Image

അമ്മയ്ക്ക് അവസാനമായി ഒരുമ്മ കൊടുക്കാന്‍ പോലും പറ്റാതെ

Sandeep Das Published on 22 May, 2018
അമ്മയ്ക്ക് അവസാനമായി ഒരുമ്മ കൊടുക്കാന്‍ പോലും പറ്റാതെ
Sandeep Das/facebook

നിപാ വൈറസ് മൂലമുള്ള പനി ബാധിച്ചവരെ പരിചരിക്കുന്നതിനിടെ മരണം വരിച്ച നഴ്‌സ് ലിനിയുടെ കുടുംബചിത്രമാണിത്. ലിനിയുടെ മരണം ആ കുടുംബത്തെ എത്രത്തോളം തകര്‍ക്കുമെന്ന് മനസ്സിലാക്കാന്‍ ഈയൊരു ഫോട്ടോ മാത്രം മതിയാകും.ഇത് വെറുമൊരു സെല്‍ഫിയല്ല. ഈ ഫ്രെയിം നിറച്ചും സ്‌നേഹമാണ് !

ലിനി ഒരു പി.എസ്.സി സ്റ്റാഫായിരുന്നില്ല.സര്‍ക്കാര്‍ ആസ്പത്രിയില്‍, ദിവസവേതാനാടിസ്ഥാനത്തിലാണ് അവര്‍ ജോലി ചെയ്തിരുന്നത്. സ്ഥിര ജീവനക്കാരുടെ ശമ്പളവും പ്രൊവിഡെന്റ് ഫണ്ടും ഡി.സി.ആര്‍.ജിയും കമ്മ്യൂട്ടേഷനും കരാര്‍ജീവനക്കാര്‍ക്കില്ല. സെക്ഷന്‍ ക്ലാര്‍ക്ക് കുറച്ചുദിവസം അവധിയെടുത്താല്‍ കരാര്‍ജീവനക്കാരന്റെ ശമ്പളം നീണ്ടു പോകാവുന്നതേയുള്ളൂ. പലപ്പോഴും തൊഴില്‍സ്ഥലത്ത് ഇവര്‍ രണ്ടാം തരക്കാരായി കണക്കാക്കപ്പെടുകയും ചെയ്യും.

ലിനിയുടെ ജോലി അത്രമാത്രം ആകര്‍ഷണീയമായിരുന്നില്ല എന്ന് സാരം. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം നഴ്‌സിങ്ങ് എന്നാല്‍ കേവലം പ്രൊഫഷന്‍ മാത്രമായിരുന്നില്ല. ആത്മാര്‍ത്ഥമായിത്തന്നെ അവര്‍ ജോലി ചെയ്തതു കൊണ്ടാണല്ലോ വിലപ്പെട്ട ആ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞതും.

ലിനിയുടെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ അതിവേഗം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയാണ് ചെയ്തത്. രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായിരുന്നു ഈ നടപടി. ഒന്നാലോചിച്ചുനോക്കൂ.എത്ര ഭീകരമാണ് ആ അവസ്ഥ !

മരിച്ച ഒരാളുടെ ശരീരം കുറേനേരമെങ്കിലും പൊതുദര്‍ശനത്തിന് വെയ്ക്കാറുണ്ട്. അയാളെ ഒരുനോക്ക് കാണാനുള്ള പ്രിയപ്പെട്ടവരുടെ അവസാനത്തെ അവസരമാണത്. പക്ഷേ നിപാ വൈറസ് മൂലം മരണമടഞ്ഞ ഒരാള്‍ക്ക് അന്ത്യചുംബനം കൊടുക്കുന്നത് പോലും അപകടകരമാണെത്രേ ! ലിനിയുടെ കുഞ്ഞു മക്കള്‍ക്ക് അമ്മയ്ക്ക് അവസാനമായി ഒരുമ്മ കൊടുക്കാന്‍ പോലും പറ്റിയിട്ടുണ്ടാവില്ല...

എന്റെ അച്ഛനമ്മമാരെ അടക്കിയത് ഞങ്ങളുടെ സ്വന്തം മണ്ണിലാണ്. മരണാനന്തര ജീവിതത്തിലോ ആത്മാവിലോ വിശ്വാസമുണ്ടായിട്ടല്ല. വീടിന്റെ തൊട്ടുപുറകില്‍ അച്ഛനും അമ്മയും കിടക്കുമ്പോള്‍ ഒരു ധൈര്യമാണ്. ഒറ്റയ്ക്കല്ല എന്ന ധൈര്യം !പക്ഷേ ലിനിയുടെ ശരീരം ആഗ്രഹിച്ച രീതിയില്‍ സംസ്‌കരിക്കാന്‍ പോലും കുടുംബത്തിന് സാധിച്ചില്ല...ഇനിയെങ്കിലും നഴ്‌സുമാരെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തേണ്ടതല്ലേ നമ്മള്‍?

ശ്വസിക്കുന്ന വായുവിന് പോലും പണം ഈടാക്കാന്‍ മടിക്കാത്ത അറവു ശാലകളാണ് പല പ്രൈവറ്റ് ആസ്പത്രികളും. പക്ഷേ നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കാന്‍ മടിയാണ് ! ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി നഴ്‌സുമാര്‍ സമരവുമായി തെരുവിലിറങ്ങിയാല്‍ പുച്ഛമാണ് പലര്‍ക്കും. ഡോക്ടര്‍മാരോട് കൊഞ്ചിക്കുഴയുന്ന പോക്ക് കേസുകളാണ് നഴ്‌സുമാര്‍ എന്ന് കരുതുന്നവര്‍ ഇന്നും കുറവല്ല. നഴ്‌സുമാര്‍ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ളതുകൊണ്ട് അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ എളുപ്പവുമാണ്. ഇക്കാരണം കൊണ്ടാണ് നഴ്‌സുമാരുടെ വിവാഹാലോചനകള്‍ ചിലപ്പോള്‍ മുടങ്ങിപ്പോവുന്നത്.

മാലാഖയെന്ന് വിളിച്ച് സുഖിപ്പിച്ച് അവരെ ഒതുക്കിനിര്‍ത്തരുത്. മാലാഖമാര്‍ക്ക് സ്‌നേഹവും അവകാശങ്ങളും പ്രദാനം ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്.

ലിനിയുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചോ? അവരുടെ ജീവിതം ഇനിയൊരിക്കലും പഴയപടിയാവില്ല.സഹതാപത്തിന്റെ വൃത്തികെട്ട കണ്ണുകള്‍ അവരെ ജീവിതകാലം മുഴുവന്‍ പിന്തുടരും. അമ്മ ഇന്നോ നാളെയോ വരും എന്ന് മക്കളെ പറഞ്ഞ് വിശ്വസിപ്പിച്ച് ഉള്ളില്‍ തേങ്ങിക്കരയുന്ന ആ അച്ഛന്റെ കാര്യമോ !?

വാര്‍ത്ത വായിച്ച് തരിച്ചിരിക്കുമ്പോഴാണ് ഒരു വാട്‌സ് ആപ് മെസേജ് കണ്ടത്. ഇതാണ് മെസേജ്-

''തലകീഴായി കിടക്കുന്ന വവ്വാല്‍ പരത്തുന്നതു കൊണ്ടായിരിക്കും പനി തലതിരിച്ചിട്ട് 'നിപ' എന്ന് പേര് വന്നത്.... ''

ഒരു നിമിഷം എന്തു പറയണമെന്ന് അറിയാതെയായി. ഇക്കാര്യത്തിലും ഫലിതം കണ്ടെത്തുന്ന പാഴ്ജന്മങ്ങള്‍ ! മരിച്ച മനുഷ്യരുടെ ജീവന് പുല്ലുവില മാത്രം ! പ്രിയ ലിനിച്ചേച്ചീ, സങ്കടം തോന്നുന്നു. ഇതുപോലുള്ള പരനാറികള്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടിയാണല്ലോ നിങ്ങളെപ്പോലുള്ളവര്‍ ജീവന്‍ കൊടുക്കുന്നത്...

മാപ്പ്...മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനസ്സുകളില്‍ നിന്ന്....
അമ്മയ്ക്ക് അവസാനമായി ഒരുമ്മ കൊടുക്കാന്‍ പോലും പറ്റാതെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക