില്ല താനും. കാരണം 2017-ലെ ഗോവ കേസിലെ ഒരു വിധി സുപ്രീം കോടതി തന്നെ പറയുകയുണ്ടായി ആര്‍ക്കും ഭൂരിക്ഷമില്ലെങ്കില്‍ ഗവര്‍ണ്ണര്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ മന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിക്കുവാന്‍ ബാധ്യസ്ഥനാണ്. പക്ഷെ വേറൊരു സഖ്യം പിന്തുണക്കുന്നവരുടെ പട്ടികയുമായി ഗവര്‍ണ്ണറെ സമീപിച്ചാല്‍ അപ്പോള്‍ വിഷയം വ്യത്യസ്ഥമാണ്. ആയതിനാല്‍ ഇവിടെ ഗവര്‍ണ്ണറുടെ വിവേചന അധികാരത്തിനും ഉപരിയായി ഇങ്ങനെ ഒരു വിധി ഉള്ളത് ഓര്‍മ്മിക്കണം. അതുപോലെ തന്നെ യെദ്യൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കുവാന്‍ 15 നീണ്ട ദിവസങ്ങള്‍ നല്‍കിയതും തര്‍ക്ക വിഷയമാണ്. താല്‍ക്കാലിക സ്പീക്കറെ നിയമിച്ചതില്‍ സീനിയോറിട്ടി നോക്കാത്തതും. വിവാദ വിഷയമാണ്. ഗവര്‍ണ്ണര്‍ നിയമിച്ചത് ബി.ജെ.പി.ക്കാരനെയാണ്. സീനിയോറിറ്റി ഉള്ളയാളാകട്ടെ കോണ്‍ഗ്രസ്സുകാരനും. ഇതിലെല്ലാം ഗവര്‍ണ്ണറുടെ വിവേചനാധികാരത്തിന്റെ ആധാരം എന്താണ്? ബി.ജെ.പി.യോടുള്ള കൂറോ? അതോ ഭരണഘടനയോടുള്ള പ്രതിബന്ധതയോ? രണ്ടാമത്തെത്താണ് വേണ്ടത്. 

2018 മേഘാലയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്ഷിയായി വന്നെങ്കിലും ഗവര്‍ണ്ണര്‍ ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ ക്ഷണിച്ചത് ബി.ജെ.പി. അടങ്ങിയ തെരഞ്ഞെടുപ്പാനന്തര സഖ്യത്തെയാണ്. ബി.ജെ.പി.ക്ക് അന്ന് അവിടെ വെറും 2 സീറ്റുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. 2017- ലെ മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ  കക്ഷിയായി വന്നെങ്കിലും ഗവര്‍ണ്ണര്‍ മന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിച്ചത് ബി.ജെ.പി. അടങ്ങിയ തെരഞ്ഞെടുപ്പാനന്തര സഖ്യത്തെയാണ്. 2017-ലെ തന്നെ ഗോവ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വന്നെങ്കിലും ബി.ജെ.പി. നയിച്ച തെരഞ്ഞെടുപ്പാനന്തര സഖ്യത്തെയാണ് ഗവര്‍ണ്ണര്‍ ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ ക്ഷണിച്ചത്. ഗോവയില്‍ കേവല ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ്സിന് 4 സീറ്റുകളുടെ കുറവ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, ഗോവയിലെ ചിത്രം അല്പം വ്യത്യസ്ഥമാണ്. അവിടെ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ അവകാശം ഉന്നയിക്കുകയുണ്ടായില്ല. ഇത് സുപ്രീം കോടതിയുടെ വിധിയില്‍ വ്യക്തമാക്കുകയും ഉണ്ടായി. പക്ഷെ മേഘാലയയിലും മണിപ്പൂരിലും തെരഞ്ഞെടുപ്പാനന്തര സഖ്യത്തെ മന്ത്രിസഭ രൂപീകരിക്കുവാന്‍ ഗവര്‍ണ്ണര്‍മാര്‍ ക്ഷണിച്ചപ്പോള്‍ എന്തുകൊണ്ട് കര്‍ണ്ണാടകയില്‍ അങ്ങനെ ഒരു പരിഗണന ഉണ്ടായില്ല?

ഗവര്‍ണ്ണറുടെ വിവേചനാധികാരം വ്യക്തി താല്‍പര്യാധിഷ്ഠിതമായിരിക്കരുത്. അത് അഹം തത്വാത്മകം ആകുമ്പോള്‍ വസ്തു, നിഷ്ഠാപരമായിരിക്കണം. അതു പോലെതന്നെ ഭരണഘടനാപരവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക