Image

പ്രണയ വിവാഹം: കോട്ടയത്ത്‌ നവവരനെ തട്ടിക്കൊണ്ടുപോയതായി പരാതി

Published on 27 May, 2018
പ്രണയ വിവാഹം: കോട്ടയത്ത്‌ നവവരനെ തട്ടിക്കൊണ്ടുപോയതായി പരാതി

കോട്ടയം : പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയത്ത്‌ നവവരനെ തട്ടിക്കൊണ്ടുപോയതായി പരാതി. അര്‍ധരാത്രി വീടാക്രമിച്ചാണ്‌ വരനെയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയത്‌. സുഹൃത്തിനെ പിന്നീട്‌ വിട്ടയച്ചു. പത്തനാപുരം സ്വദേശിയായ കെവിന്‍ പെണ്‍കുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

കോട്ടയത്ത്‌ ഏറ്റുമാനൂര്‍ രജിസ്‌ട്രാര്‍ ഓഫീസില്‍ വെള്ളിയാഴ്‌ചയാണ്‌ വിവാഹം രജിസ്റ്റര്‍ ചെയ്‌തത്‌. പിന്നീട്‌ കോട്ടയത്തെ ഹോസ്റ്റലില്‍ താമസിപ്പിച്ചു. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളില്‍ എത്തിയാണ്‌ വീട്ടില്‍ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്‌. കുമാരനല്ലൂര്‍ സ്വദേശിയാണ്‌ കെവിന്‍.

കൊല്ലം തെന്മല സ്വദേശിനിയായ പെണ്‍കുട്ടിയെ കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും അവര്‍ക്കൊപ്പം എത്തിയവരുമാണ്‌ വീട്‌ കയറി ആക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ യുവതി ഗാന്ധിനഗര്‍ പൊലീസ്‌ സ്റ്റേഷനില്‍ എത്തി കുത്തിയിരുന്നതോടെയാണ്‌ സംഭവം വിവാദമായത്‌.

നവവരനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവിനെ മര്‍ദിച്ച്‌ അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇയാള്‍ തിരികെയെത്തി വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലന്നും പരാതി ഉണ്ട്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക