Image

മഹാനടി ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തിയും മുന്നേറുന്നു

Published on 27 May, 2018
മഹാനടി ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തിയും മുന്നേറുന്നു
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രമാണ് കീര്‍ത്തിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തിയും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തെലുങ്കിനു പുറമെ തമിഴിലും നടിഗൈയര്‍ തിലകം എന്ന പേരില്‍ ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു.

മഹാനടി എന്ന സിനിമ കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ്. സാവിത്രിയുടെ ജീവിതം ബിഗ് സ്‌ക്രീനില്‍ കീര്‍ത്തി അനശ്വരമാക്കിയെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സിനിമാ പ്രേമികള്‍ക്ക് പുറമെ ചലച്ചിത്ര ലോകവും കീര്‍ത്തിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആന്ധ്ര സര്‍ക്കാരും കീര്‍ത്തിയെ പ്രശംസിച്ചിരിക്കുകയാണ്.
മഹാനടിയില്‍ നൂറില്‍പ്പരം വ്യത്യസ്ഥ ഗെറ്റപ്പുകളിലായിരുന്നു കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരുന്നത്. സാവിത്രിയായുളള കീര്‍ത്തിയുടെ രൂപമാറ്റം സിനിമാ പ്രേമികളെ ഒന്നടങ്കം അതിശയിപ്പിച്ചിരുന്നു. ചിത്രത്തില്‍ സാവിത്രിയായി നടി നീതി പുലര്‍ത്തിയെന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. നാഗ് അശ്വിനായിരുന്നു മഹാനടി സാവിത്രിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ചിരുന്നത്.

സാവിത്രിയുടെ ഭര്‍ത്താവും സൂപ്പര്‍താരവുമായ ജെമിനി ഗണേഷനെയായിരുന്നു ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നത്. മഹാനടിയില്‍ ദുല്‍ഖറും കീര്‍ത്തിയും അഭിനയിക്കാതെ ശരിക്കും ജീവിച്ചുവെന്നു തന്നെയായിരുന്നു അഭിപ്രായങ്ങള് വന്നിരുന്നത്. ആദ്യമായിട്ടായിരുന്നു ദുല്‍ഖറും കീര്‍ത്തിയും ഒരു ചിത്രത്തിനു വേണ്ടി ഒരുമിച്ചിരുന്നത്. മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്ത ദുല്‍ഖര്‍ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലാണ് കൂടുതലായി അഭിനയിച്ചു വരുന്നത്. മഹാനടിയിലൂടെയുളള ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റം മോശമായില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നിരുന്നത്. നേരത്തെ കീര്‍ത്തിയെയും ദുല്‍ഖറിനെയും പ്രശംസിച്ച് എസ് എസ് രാജമൗലിയടക്കമുളള സിനിമാ പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക