Image

പ്രഥമ എയില്‍സ്‌ഫോര്‍ഡ് തിരുനാള്‍ 27 ന്; വിപുലമായ ഒരുക്കങ്ങളുമായി സതക് വിശ്വാസികള്‍

Published on 22 May, 2018
പ്രഥമ എയില്‍സ്‌ഫോര്‍ഡ് തിരുനാള്‍ 27 ന്; വിപുലമായ ഒരുക്കങ്ങളുമായി സതക് വിശ്വാസികള്‍

എയില്‍സ്‌ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സതക് ചാപ്ലയന്‍സി ആതിഥേയത്വം വഹിക്കുന്ന പ്രഥമ എയില്‍സ്‌ഫോര്‍ഡ് തിരുനാള്‍ മേയ് 27 നു (ഞായര്‍) നടക്കും. 

വാല്‍സിംഹാം കഴിഞ്ഞാല്‍ യുകെയിലെ പ്രധാന മരിയന്‍ തീര്‍ഥാടന കേന്ദ്രമായ എയില്‍ഫോര്‍ഡില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന ജപമാല പ്രദക്ഷിണത്തോടെയാണ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. സതക് ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ബിഷപ് പോള്‍ മേസണ്‍ വചന സന്ദേശം നല്‍കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വൈദികര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരിക്കും. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശ്രുശൂഷക്ക് നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ ആഷ്‌ഫോര്‍ഡ്, കാന്റര്‍ബെറി, ക്യാറ്റ്‌ഫോര്‍ഡ്, ചെസ്റ്റ്ഫീല്‍ഡ്, ജില്ലിംഗ്ഹാം, മെയ്ഡ്‌സ്‌റ്റോണ്‍, മോര്‍ഡെന്‍, തോണ്ടന്‍ഹീത്ത്, ടോള്‍വര്‍ത്ത്, ബ്രോഡ്‌സ്‌റ്റേര്‍ഡ്, ഡാര്‍ട്‌ഫോര്‍ഡ്, സീത്ത്ബറോ തുടങ്ങിയ വിശുദ്ധ കുര്‍ബാന സെന്ററുകള്‍ നേതൃത്വം നല്‍കും. സതക് ചാപ്ലയന്‍സി നേതൃത്വം നല്‍കി ആതിഥേയത്വം വഹിക്കുന്ന തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്കായി ഫാ. ഹാന്‍സ് പുതിയാകുളങ്ങര കോഓര്‍ഡിനേറ്ററായും റവ. ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ സഹ കോഓര്‍ഡിനേറ്ററായും വിവിധ കമ്മിറ്റികള്‍ രൂപികരിച്ച് വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. ഭക്ഷണ സൗകര്യത്തിനായി ഫുഡ് സ്റ്റാളുകളും വാഹനങ്ങള്‍ക്ക് വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ അനുഗ്രഹിക്കപ്പെടുകയും ദൈവമാതാവ് ഉത്തരീയം നല്‍കി ആദരിച്ച വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന്റെ ജീവിതംകൊണ്ട് ധന്യമാക്കപ്പെടുകയും ചെയ്ത എയില്‍സ്‌ഫോര്‍ഡിന്റെ പുണ്യഭൂമിയില്‍ നടക്കുന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍ ഫാ. ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക