Image

രഘുവരനെ പ്രേക്ഷകര്‍ ഇന്നും സ്‌നേഹിക്കുന്നതില്‍ സന്തോഷമെന്ന് രോഹിണി

Published on 24 May, 2018
രഘുവരനെ പ്രേക്ഷകര്‍ ഇന്നും സ്‌നേഹിക്കുന്നതില്‍ സന്തോഷമെന്ന് രോഹിണി
പ്രേക്ഷകര്‍ ഇപ്പോഴും രഘുവരനെ സ്‌നേഹിക്കുന്നതില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് നടി രോഹിണി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണി ഇക്കാര്യം തുറന്നു പറഞ്ഞത്. '' രഘുവരനെ കുറിച്ച് ജനങ്ങള്‍ ഇന്നും സംസാരിക്കുന്നു. പ്രേക്ഷകര്‍ ഇപ്പോഴും രഘുവരന്റെ സിനിമകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നതു കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. അദ്ദേഹം ഇന്നും ജീവിച്ചിരുന്നെങ്കില്‍ ഇതെല്ലാം കണ്ടു സന്തോഷിക്കുമായിരുന്നു.'' രോഹിണി പറഞ്ഞു.

ഒരു നടിയെന്ന നിലയില്‍ സിനിമ തന്നെ സ്‌നേഹിക്കുകയും അഗീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതുപോലെ തന്നെ വേദനകളും തന്നിട്ടുണ്ടെന്ന് രോഹിണി പറഞ്ഞു. രഘുവരന്റെ മരണത്തിനു ശേഷമാണ് അത്തരമൊരു പ്രതിസന്ധിയെ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. സിനിമാതാരം എന്ന നിലയില്‍ തനിക്ക് വളരെയധികം സ്വീകാര്യത ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ സ്വകാര്യത നഷ്ടപ്പെടുന്നതാണ് ഇതിന്റെ ഖേദരമായ വശം.

''രഘുവരന്‍ മരിച്ച സമയത്ത് മകന്‍ ഋഷിയെ വിളിച്ചുകൊണ്ടു വരാന്‍ ഞാന്‍ സ്‌കൂളില്‍ പോയി. എനിക്കും മോനും രഘുവിന്റെ വീട്ടിലിരുന്ന് സ്വസ്ഥമായി സംസാരിക്കുന്നതിനു വേണ്ടി അവിടെ നിന്നും പത്രക്കാരെ കുറച്ചു സമയത്തേക്കു മാറ്റി നിര്‍ത്തണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം ഋഷി കൊച്ചു കുട്ടിയായിരുന്നു. അവനെ സംബന്ധിച്ച് അച്ഛന്റെ മരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാന്‍ രഘുവിന്റെ വീട്ടിലെത്തിയപ്പോള്‍ ആരേയും കണ്ടില്ല. കാറില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ പത്രക്കാര്‍ എന്റെ പിന്നാലെ വന്നു. അല്‍പ സമയം എനിക്കും മകനും വേണ്ടി മാത്രമായി തരൂ എന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെയ്തില്ല. ഋഷി എന്നോടൊപ്പം പുറത്തു വരാന്‍ പലപ്പോഴും വിസമ്മതിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കു ചുറ്റും ആളുകള്‍ കൂടുന്നത് അവനിഷ്ടമായിരുന്നില്ല. സെല്‍ഫിയെടുക്കാനൊക്കെ ആളുകള്‍ വരും. രജനി സര്‍ രഘുവിന്റെ ആല്‍ബം റിലീസ് ചെയ്തിരുന്നു. അന്നവന്‍ എന്നോടൊപ്പം പരിപാടിക്കു വരാന്‍ കൂട്ടാക്കിയില്ല. അന്ന് ഞാന്‍ ഏറെ നിര്‍ബന്ധിച്ചാണ് അവനെയും കൊണ്ട് പോയത്.രോഹിണി പറഞ്ഞു.

അമിതമായ മദ്യപാനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് സാരമായ തകരാര്‍ സംഭവിച്ച് 2008ലാണ് രഘുവരന്‍ മരിക്കുന്നത്. 2004ല്‍ രഘുവരനും രോഹിണിയും വേര്‍പിരിഞ്ഞിരുന്നു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമാണ് രോഹിണി. രോഹിണിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടിയെന്ന നിലയില്‍ മാത്രമല്ല, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ്, സംവിധായിക എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീയാണ് അവര്‍. 1975ല്‍ യശോദ കൃഷ്ണ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് രോഹണി മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നീട് കക്ക എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി. എണ്‍പതുകളില്‍ യുവാക്കളുടെ മനസിലെ പ്രണയനായികയായിരുന്നു രോഹിണി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക