Image

അഹല്യാമോക്ഷം (ഗദ്യ കവിത)

സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌ Published on 24 March, 2012
അഹല്യാമോക്ഷം (ഗദ്യ കവിത)
പരിശുദ്ധിയുടെ പരിമളം പരത്തി വിടരാന്‍ കൊതിച്ച്‌ നില്‍ക്കും
പനിനീര്‍ പുഷ്‌പമെ! വസന്താരാമത്തിന്റെ ഒരു കോണില്‍,
പരാഗണം നിഷേധിക്കപ്പെട്ട്‌ മന്ദീഭവിച്ച്‌ കൊണ്ടിരിക്കുന്ന മനോഹരി..
നിന്നിലെ വൈകാരികതയെ താലോലിക്കാന്‍, നിന്നിലെ മധു നുകരാന്‍
പണ്ടത്തെ സ്വപ്‌ന കാമുകന്‍, കരിവണ്ട്‌ ഇതാ എത്തിയിരിക്കുന്നു.

ബാല്യ-കൗമാരങ്ങള്‍ കടന്ന്‌ പോകവെ, യൗവ്വനം നിന്നെ -
ശത-സഹസ്രം സുന്ദര സ്വ്‌പനങ്ങളാല്‍ തൊട്ടു തഴുകി,
വിവാഹമെന്ന സ്വര്‍ഗ്ഗ വാതായനത്തിലൂടെ കുടുമ്പമെന്ന,
അനര്‍ഘ അനുഭൂതിയിലേക്ക്‌ തള്ളി വീഴ്‌ത്തിയപ്പോള്‍,
നീ കണ്ടത്‌, നിനക്ക്‌ വേണ്ടി എവിടെ നിന്നോ ഓടിയെത്തിയ
നിന്റെ സ്വ്‌പനങ്ങളില്‍ പോലും കണ്ടിട്ടില്ലാത്ത ആ മുഖം.
നീ മോഹിച്ചതോ പാലപ്പൂവ്വിന്റെ ഗന്ധവ്വും, കൈതപ്പൂവ്വിന്റെ നിറവുമുള്ള
രാജകുമാരനൊപ്പം ചിറകുള്ള രഥങ്ങളില്‍ സഞ്ചരിക്കാന്‍

ഇക്കിളി പൂണ്ട്‌ വികാരതരളിതമായ യൗവ്വനത്തിന്റെ നാളുകള്‍
ദീര്‍ഘനിശ്വാസങ്ങളുടെ ഋതുഭേദങ്ങളോടെ കടന്നു പോയി
ജീവിത നാടക വേദിയിലുയുര്‍ന്ന യവനിക വീഴാന്‍ ആശിച്ച
നീ, ഇന്നുമൊരു പ്രേമ ഭിക്ഷുകിയാണ്‌

പാലൊളിചന്ദ്രികയില്‍, അശോകമരചുവട്ടില്‍ നിര്‍വികാരയായ്‌ നീ നിന്നപ്പോള്‍
നൈസ്സര്‍ഗികതയുടെ സുഗന്ധം തൂവ്വി, ഇതാ എത്തിപോയ്‌ നിന്റെ സ്‌നേഹ ഗന്ധര്‍വ്വന്‍
നിന്റെ ഹൃദയ തന്ത്രികളില്‍ ഇമ്പമ്രേറിയ നാദം മീട്ടികൊണ്ട്‌,
നിന്റെ ശ്രവണപുടങ്ങളില്‍ പ്രേമ മന്ത്രം ഉരുവിട്ട്‌ കൊണ്ട്‌,
നിന്നില്‍ ഉറങ്ങികിടന്നിരുന്ന വികാരങ്ങളെ തട്ടിയുണര്‍ത്താന്‍
പളുങ്ക്‌ മണികള്‍ ചിന്നിചിതറുന്ന ചിരി തൂകി കൊണ്ട്‌.

നീ ഭാഗ്യവതിയാണ്‌.....
നീ, നിന്റെ സങ്കല്‍പ്പങ്ങളിലെ രാജകുമാരനെ കണ്ടെത്തിയിരിക്കുന്നു

ചന്ദനത്തിന്റെ കുളിര്‍മ്മയുള്ള ആ സ്‌പര്‍ശനം
നിന്റെ സിരകളില്‍ സ്‌നേഹത്തിന്റെ ഊഷ്‌മളത ഒഴുക്കുന്നില്ലെ?
ദൃഢ ഹസ്‌തങ്ങളില്‍ നിന്നെയും വഹിച്ചുകൊണ്ട്‌ ആ പ്രേമ ഗന്ധര്‍വ്വന്‍
ചക്രവാളങ്ങളെ പിന്നിലാക്കി മുന്നോട്ട്‌ കുതിച്ച്‌ പായുന്നു....
ആ സുന്ദര യാത്ഥാര്‍ത്ഥ്യം നിന്നെ വേറൊരു അഹല്യയാക്കി മാറ്റുന്നു
അധരങ്ങളിലേക്ക്‌ അടുപ്പിക്കപ്പെട്ട ആ മധുചഷകം
ആരും തട്ടിതെറുപ്പിക്കാതിരിക്കട്ടെ; നീ എന്നുമെന്നും ഭാഗ്യവതിയായിരിക്കട്ടെ.

sarojavarghese@yahoo.com
അഹല്യാമോക്ഷം (ഗദ്യ കവിത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക