Image

എസ്‌ഐയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് അഭിഭാഷകര്‍ക്കെതിരെ കേസ്

Published on 25 May, 2018
എസ്‌ഐയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് അഭിഭാഷകര്‍ക്കെതിരെ കേസ്
വഞ്ചിയൂര്‍ കോടതിയില്‍ വച്ച് എസ്‌ഐയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് അഭിഭാഷകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ മുരളീധരന്‍, കണ്ടാലറിയാവുന്ന മറ്റൊരു അഭിഭാഷകന്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

വിഴിഞ്ഞം പോര്‍ട്ട് എസ്‌ഐ അശോക് കുമാറിനെ കോടതി പരിസരത്ത് തടഞ്ഞുവച്ച് മര്‍ദിച്ച സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. പ്രതികള്‍ക്ക് ഒത്താശ ചെയ്യാന്‍ ഒരു സംഘം അഭിഭാഷകര്‍ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു. എസ്‌ഐക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ജില്ലാ ജഡ്ജിയുടെ മുന്നിലിട്ടാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് എസ്‌ഐ പറയുന്നത്. കോടതി പരിസരത്തു വച്ച് അസഭ്യം വിളിച്ചുകൊണ്ട് അഭിഭാഷകര്‍ മര്‍ദ്ദിച്ചപ്പോള്‍ ജില്ലാ ജഡ്ജിയുടെ കാറില്‍ അഭയം തേടിയ എസ്‌ഐയെ പിന്നീട് അഭിഭാഷകര്‍ തടഞ്ഞുവച്ചുവെന്നും പരാതിയുണ്ട്. കോടതിയില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് വഞ്ചിയൂര്‍ സിഐ സുരേഷ് വി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി എസ്‌ഐയെ രക്ഷപ്പെടുത്തുകയായിരുന്നു. എസ്‌ഐയെ രക്ഷിച്ച് പോലീസ് ജീപ്പില്‍ കയറ്റിയപ്പോള്‍ പോലീസിന് നേരെ അഭിഭാഷകര്‍ ബലം പ്രയോഗം നടത്തിയെന്നും ആരോപണമുണ്ട്.

വ്യാഴാഴ്ച കോടതി നോട്ടീസ് നല്‍കി എസ്‌ഐയെ വിളിച്ച് വരുത്തുന്‌പോള്‍ മര്‍ദ്ദിക്കാന്‍ അഭിഭാഷകര്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പൊതുസ്ഥലത്ത് വച്ച് മദ്യപിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകനായ മുരളീധരനെതിരേ മര്‍ദ്ദനമേറ്റ എസ്‌ഐ അശോക് കുമാര്‍ കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഈ സംഭവത്തിന്റെ പേരിലായിരുന്നു എസ്‌ഐയെ അഭിഭാഷകര്‍ മര്‍ദ്ദിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക