Image

ലിനി, നിന്റെ കൂടെ ഞങ്ങളുണ്ട്; കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു മന്ത്രി ശൈലജ

Published on 22 May, 2018
ലിനി, നിന്റെ കൂടെ ഞങ്ങളുണ്ട്; കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു മന്ത്രി ശൈലജ
നിപ വൈറസ് രക്തസാക്ഷി ലിനിയ്‌ക്കൊപ്പം കേരളജനത ഒന്നാകെയുണ്ടെന്നു ആരോഗ്യവകുപ്പു മന്ത്രി കെ.കെ. ശൈലജ. മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ശൈലജ പറഞ്ഞു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാറിന്റെ പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.
അതേസമയം, കോഴിക്കോട് ജില്ലയില്‍ മരിച്ചവരും ചികിത്സയിലുള്ളവരുമായി 18 പേരില്‍ 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. ഇതില്‍ 10 പേര്‍ മരിച്ചു. രണ്ട് പേര്‍ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
18 പേരുടെ രക്തസാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ആറു പേര്‍ക്ക് നിപ ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 11 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഇതില്‍ ആറു പേര്‍ നിരീക്ഷണത്തിലാണ്. രോഗബാധയുള്ള മൂസയും അഭിനും കോഴിക്കോട് മിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
കഴിഞ്ഞ ദിവസം മരണപ്പെട്ട നഴ്‌സ് ലിനി, വേലായുധന്‍, ഇസ്മായില്‍, മലപ്പുറം ജില്ലയില്‍ മരിച്ച സിന്ധു, സിജിത എന്നിവര്‍ക്കും നിപ വൈറസ് ബാധയേറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ ശൈലജ അറിയിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക