Image

ഗുഡ്ഗാവ് സ്‌കൂളിലെ കൊലപാതകം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്രതിയെ പ്രായപൂര്‍ത്തിയായതായി കണക്കാക്കി വിചാരണ

Published on 21 May, 2018
ഗുഡ്ഗാവ് സ്‌കൂളിലെ കൊലപാതകം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്രതിയെ പ്രായപൂര്‍ത്തിയായതായി കണക്കാക്കി വിചാരണ
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിലെ സ്വകാര്യ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്രായപൂര്‍ത്തിയായ പ്രതിയായി കണക്കാക്കി വിചാരണ നടത്തും. തന്നെ പ്രായപൂര്‍ത്തിയായ പ്രതിയായി കണക്കാക്കണമെന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവിനെതിരെ 16കാരന്‍ സമര്‍പ്പിച്ച ഹര്‍ജി ഗുഡ്ഗാവ് അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജസ്ബീര്‍ സിംഗ് ആണ് ഹര്‍ജി തള്ളിയത്. നേരത്തെ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജൂലൈ 4 വരെ സി.ബി.ഐയ്ക്ക് കോടതി സമയം അനുവദിച്ചിരുന്നു

പ്രതിയെ പ്രായപൂര്‍ത്തിയായ വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യാനുള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ തീരുമാനം ഉചിതമാണെന്നും അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കൊല്ലപ്പെട്ട ബാലന്റെ അഭിഭാഷകന്‍ അഡ്വ. സുശീല്‍ ടെക്‌രിവാള്‍ വാദിച്ചു. എന്നാല്‍ ബോര്‍ഡിന്റെ വാദം നിയമവിരുദ്ധവും ആരോപണവിധേയന് തന്റെ ഭാഗം വ്യക്തമാക്കാന്‍ മതിയായ അവസരം നല്‍കാതെയുള്ളതുമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിയുടേയും ഇരയായ കുട്ടിയുടേയും പേര് വെളിപ്പെടുത്തുന്നിന് കോടതി നിയമപരമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരനെ പ്രിന്‍സ് എന്നും ആരോപണവിധേയനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബോലു എന്നും സംഭവം നടന്ന സ്‌കൂളിലെ വിദ്യാലയ എന്നുമാണ് കോടതിയില്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ ആദ്യം പ്രതിയാക്കപ്പെട്ട അശോക് കുമാര്‍ എന്നയാളെ സി.ബി.ഐ പിന്നീട് കുറ്റവിമുക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക