Image

കര്‍ണാടകത്തില്‍ 22 മന്ത്രിമാര്‍ കോണ്‍ഗ്രസിന്‌:ജെഡിഎസിന്‌ 12

Published on 23 May, 2018
കര്‍ണാടകത്തില്‍ 22 മന്ത്രിമാര്‍ കോണ്‍ഗ്രസിന്‌:ജെഡിഎസിന്‌ 12
ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരാഴ്‌ച നീണ്ട രാഷ്ട്രീയ നാടകത്തിനിടെ രണ്ടാമത്തെ മുഖ്യമന്ത്രി സത്യപ്രതിജ്ഞക്ക്‌ ഒരുങ്ങുന്നു. എച്ച്‌ഡി കുമാരസ്വാമി  ബുധനാഴ്‌ച വൈകിട്ട്‌ 4.30ന്‌ നിയമസഭാ മന്ദിരമായ വിധാന്‍സൗധയിലാണ്‌ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കുക. ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും.

എന്നാല്‍ രണ്ടാമത്‌ ഒരാള്‍ക്ക്‌ കൂടി ഉപമുഖ്യമന്ത്രി പദം നല്‍കുന്നത്‌ സംബന്ധിച്ച്‌ ഇരു പാര്‍ട്ടികളും പ്രതികരിച്ചിട്ടില്ല. നേരത്തെ കോണ്‍ഗ്രസാണ്‌ ഇക്കാര്യം മുന്നോട്ടുവച്ചത്‌. എന്നാല്‍ ഇത്‌ പാര്‍ട്ടികള്‍ക്കിടയിലെ തുല്യത ഇല്ലാതാക്കുമെന്നും സഖ്യത്തില്‍ വിള്ളലുണ്ടാക്കുമെന്നുമുള്ള നിരീക്ഷണങ്ങള്‍ പുറത്തുവന്നിരുന്നു.

ബുധനാഴ്‌ച വൈകിട്ട്‌ ചേരുന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളും ക്യാബിനറ്റിനെക്കുറിച്ച്‌ അന്തിമ രൂപമുണ്ടാക്കും. സംസ്ഥാനത്തെ 34 മന്ത്രിമാരില്‍ 22 എണ്ണം കോണ്‍ഗ്രസിനും മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ ജെഡിഎസിനുമാണ്‌ ലഭിക്കുക. കോണ്‍ഗ്രസ്‌ സ്റ്റേറ്റ്‌ യൂണിറ്റ്‌ തലവന്‍ ജി പരമേശ്വരയ്‌ക്കാണ്‌ ഉപമുഖ്യമന്ത്രി സ്ഥാനം.

അവശേഷിക്കുന്ന മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ച്‌ സത്യപ്രതിജ്ഞാ ചടങ്ങിന്‌ ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. വിശ്വാസ വോട്ടെടുപ്പിന്‌ മുമ്‌ബായി മന്തിമാരുടെ സ്ഥാനനിര്‍ണയം നടത്തിയാല്‍ എംഎല്‍എമാരുടെ പിന്തുണ നഷ്ടപ്പെടുമെന്ന്‌ ഭയന്നാണ്‌ ഈ നീക്കം. വിശ്വാസ വോട്ടെടുപ്പിന്‌ ശേഷം മാത്രമായിരിക്കും മന്ത്രിമാരെ നിര്‍ണയിക്കുകയെന്ന്‌ കെകെ വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്‌.

സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ പദവികളും പങ്കുവെക്കേണ്ടതുണ്ട്‌. ഇതില്‍ സ്‌പീക്കര്‍ കോണ്‍ഗ്രസില്‍ നിന്നും ഡെപ്യൂട്ടി സ്‌പീക്കര്‍ ജെഡിഎസില്‍ നിന്നുമായിരിക്കും തിരഞ്ഞെടുക്കപ്പെടുക. കോണ്‍ഗ്രസ്‌ രമേഷ്‌ കുമാറിനെയാണ്‌ സ്‌പീക്കര്‍ പദവിക്ക്‌ വേണ്ടി നിര്‍ദേശിച്ചിട്ടുള്ളത്‌. എന്നാല്‍ ജെഡിഎസ്‌ ഇതുവരെ ആരുടേയും പേരുകള്‍ മുന്നോട്ടുവച്ചിട്ടില്ല. തിങ്കളാഴ്‌ച രാഹുല്‍ ഗാന്ധിയും എച്ച്‌ഡി കുമാരസ്വാമിയും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമാണ്‌ ഇത്തരം നീക്കങ്ങള്‍ക്ക്‌ പച്ചക്കൊടി ലഭിച്ചിട്ടുള്ളത്‌.

അധികാരം പങ്കുവെക്കുന്നത്‌ സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംസ്ഥാന തലത്തില്‍ തീരുമാനിക്കാനാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനില്‍ നിന്ന്‌ ലഭിച്ച നിര്‍ദേശം. കെകെ വേണുഗോപാലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക