Image

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍; രാഷ്ട്രപതിഭവന്‍ വാര്‍ത്താക്കുറിപ്പിറക്കി

Published on 25 May, 2018
കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍; രാഷ്ട്രപതിഭവന്‍ വാര്‍ത്താക്കുറിപ്പിറക്കി

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28 ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഒഡിഷ ഗവര്‍ണറായി പ്രൊഫ. ഗണേഷി ലാലിനെയും നിയമിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 

ബിജെപി കേരള സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനും ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്നും കുമ്മനം മത്സരിച്ചു.
കോട്ടയത്തെ കുമ്മനത്ത് ജനിച്ച കുമ്മനം രാജശേഖരന്‍ സി.എം.എസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ കുമ്മനം വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ദീപിക പത്രത്തിലായിരുന്ന പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. 1976ലാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നത്. കൊച്ചിയിലെ ഫുഡ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവുന്നത്. 

1979ല്‍ വിശ്വഹിന്ദുപരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റായ കുമ്മനം 1981ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി. 1985ല്‍ ഹിന്ദുമുന്നണി ജനറല്‍ സെക്രട്ടറിയായി ക്‌ഷേത്രസംരക്ഷണസമിതി, ഹിന്ദുമുന്നണി എന്നിവയുടെ തലപ്പത്തും ഇദ്ദേഹമുണ്ടായിരുന്നു.

Join WhatsApp News
showmon 2018-05-25 13:02:22
അങ്ങനെ കുമ്മനത്തെ അടിച്ചൊതുക്കി ഒരു മൂലക്കാക്കി... കൊള്ളാം. ശ്രീധരന്‍പിള്ള പക്ഷം തെരഞ്ഞെടുപ്പിനു മുന്നേ ജയിച്ചു. ഇതു വല്ലോം ആ അമിത്ഷാ അറിഞ്ഞോണ്ടാണേല്‍ ദൈവകോപം ഉണ്ടാകുമെന്നു പറയാതെ വയ്യ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക