Image

പൗരോഹിത്യത്തിന്റെ ധന്യതയാര്‍ന്ന 60 സംവല്‍സരങ്ങള്‍ പിന്നിടുന്ന മാര്‍പ്പാപ്പ

ജോസ്‌ മാളേയ്‌ക്കല്‍ Published on 30 June, 2011
പൗരോഹിത്യത്തിന്റെ ധന്യതയാര്‍ന്ന 60 സംവല്‍സരങ്ങള്‍ പിന്നിടുന്ന മാര്‍പ്പാപ്പ
വത്തിക്കാന്‍: ഇന്ന്‌ ജൂണ്‍ 29. വി. പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ തിരുനാള്‍ ദിനം. വി. പത്രോസിന്റെ പിന്‍ഗാമിയായി പത്രോസിന്റെ ശ്ലൈഹികസിംഹാസനം അലങ്കരിക്കുന്ന ആഗോള കത്താലിക്കാ സഭയുടെ തലവന്‍ ബെനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പാപ്പ ഇന്ന്‌ പൗരോഹിത്യത്തിന്റെ കൃപനിറഞ്ഞ ആറു ദശാബ്ദങ്ങള്‍ പിന്നിടുകയാണ്‌.

1951 ജൂണ്‍ 29 നു അന്നത്തെ ജര്‍മന്‍ കര്‍ദ്ദിനാള്‍ ദിവംഗതനായ മൈക്കിള്‍ വോന്‍ ഫോള്‍ഹാബര്‍ 24 വയസുള്ള ഡീക്കന്‍ ജോസഫ്‌ റാറ്റ്‌സിംഗറിന്റെ ശിരസില്‍ കൈവച്ച്‌ അദ്ദേഹത്തെ പൗരോഹിത്യത്തിലേക്കാനയിച്ച നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്‌ എന്ന്‌ മാര്‍പ്പാപ്പ പറയുന്നു. അന്നേദിവസത്തെ മധുരമായ ഓര്‍മ്മകള്‍ ഇന്നും തന്റെ മനസില്‍ പച്ചപിടിച്ചുനില്‍ക്കുന്നതായി തന്റെ ആല്‍മകഥയില്‍ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ കുറിച്ചിടുന്നു. തന്റെ ജേഷ്‌ഠസഹോദരന്‍ ജോര്‍ജിനും മറ്റു 42 ഡീക്കന്മാര്‍ക്കുമൊപ്പം ജോസഫ്‌ റാറ്റ്‌സിങ്ങറും കര്‍ത്താവിന്റെ മുന്തിരിതോപ്പില്‍ വേലചെയ്യുന്നതിനുള്ള ദൈവവിളിക്ക്‌ `ആഡ്‌സം' (ഇതാ ഞാന്‍) എന്നു ഉത്തരം നല്‍കിയപ്പോള്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ അള്‍ത്താരയില്‍നിന്നും അത്യുന്നത ങ്ങളിലേക്ക്‌ ഒരു പക്ഷിയെപ്പോലെ പറന്നുപൊങ്ങി മനസില്‍ ഒരു സന്തോഷഗാനം പാടി സ്വര്‍ഗീയാനുഭൂതി അനുഭവിച്ചതായി മാര്‍പ്പാപ്പ ഓര്‍മ്മിക്കുന്നു. `ഇതു നല്ലതിനു, നീ ശരിയായ പാതയില്‍ തന്നെ' എന്നുള്ള ഒരു ദിവ്യശബ്ദം അദ്ദേഹത്തിന്റെ കാതുകളില്‍ ആ നിമിഷം മന്ത്രിച്ചു.

`ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കുകയില്ല. കാരണം യജമാനന്‍ ചെയ്യുന്നതെന്തെന്നു ദാസന്‍ അറിയുന്നില്ല. എന്നാല്‍ ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍ എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു'. (യോഹ. 15, 15) തിരുപ്പട്ടം സ്വീകരിച്ച അവസരത്തില്‍ മുഖ്യകാര്‍മ്മികനായ അത്യുന്നത കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞ ഈ വാചകങ്ങള്‍ 60 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും തന്റെ കാതുകളില്‍ മന്ത്രിക്കുന്നതായി സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കായില്‍ വിശുദ്ധ പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ പെരുനാള്‍ദിനമായ ഇന്ന്‌ (ജൂണ്‍ 29) കുര്‍ബാനമധ്യേ ഹോമിലിയില്‍ പരിശുദ്ധ പിതാവു പറഞ്ഞു.

പാപമോചനത്തിനുള്ള അധികാരം നവവൈദികരില്‍ നിക്ഷിപ്‌തമാക്കുന്ന പ്രാര്‍ത്ഥനാമന്ത്രമായിരുന്നു അന്നത്തെ ആരാധനാക്രമമനുസരിച്ച്‌ ഈ ദൈവ വചനങ്ങള്‍. `ദാസന്മാരല്ല, സ്‌നേഹിതര്‍' എന്ന ഈ വാക്യങ്ങള്‍ വേദപുസ്‌തകത്തിലെ ഒരു വചനം എന്നതിലുപരി ആ സമയത്തു കര്‍ത്താവു നേരിട്ട്‌ പ്രത്യക്ഷപ്പെട്ട്‌ തന്റെ ചെവിയില്‍ മന്ത്രിക്കുന്നതായി പരിശുദ്ധ പിതാവിനു അനുങവപ്പെട്ടു. വൈദികനെന്ന നിലയില്‍ 60 സംവല്‍സരങ്ങള്‍ കര്‍മ്മനിരതനായി കര്‍ത്താവിന്റെ മുന്തിരിതോപ്പില്‍ വേല ചെയ്‌തുകൊണ്ടിരിക്കുന്ന ഈ മഹാപുരോഹിതന്‍ എളിമയുടെയും വിനയത്തിന്റെയും മാതൃക നമുക്കു കാണിച്ചുതരുന്നു. ആഗോളകത്തോലിക്കാ സഭയെ വിശ്വാസചൈതന്യത്തിലുടെയും, ഉല്‍കൃഷ്ടമായ ആല്‍മീയാനുഭവങ്ങളിലുടെയും ദൈവസന്നിധിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ശ്രേഷ്‌ഠപുരോഹിതനു പൗരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെ മംഗളങ്ങള്‍.
പൗരോഹിത്യത്തിന്റെ ധന്യതയാര്‍ന്ന 60 സംവല്‍സരങ്ങള്‍ പിന്നിടുന്ന മാര്‍പ്പാപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക