Image

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാചടങ്ങ്‌ പ്രതിപക്ഷ ഐക്യത്തിന്റെ നേര്‍ക്കാഴ്‌ചയായി

Published on 23 May, 2018
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാചടങ്ങ്‌ പ്രതിപക്ഷ ഐക്യത്തിന്റെ നേര്‍ക്കാഴ്‌ചയായി


ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌- ജെഡിഎസ്‌ സഖ്യം അധികാരത്തിലേറിയപ്പോള്‍ അണിനിരന്നത്‌ പ്രതിപക്ഷ ഐക്യം.ജനതാദള്‍ സെക്കുലര്‍ നേതാവ്‌ എച്ച്‌ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതത്തിയപ്പോഴാണ്‌ പ്രതിപക്ഷ- പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കള്‍ ബെംഗളൂരുവില്‍ സംഗമിച്ചത്‌. ഒരുകാലത്തെ മുഖ്യശത്രുക്കളായിരുന്ന സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അഖിലേഷ്‌ യാദവും ബിഎസ്‌പി അധ്യക്ഷ മായാവതിയും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്‌ ഇതിലൊന്നുമാത്രം.

 ദക്ഷിണേന്ത്യ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കുള്ള ശക്തമായ താക്കീത്‌ കുടിയാണ്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച്‌ ഒരേ വേദിയില്‍ അണിനിരന്നത്‌.

ബിഎസ്‌പി നേതാവ്‌ മായാവതി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നി വരോടും സൗഹൃ സംഭാഷണം നടത്തിയിരുന്നു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ബിജെപിക്കെതിരെ രൂപമെടുക്കകുന്ന മൂന്നാം മുന്നണിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം.

ആന്ധ്രാ പ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം നേതാവ്‌ സീതാറാം യെച്ചൂരി എന്നി വരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ഔദ്യോഗിക ചുമതലകള്‍ ഉള്ളതിനാല്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നേരത്തെ തന്നെ ബെംഗളുരുവിലെത്തി എച്ച്‌ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഉത്തര്‍പ്രദേശ്‌ ഉപതിരഞ്ഞെടുപ്പിന്‌ പിന്നാലെ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി മൂന്നാം മുന്നണിയ്‌ക്ക്‌ രൂപം നല്‍കുന്നത്‌ സംബന്ധിച്ച്‌ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സൂചനകള്‍ നല്‍കിയിരുന്നു. ഇതിനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിഎസ്‌പി നേതാവ്‌ മായാവതി എന്നിവരുമായി ചര്‍ച്ചകളും നടത്തിയിരുന്നു.

ബിജെപിക്ക്‌ വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതിരുന്നതാണ്‌ കോണ്‍ഗ്രസ്‌- ജെഡിഎസ്‌ സഖ്യത്തെ കര്‍ണാടകത്തില്‍ അധികാരത്തിലെത്താന്‍ സഹായിച്ചത്‌. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അധികാരമേറ്റെങ്കിലും വിശ്വാസ വോട്ടെടുപ്പ്‌ വ്യാഴാഴ്‌ചയാണ്‌ നടക്കുക. വിശ്വാസ വോട്ടെടുപ്പ്‌ നടന്നതിന്‌ ശേഷം മാത്രമായിരിക്കും മന്ത്രിമാരെ നിര്‍ണയിക്കുന്നത്‌ സംബന്ധിച്ച്‌ സഖ്യത്തിനുള്ളില്‍ ധാരണയുണ്ടാകുക.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക