Image

അരങ്ങേറ്റം - പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു

(പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.) Published on 24 March, 2012
അരങ്ങേറ്റം - പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു
സത്രംഹാളില്‍ ജനുവരിയിലെ കുളിരില്‍
തിരക്കേറും സദസ്സിന്‍ മുന്‍നിരയില്‍
താരസ്ഥായിയില്‍ തുടിക്കും
മന്ദ്രത്തില്‍ മന്ത്രിക്കും
നിന്‍ ശുദ്ധസംഗീതം നുകരാനിരുന്നു.
താളശ്രേഷ്ഠയടയില്‍ വര്‍ണ്ണിതവര്‍ണ്ണത്തില്‍
സ്വരമാധുരി ത്രികാല കമ്പനലഹരി!
ശങ്കവേണ്ടിതു ശങ്കരാഭരണം എന്‍ മന-
മടക്കം പറഞ്ഞൂ, വിഹായസ്സില്‍ പറന്നു:
“ബിലഹരിയില്‍ പുഷ്പാഞ്ജലിയര്‍പ്പണം,
പദയുഗ്മം വിന്യസിച്ച് ലാസ്യഭംഗിയില്‍
ഭാവരാഗതാളമേളനത്തിന്‍ മൂര്‍ദ്ധന്യത്തില്‍
ഹൃദയരേണുക്കള്‍ വടിവിന്‍ മന്ദമാരുതന്‍.”

ലാളിത്യത്തില്‍ തുടങ്ങും സങ്കീര്‍ണ്ണ കലാശത്തിന്‍
നീരൊഴുക്കാകും ത്യാഗരാജസംഗതികള്‍ മിന്നലായ്
നിന്‍ഭാവംപോല്‍ ഹൃദന്തത്തില്‍ തുളച്ചിടും,
ഇടിമുഴക്കമായ് പൂരിതമാക്കും സുഷുമ്‌നയെ:
“താളലയമൂറും ജതിയില്‍ സംഗീതസ്വരസുധയില്‍
നവരാഗമാലികയായ് നീ നട്ടുവനടനമാടി;
സപ്തസ്വരസങ്കീര്‍ണ്ണതയില്‍ വിരഹിതസ്വപ്നങ്ങളില്‍
ദേശിന്‍ മൂകതയില്‍ ദേശാദിയില്‍ നീരാടി.”
കീര്‍ത്തിതമാം രാഗനാമം പേറും ദീക്ഷിതകൃതിയില്‍
മദ്ധ്യമകാല സാഹിതിയില്‍ ഗുരുഗുഹമുദ്ര ചൊല്ലി
നിരവലിന്‍ നെരിപ്പോടില്‍ ഭാവനാസഞ്ചാരം,
സമമിതി തുളുമ്പും ശില്പമാം സ്വരപ്രസ്തരസഞ്ചയം:
“നൃത്യത്തിന്‍ ചടുലതയില്‍ നവരസമുഖഭാവത്തില്‍
ഭാഷാംഗരാഗജന്യ പശ്ചാത്തലത്തില്‍
ഗണേശമുദ്രകാട്ടി ഗവേഷകയെപ്പോലെ
നീണ്ട വിരല്‍ത്തുമ്പു നീട്ടി നീ കവിത കുറിച്ചു.”

രാഗരസസുഷുപ്തി വിട്ടുണര്‍ന്നുദിയ്ക്കുമ്പോള്‍
വയലിനില്‍ ഹംസധ്വനിയോ, ഹംസാനന്ദിയോ?
താളസങ്കീര്‍ണ്ണ ശ്യാമശാസ്ത്രിക്കൃതി ആലപിയ്ക്കവെ
മൃദംഗധ്വനിയില്‍ ശുദ്ധനൃത്തത്തിന്‍ തില്ലാനയൊ?

സൗരാഷ്ട്രമംഗളമോതി
മദ്ധ്യമാവതിയില്‍ കലാശം മൂളി
നഷ്ടവസന്ത ധ്വനിയുണരവെ
മുനിസിപ്പല്‍ സൈറണ്‍ മുഴങ്ങി:
പട്ടണ സംസ്‌ക്കാര പന്തയത്തില്‍
പങ്കു വെച്ചീടുന്ന ജീവനന്മ
പങ്കമില്ലാതെ പങ്കു ചേര്‍ക്കാന്‍,
രാഗനൃത്തസ്രോതസ്സില്‍ ലയിക്കാന്‍.

(2003)
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അരങ്ങേറ്റം - പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക