Image

ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ- (യാത്രയിലൂടെ-അബ്ദുള്‍ പുന്നയൂര്‍ക്കുളം)

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 29 May, 2018
ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ- (യാത്രയിലൂടെ-അബ്ദുള്‍ പുന്നയൂര്‍ക്കുളം)
ഏകദേശം നാല്പത് വര്‍ഷത്തിനു ശേഷം വീണ്ടും സിങ്കപ്പൂര്‍, മലേഷ്യ സന്ദര്‍ശിക്കാന്‍ ഇടയായത് അവിചാരിതമായിരുന്നു. എന്റെ സുഹൃത്ത് പ്രദീപിനു സിങ്കപ്പൂര്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ എന്നേയും കൂടെ ക്ഷണിച്ചു.
സിങ്കപ്പൂര്‍ സന്ദര്‍ശനത്തിനോട് ബന്ധപ്പെട്ട് പ്രദീപിനു ചില വിശിഷ്ട വ്യക്തികളെ ഇന്റര്‍വ്യൂ ചെയ്യാനും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും ഉള്ളതുകൊണ്ട് ക്യാമറമാന്‍ തോമസ് ആര്‍ത്താട്ടിനേയും കൊണ്ടുപോകാന്‍ തീരുമാനിച്ചു. പ്രദീപിനും തോമസിനും സിങ്കപ്പൂര്‍, മലേഷ്യാ വിസ വേണം, എനിക്ക് അമേരിക്കന്‍ പാസ്‌പോര്‍ട്ടുള്ളതിനാല്‍ വിസ വേണ്ട.
2018 മാര്‍ച്ച് 24-ാം തീയ്യതി സിങ്കപ്പൂരിലേക്ക് പോകുംവഴി ഒരു ദിവസം ശ്രീലങ്ക(സിലോണ്‍) സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ട്രാവല്‍ എജന്റ് അതിനുള്ള വിസ ശരിയാക്കി തന്നു.

ശ്രീലങ്ക
ശ്രീലങ്കയുടെ ഭൂപ്രകൃതിയും തമിഴ് വംശജരും കേരളത്തിനോട് സാമ്യം തോന്നിച്ചു. ശ്രീലങ്കയില്‍ മലയാളികള്‍ കുറവായിരുന്നെങ്കിലും, പ്രശസ്ത ബാലസാഹിത്യകാരനായ  ശ്രീ ശൂരനാട് രവി പരിചയപ്പെടുത്തിയ ടി.സി. പ്രകാശിനെ കാണാന്‍ കഴിഞ്ഞു. മലയാളിയായ പ്രകാശ് ശ്രീലങ്കന്‍ ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റാണ്. അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ എയര്‍പോര്‍ട്ടിനടുത്തു നിന്ന് കൊളൊമ്പൊയിലേക്കു മുക്കാല്‍ മണിക്കൂര്‍ കാറില്‍ യാത്ര ചെയ്യേണ്ടി വന്നു. യാത്രയില്‍ സിംഹളഭാഷയുടേയും ബുദ്ധമതത്തിന്റേയും സ്വാധീനം എങ്ങും പ്രകടമായിരുന്നു.

പ്രാകശുമായി സംസാരിക്കവേ, എല്‍.ടി.ടി.ഇ. നേതാവ് വേലുപിള്ള പ്രഭാകരന്റെ പതനത്തെപ്പറ്റി ആരാഞ്ഞു?
പ്രകാശ്..'2009 മെയ് 19നാണ് പ്രഭാകരനെ സൈന്യം കൊന്നത്. പ്രഭാകരന്റെ പതനം ശ്രീലങ്കയിലെ നീണ്ട ഇരുപത് വര്‍ഷത്തെ അഭ്യന്തരയുദ്ധത്തിനൊരു വിരാമമായിരുന്നു. പുലിത്തലവന്‍ പ്രഭാകരന്റെ ലക്ഷ്യം നേടാതെയുള്ള അന്ത്യത്തെ തുടര്‍ന്ന് ബാക്കി എന്‍.ടി.ടി.ഇ. നേതാക്കളും സൈന്യത്തിനു കീഴടങ്ങി. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത് എല്‍.ടി.ടി.ഇക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നെങ്കിലും രാജീവ് വധത്തിന്റെ ഉത്തരവാദിത്തം ഒരിക്കലും എല്‍.ടി.ടി.ഇ. പരസ്യമായി ഏറ്റെടുത്തിരുന്നില്ല.'
ഇന്ദിരാഗാന്ധിയുടെ ഭരണ കാലത്ത് ഇന്ത്യന്‍ പട്ടാളം തമിഴ്‌നാട്ടില്‍ വച്ചു എല്‍.ടി.ടി.ഇ.ക്കു പണവും പരിശീലനവും നല്‍കിയിരുന്നല്ലോ? പിന്നെങ്ങനെയാണ് അവര്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കുന്നത്...?

1991 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വിജയിച്ചാല്‍ രാജീവ് വീണ്ടും ലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന് തമിഴ്പുലികള്‍ ഭയന്നിരുന്നു. ഇന്ത്യന്‍ സൈന്യവുമായുള്ള പോരാട്ടത്തില്‍, 1983 നു ശേഷം 65,000 തമിഴ് പുലികള്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ ചോരക്ക് പകരം ചോദിക്കാനായിരുന്നു രാജീവിനെ കൊലപ്പെടുത്താന്‍ പ്രഭാകരന്‍ നിശ്ചയിച്ചത്.

രണ്ടു പ്രാവശ്യം നോര്‍വെയില്‍ എല്‍.ടി.ടി.ഇ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അവസരത്തില്‍ തമിഴര്‍ക്കു വിശേഷാധികാരം കൊടുക്കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ചുവല്ലോ?'

'പക്ഷേ, പ്രഭാകരനു ലങ്കയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് പ്രത്യേക കഴിവ് രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു ഉദ്ദേശം.'
പ്രകാശിനോട് എല്‍.ടി.ടി.ഇ.യുടെ വളര്‍ച്ചയെപ്പറ്റിയും തളര്‍ച്ചയെപ്പറ്റിയും ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും സമയക്കുറവു അതിനു അനുവദിച്ചില്ല.

എല്‍.ടി.ടി.ഇ.
വടക്കേ ഇന്ത്യയില്‍ നിന്ന് കുടിയേറിയ സിംഹളരും തെക്കേ ഇന്ത്യയില്‍നിന്ന്  കുടിയേറിയ തമിഴരും തമ്മിലുള്ള പോര് ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ തുടങ്ങിയിരുന്നു. വിദ്യാസമ്പന്നരായ തമിഴര്‍ ഭരണത്തില്‍ പ്രധാനസ്ഥാനങ്ങളില്‍ എത്തുന്നത് ഭൂരിപക്ഷം സിംഹളരെ അസ്വസ്ഥരാക്കിയതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് തോട്ടംപണിക്ക് കൊണ്ടുപോയ കൂലിത്തൊഴിലാളികാള തമിഴരും ഈഴ തമിഴരും തമ്മിലുള്ള പ്രശ്‌നവും കലങ്ങിമറിഞ്ഞ് കിടന്നിരുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ നിന്നാണ് തമിഴരുടെ വിമോചന സമരം തുടങ്ങുന്നത്.

1948 ല്‍ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായി. 1956 ല്‍ സോളമന്‍ ബണ്‍ഡാരനായ കെയുടെ സിംഹളദേശീയത ശക്തമായി. സിംഹള ഏക ഔദ്യോഗിക ഭാഷയായി. സിംഹളര്‍ തമിഴരെ കൂട്ടക്കൊല ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. അതോടെ ഒതുക്കിവെച്ചിരുന്ന വംശീയ വിവേചനം രൂക്ഷമായി.

59 ല്‍ സോളമന്‍ ബണ്‍ഡാരനായകെ അധികാരത്തിലെത്തിയപ്പോഴും നയങ്ങളില്‍ മാറ്റം വന്നില്ല. ഇതിനിടയില്‍ വിവേചനങ്ങള്‍ക്കെതിരെ 69 ല്‍ തമിഴ് ഈഴം ലിബറേഷന്‍ രൂപീകരിച്ചിരുന്നു. 1972 ല്‍ സിലോണ്‍ ശ്രീലങ്കയാവുകയും ബുദ്ധമതം ഔദ്യോഗിക ഭാഷയുമായി. ഇത് വീണ്ടും തമിഴരെ അവഗണനയിലേക്കെറിഞ്ഞു.
അതുവരെ അഹിംസാ മാര്‍ഗത്തിലായിരുന്ന സമരം, പ്രഭാകരന്റെ ആഗമനത്തോടെ രക്തരൂഷിതമായി.

1972 ല്‍ ന്യൂ ടൈഗേഴ്‌സ് എന്ന സംഘടന 76 ല്‍ എല്‍.ടി.ടി.ഇ.ആയി. സിംഹള ഭരണത്തില്‍ തമിഴ് വിരുദ്ധനിലപാടും അവഗണനയും അധിക്ഷേപവും വംശവെറിയും കൊണ്ട് വലഞ്ഞ ജനത പ്രഭാകരനു പിന്നില്‍ നിരന്നു. സ്വന്തം വ്യോമസേനയും നാവികസേനയും എല്ലാമുള്ള എല്‍.ടി.ടി.ഇ. തമിഴ് ഈഴകത്തെ വളര്‍ത്തി. തമിഴരെ നായേ എന്നാക്ഷേപിക്കുന്നവരെ കൊണ്ട് തമിഴ് പുലിയെന്ന് വിളിപ്പിച്ചു. പക്ഷേ, എവിടൊക്കെയോ പിഴച്ചു. 80ല്‍ അനുയായികള്‍ മാറിയതും രാജീവ് ഗാന്ധിയുടെ വധവും പുലികളുടെ ക്രൂര അക്രമ പ്രവര്‍ത്തനങ്ങളും എല്‍.ടി.ടി.ഇ.യുടെ ലക്ഷ്യപ്രാപ്തിക്കു പ്രതികൂലമായി ബാധിച്ചു.
സിങ്കപ്പൂര്‍
പിറ്റേന്ന് അതിരാവിലെ സിങ്കപ്പൂരിലേക്ക് പുറപ്പെട്ടു. സിങ്കപ്പൂര്‍ ചാണ്ടി എയര്‍പോര്‍ട്ടില്‍ ശൂരനാട് രവിയുടെ മകന്‍ ഡോ.ഇന്ദുശേഖര്‍ ഞങ്ങളെ സ്വീകരിച്ചു. അടുത്ത ഏഴു ദിവസം സിങ്കപ്പൂരിലെ ചില പ്രതിഭകളുമായി  കൂടിക്കാഴ്ച നടത്തിയും സിങ്കപ്പൂരിന്റെ മനോഹാര്യത ക്യാമറയില്‍ പകര്‍ത്തിയും ഞങ്ങളുടെ ദിനങ്ങള്‍ക്കു ശോഭയേറ്റി.

സിങ്കപ്പൂരിലെ ബെഡോക്കില്‍ ഓണ്‍ലൈന്‍ പ്രവാസി എക്‌സ്പ്രസ് പത്രം നടത്തുന്ന രാജേഷിന്റെയും ഇന്ദുശേഖറിന്റെയും ശ്രമത്തോടെ സിങ്കപ്പൂരിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ഗീത, സംഗീത, ഇറാന്‍. പാക്കിസ്ഥാന്‍ അംബാസിഡറായിരുന്ന ഗോപിനാഥ് പിള്ള, അമ്പതും നൂറും മലയാളി മങ്കമാരേയും സിങ്കപ്പൂര്‍ വനിതകളേയും സംഘടിപ്പിച്ച്, തിരുവാതിര കളിപ്പിക്കുന്ന തിരുവനന്തപുരം സ്വദേശിനികള്‍, യൂറ്റിയൂബില്‍ വിവിധ ഭാഗങ്ങള്‍ അപ് ലോഡ് ചെയ്തു. കാരയോക്കി' യുടെ സഹായത്തോടെ മനോഹരമായി പാടുന്ന, പാടാന്‍ പ്രോത്സാഹിപ്പിക്കുന്ന ഡി.സൂധീരനേയും മറ്റും പരിചയപ്പെടാന്‍ കഴിഞ്ഞു.

കേരളബന്ധു

ഗോപിനാഥ് പിള്ളയുമായി സംസാരിക്കവേ, രാജേഷ് ഓര്‍മിച്ചു: പിള്ളയുടെ അച്ഛനാണ് അമ്പത് കൊല്ലം മുമ്പ് സിങ്കപ്പൂരിലെ ആദ്യത്തെ മലയാള പത്രമായ 'കേരളബന്ധു' തുടങ്ങിയത്. പിന്നീട് അതിന്റെ പേര് 'മലേഷ്യ മലയാളി' എന്നാക്കി.
40 കൊല്ലം മുമ്പ് ഞാന്‍ മലേഷ്യ മലയാളി പത്രത്തില്‍ കല്‍ക്കത്തയെപ്പറ്റിയും ബംഗ്ലാദേശിനെപ്പറ്റിയും എഴുതിയത് തദവസരത്തില്‍ സ്മരിച്ചു.
ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ 'ലിറ്റില്‍ ഇന്ത്യ' എന്ന സ്ഥലത്ത് ഡിന്നറിനു പോയി. ഇന്ത്യക്കാര്‍, പ്രത്യേകിച്ച് തമിഴര്‍ കൂടുതലുള്ള അവിടം മലയാളി സാന്നിധ്യം കുറവായിരുന്നു.

ഡോ.ഇന്ദുശേഖര്‍ അതിന്റെ കാരണം വിവരിച്ചു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തില്‍ മലയാളികള്‍ കൂട്ടത്തോടെ സിങ്ക്പ്പൂര്‍ വിട്ടുപോയിട്ടില്ലായിരുന്നെങ്കില്‍ തമിഴരേക്കാള്‍ കൂടുതല്‍ മലയാളികള്‍ സിങ്കപ്പൂരില്‍ ഉണ്ടായിരുന്നേനെ. ഇപ്പോള്‍ ലിറ്റില്‍ ഇന്ത്യയില്‍ മലയാളിക്ക് രണ്ടോ മൂന്നോ പല ചരക്കുകടകളേയുള്ളൂ. എങ്കിലും സിങ്കപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായ ദേവന്‍ നായരും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ സുന്ദരേശും മലയാളികള്‍ തന്നെ.
സിങ്കപ്പൂര്‍, മലേഷ്യ ഒരു ഫെഡറേഷനായിരുന്നപ്പോള്‍ എന്റെ ഉപ്പയും യുദ്ധസമയത്ത് മലേഷ്യ വിട്ടു ഇന്ത്യയിലേക്കുപോയത് ഇത്തരുണത്തില്‍ ഓര്‍ത്തു.

സിംഗപ്പൂരില്‍ നാലു ഔദ്യോഗിക ഭാഷകളുണ്ട്. ഇംഗ്ലീഷ്, സ്റ്റാന്റാഡ് മാന്‍ഡ്രിന്‍, മലായ്, തമിഴ്, സിംഗപ്പൂരിന്റെ പേരുകളും സ്ഥലപ്പേരുകളും കൂടുതലും ഇംഗ്ലീഷ്, സിംഗപ്പൂര്‍/ ചൈനീസ്, മലായ് ഭാഷകളിലാണ്. തമിഴ് പേരുകള്‍ കുറവാണെങ്കിലും 1819 ല്‍ സിങ്ക്പപൂരില്‍ ആദ്യമെത്തിയ ഒരു തമിഴ(Naraina Pilla) ന്റെ പേരില്‍ പിള്ള  എന്നൊരു റോഡുണ്ട്.

40 കൊല്ലം മുമ്പ് ഞാന്‍ സിംഗപ്പൂരില്‍ ബെഡോക്കില്‍ അനുജന്റെ കൂടെ താമസിക്കുമ്പോള്‍ ഉണ്ടായിരുന്ന മലയാളികളേക്കാള്‍ വളരെ കുറവായി തോന്നി ഇപ്പോഴത്തെ സിങ്കപ്പൂര്‍ മലയാളികള്‍. ഏന്തെങ്കിലും ബാക്കി മലയാളികളെ കാണണമെന്നാഗ്രഹിച്ച് ബെഡോക്കില്‍ പോകണമെന്ന് വിചാരിച്ചു. പക്ഷേ, അവിടെ അന്നുണ്ടായിരുന്ന പ്രായമായവര്‍ പലരും കാലയവനികപ്പുറം മറഞ്ഞിട്ടുണ്ടാകുമെന്ന് ഉള്ളില്‍ നിന്ന് പറഞ്ഞു.

എന്റെ അനുജന്‍ തന്നെ സിങ്കപ്പൂര്‍ വിട്ടു മലേഷ്യയിലേക്ക് പോയിട്ട് കാല്‍നൂറ്റാണ്ടായി.
ഇന്ദുശേഖര്‍ തുടര്‍ന്നു. സിങ്കപ്പൂരില്‍ നിത്യേനെ എന്നോണം തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുന്നു. വിദേശ ജോലിക്കാരെ കൊണ്ടുവരുന്നതില്‍ നിയന്ത്രണമുണ്ട്. സിങ്കപ്പൂരിനെ അപേക്ഷിച്ച് മലേഷ്യയില്‍ തൊഴില്‍ നിയമങ്ങളില്‍ അയവുള്ളതുകൊണ്ട് സ്ഥാപനങ്ങളും ജോലിക്കാരും അങ്ങോട്ടേക്ക് ഒഴുകുകയാണ്. പല സ്ഥാപനങ്ങളും ജോലിക്കാരുടെ ദൗര്‍ലഭ്യംകൊണ്ട് അടച്ചു പൂട്ടുന്നുണ്ട്. എന്റെ തന്നെ ഒരു ആയുര്‍വേദിക് ക്ലിനിക്ക് ജോലിക്കാരെ ലഭിക്കാതെ അടച്ചു. മറ്റൊന്ന് മലേഷ്യയിലേക്കു മാറ്റി. ഇപ്പോള്‍ സിങ്കപ്പൂരിലുള്ള ക്ലിനിക്കിലും ജോലിക്കാരുടെ ഷോര്‍ട്ടേജുണ്ട്.

മലേഷ്യ
സിങ്കപ്പൂരിലെ ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞു. ഇന്ദുശേഖര്‍ ഞങ്ങളെ കാറില്‍ മലേഷ്യ സിങ്കപ്പൂര്‍ അതിര്‍ത്തി നഗരമായ ജോഹര്‍ ബാറുവിലൂടെ മലേഷ്യന്‍ സിങ്കപ്പൂര്‍ ഇമിഗ്രേഷന്‍ കഴിച്ചു. കൂലാലംപൂരിലേക്കുള്ള ബസ് ടെര്‍മിനലിലെത്തിച്ചു. ഇന്ദുശേഖറിന്റെ അഭാവം ഞങ്ങളില്‍ ഉല്‍കണ്ഠ പരത്തി.

എങ്കിലും എന്റെ കസിന്‍, ഫൈസല്‍ എന്നെ മലേഷ്യയിലേക്ക് സ്വാഗതം ചെയ്തത് ആശ്വാസമായി. ഫൈസല്‍ എന്നെ പ്രവാസി മലയാളി അസ്സോസിയേഷന്‍ മലേഷ്യ(PMAM) യുടെ പ്രസിഡന്റ്, അഷ്‌റഫ് മുണ്ടത്തിക്കോടിനേയും സെക്രട്ടറി ബാദുഷയേയും പരിചയപ്പെടുത്തി.

ബസ് നാലര മണിക്കൂര്‍ കൊണ്ട് കൂലാലംപൂര്‍ ടെര്‍മിനലിലെത്തിയപ്പോള്‍, ഫൈസലിന്റെ ഇളയ സഹോദരന്‍ ഫിബി(ഹൈദര്‍ മൂസ ഇബ്രാഹിം)യുടെ പുലര്‍കാല നിദ്രയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ഞങ്ങളെ സ്വീകരിക്കുവാന്‍ ഒരു മലേഷ്യന്‍ സുഹൃത്തുമായി എത്തി; കൂലാലംപൂരില്‍ PMAM പ്രസിഡന്റ് ഏര്‍പ്പാട് ചെയ്ത Silka international ഹോട്ടലിലെത്തിച്ചു.

അല്പസമയത്തിനുള്ളില്‍ അഷ്‌റഫും ബാദുഷയും വന്നു ഞങ്ങളെ പരിചയപ്പെട്ടു. അന്നു PMAMയുടെ വാര്‍ഷിക മീറ്റിംഗായതുകൊണ്ട് മലേഷ്യയിലെ എട്ടു സ്‌റ്റേറ്റുകളില്‍ നിന്നായി ഒട്ടേറെ പ്രതിനിധികള്‍ മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. അതില്‍ ജോഹര്‍ ബാറു സ്‌റ്റേറ്റില്‍ നിന്നെത്തിയ അബ്ദുള്‍ അഹദ്, കബീര്‍ എടക്കര, മുസ്തഫ ഇരട്ടപ്പുഴ, ആരിഫ് തുടങ്ങിയ മലാക്ക സ്റ്റേറ്റില്‍ നിന്നെത്തിയ ഷക്കീര്‍ വാക്കത്തി, റജിമാന്‍, സലീം ക്ലാങ്, നസീര്‍ കമ്പങ്ങ് ജാവ, എന്നിവരെ പരിചയപ്പെടാന്‍ കഴിഞ്ഞു. അവര്‍ക്കൊക്കെ ഞാന്‍ നാല്പത് കൊല്ലം മുമ്പ് മദ്രാസില്‍ നിന്ന് വിമാനമാര്‍ഗം സിങ്കപ്പൂരിലെത്തിയും, കുറച്ചു ദിവസം അനുജന്‍ സെയ്തിവിന്റെ കൂടെ താമസിച്ച ശേഷം മലേഷ്യയിലേക്കു പോയതും, 79 ല്‍ കല്‍ക്കത്തയില്‍ നിന്ന് ബസ് വഴി ബംഗ്ലാദേശ് സന്ദര്‍ശിച്ചതും, ബര്‍മ്മ, മണ്ടലായ്(മ്യാന്‍മര്‍) സന്ദര്‍ശിച്ച ശേഷം ട്രെയ്‌നില്‍ തായ്‌ലാന്റിലെത്തിയതും, തുടര്‍ന്ന് വിയറ്റ്‌നാം സന്ദര്‍ശിക്കാന്‍ വിയറ്റ്‌നാം ബാങ്കോങ്കിന്റെ അതിര്‍ത്തിയായ ഹാത് യായിലേക്കു ബസില്‍ വന്നതും, വിസയില്ലാത്ത കാരണം വിയറ്റ്‌നാം സന്ദര്‍ശിക്കാന്‍ കഴിയാതെ തിരിച്ചു ട്രെയ്‌നില്‍ വീണ്ടും കൂലാലംപൂരിലെത്തിയതുമെല്ലാം അല്പം വിസ്മയമായി തോന്നി.

അന്ന് വൈകീട്ട് അഷ്‌റഫ് ഞങ്ങളെ മലേഷ്യയിലെ ചില മഹദ് വ്യക്തികളെ പരിചയപ്പെടുന്നതിനു അജണ്ട  തയ്യാറാക്കാന്‍ സഹായിച്ചു: വടക്കേക്കാട്ടുകാരനായ ഖാദര്‍ ദാത്തൂക്(ദാത്തൂക് എന്നത് മലേഷ്യയുടെ ഒരു വിശിഷ്ട പദവി), തൃശൂര്‍ സ്വദേശിനിയായ 'അമ്മ' യുടെ പ്രസിഡന്റ്, ഡോ.അരുണ ഗോപിനാഥ്, പുന്നയൂര്‍ക്കുളത്തുകാരനായ സെയ്തു(മാമു) മുഹമ്മദ്, ഗ്രന്ഥകര്‍ത്താവും പ്രശസ്ത ആയൂര്‍വേദ ഡോക്ടറുമായ സിബി, കൂടാതെ പുത്രി ജയയും പ്രധാനമന്ത്രിയുടെ പാലസും നാഷ്ണല്‍ മോസ്‌ക്കും മുരുകന്‍ ടെമ്പിളും മറ്റും അതില്‍ പെട്ടിരുന്നു. മുരുകന്‍ ടെമ്പിളില്‍, ടൂര്‍ഗൈഡായ മുജീബ് അല്പം ധാന്യം എന്റെ കൈവെള്ളയില്‍ വെച്ചു തന്നത് പ്രാവുകള്‍ ആവേശത്തോടെ തിന്നത് മനംകുളിര്‍ക്കുന്ന അനര്‍ഘ നിമിഷങ്ങളായിരുന്നു.

വഞ്ചിതരായ ഉദ്യോഗാര്‍ഥികള്‍
കൂലാലംപൂരില്‍ മൂന്നു ദിവസം താമസിച്ച ശേഷം ഞങ്ങള്‍ അഷ്‌റഫിനൊപ്പം ഒരു മണിക്കൂര്‍ കാറില്‍ യാത്രചെയ്തു മലേഷ്യയുടെ കാര്‍ഷിക നഗരമായ 
ബന്തിങ്' ലേക്ക് പുറപ്പെട്ടു. യാത്രയില്‍ അഷ്‌റഫിനു തുടരെ ഫോണ്‍കാള്‍ ലഭിച്ചിരുന്നു. അവ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ ഭീമന്‍ തുക വിസയ്ക്കും, ജോലി സ്‌പോണ്‍സര്‍ഷിപ്പിനും കൊടുത്തു വഞ്ചിതരായവരെ എങ്ങനെയെങ്കിലും രക്ഷിച്ചു നാട്ടിലെത്തിക്കാനുള്ള ദീന വിളികളായിരുന്നു.

വഞ്ചിതരായവരുടെ വൃഥകള്‍ പല തരത്തിലായിരുന്നു: ഉദ്യോഗാര്‍ഥികള്‍ തമിഴ് നാട്ടിലെയും കേരളത്തിലേയും ട്രാവല്‍ ഏജന്റിന്റെ മികച്ച തൊഴില്‍, വേതന വാഗ്ദാനങ്ങളില്‍ വിശ്വസിച്ച്, മലേഷ്യന്‍ വംശജരായ തമിഴരുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലേക്കോ, അവരുടെ സ്ഥാപനത്തിലേക്കോ, ചിലപ്പോള്‍ മലയാളിയുടെ ഹോട്ടലിലേക്കോ, തുച്ഛമായ വേതനത്തില്‍ പതിനാലോ പതിനാറോ മണിക്കൂര്‍ ജോലിയെടുക്കാന്‍ ആവശ്യപ്പെടുമ്പോഴാണ് അറിയുന്നത് തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന്! അപ്പോള്‍ തോന്നും കൊടുത്ത തുകയെല്ലാം പൊയ്‌ക്കോട്ടെ എങ്ങനെയെങ്കിലും നാട്ടിലെത്തി കിട്ടിയാല്‍ മതിയെന്ന്, ഏജന്റുകള്‍ നാട്ടില്‍ നിന്നുള്ള തൊഴില്‍ ആനുകൂല്യങ്ങളുടെ കരാറുകള്‍ക്കെതിരായിട്ടാണ് സംഭവിക്കുന്നതെന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുമ്പോള്‍, അവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്‌പോണ്‍സര്‍മാരുടെ കൈകളില്‍ അകപ്പെട്ടിരിക്കും. സ്‌പോണ്‍സര്‍മാരുടെ ഭാഷ്യം: അവര്‍ നല്ല തുക ട്രാവല്‍ ഏജന്റിനു കമ്മീഷന്‍ കൊടുത്തിട്ടാണ് ഉദ്യോഗാര്‍ഥികളെ ജോലിക്കു കൊണ്ടുവന്നിട്ടുള്ളത്.

ചില ഉദ്യോഗാര്‍ഥികല്‍ എല്ലാം സഹിച്ച് തുച്ഛ വേതനത്തില്‍ കൂടുതല്‍ മണിക്കൂര്‍ ജോലിയെടുക്കേണ്ടിവരുന്നു. മറ്റു ചിലര്‍ ജോലി സമയത്തിന്റെ ദൈര്‍ഘ്യത്തിലും ജോലിയുടെ ഭാരത്തിലും പ്രതിഷേധിച്ച് പോലീസിലോ; ഇന്ത്യന്‍ കൗണ്‍സിലേറ്റിലോ റിപ്പോര്‍ട്ട് ചെയ്യുന്നു. പല കേസുകളിലും പോലീസിനോ, ഇന്ത്യന്‍ കൗണ്‍സിലേറ്റിനോ ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം പലര്‍ക്കും പാസ്‌പോര്‍ട്ടില്ല, ഇനി പിഴയടച്ചു എക്‌സിറ്റിനായി താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിച്ചാലും, തിരിച്ചു നാട്ടിലേക്കു പോകാന്‍ ടിക്കറ്റില്ല. ടിക്കറ്റിനു നാട്ടിലേക്കു പണത്തിനാവശ്യപ്പെട്ടാല്‍ നാട്ടിലെ സാമ്പത്തിക നില പലപ്പോഴും പരിതാപകരമാണ്. പലരും അമ്മ, പെങ്ങന്‍മാരുടെ ആഭരണങ്ങള്‍ വിറ്റോ, പണയംവെച്ചോ ഭാരിച്ച പലിശയ്ക്കു പണമെടുത്തോ ആകും വിദേശത്ത് ജോലി സമ്പാദിക്കാന്‍ ശ്രമിക്കുന്നത്!

വഞ്ചിതരായവരെ മലേഷ്യന്‍ പോലീസോ ഇന്ത്യന്‍ കൗണ്‍സിലേറ്റോ ടിക്കറ്റെടുത്തു കൊടുക്കാത്ത സാഹചര്യത്തിലോ, ജയിലില്‍ നിന്ന് മോചിപ്പിക്കാത്തണ്ട സാഹചര്യത്തിലോ PMAM പോലുള്ള സംഘടനകള്‍ കഷ്ടതയനുഭവിക്കുന്നവരെ സുരക്ഷിത സ്ഥാനത്തോ, നാട്ടിലേക്കോ എത്തിക്കാന്‍ ശ്രമിക്കുന്നു.

ബന്തിങ്ങ്
ബന്തിങ്ങില്‍ അഷ്‌റഫുമായി ചെലവിട്ട എട്ടു പത്തു മണിക്കൂറിന്റെ സിംഹഭാഗവും അദ്ദേഹം ഫോണില്‍ സംസാരിച്ചത് സ്വന്തം ബിസിനസിനെപ്പറ്റിയായിരുന്നില്ല. മറിച്ച് പീഡനമനുഭവിക്കുന്ന, വഞ്ചിതരായ ഉദ്യോഗാര്‍ത്ഥികളെ സുരക്ഷ സ്ഥാനത്തെത്തിക്കുന്നതിനെ പറ്റിയായിരുന്നെന്ന് അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് ആദരവേറുന്നു.

അഷ്‌റഫിനോട് ആരാഞ്ഞു: ഉദ്യോഗാര്‍ത്ഥികള്‍ക്കു സംഭവിക്കുന്ന ഇത്തരം ചതിക്കുഴികള്‍ എങ്ങനെ ഒഴിവാക്കാം?'

അഷ്‌റഫ്: ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി മലേഷ്യന്‍ ഗവണ്‍മെന്റ് വിസാ നടപടികള്‍ ഉദാരമാക്കി, ഇ വിസ, മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ നല്‍കി വരുന്നുണ്ട്. ആയിരം മുതല്‍ ആറായിരം രൂപ മാത്രമുള്ള വിസിറ്റിംങ്ങ് വിസ, തൊഴില്‍ വിസയാണെന്ന് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് 80,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെ ഈടാക്കി മലേഷ്യയിലെത്തിക്കുന്ന ഇടനിലക്കാരുടെ ഒരു ലോബി തന്നെ തമിഴ് നാട്ടിലും കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് നാടുകളിലെപ്പോലെ വിസിറ്റിംങ് വിസ, തൊഴില്‍ വിസയിലേക്ക് മാറ്റുന്ന സമ്പ്രദായം മലേഷ്യയിലില്ല.

മലേഷ്യയിലേക്കുള്ള എംപ്ലോയ്‌മെന്റ് വിസ എങ്ങിനെ ലഭിക്കും?

മലേഷ്യയിലും സ്വദേശി വല്‍ക്കരണം ഉള്ളതിനാല്‍ ഐ.ടി. മേഖലയിലുള്ളവര്‍ക്കും മറ്റും പ്രൊഫഷണുകള്‍ക്കുമാണ് ഏറെ ചാന്‍സുള്ളത്. അതിനു കമ്പനികളുമായി വ്യക്തമായ കോണ്‍ട്രാക്റ്റുണ്ടാക്കി, ഇടനിലക്കാരെ ഒഴിവാക്കണം. അണ്‍സ്‌കില്‍ഡ് തൊഴിലാളികള്‍ കമ്പനിയും ഇന്ത്യന്‍ എംബസിയും തമ്മില്‍ കോണ്‍ട്രാക്റ്റ് സൈന്‍ ചെയ്ത് ചെന്നെയില്‍ നിന്ന് മെഡിക്കല്‍ ഫിങ്കര്‍പ്രിന്റ് എന്നീ ടെസ്റ്റുകള്‍ക്കുശേഷം തൊഴില്‍ വിസയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മലേഷ്യയിലേക്ക് വരുന്നതാണ് നല്ലത്:

ഫൈസല്‍
അന്നുരാത്രി ഞങ്ങള്‍ PMAM യുടെ സ്ഥാപിത പ്രസിഡന്റ് ഫൈസലിന്റെ അതിഥിയായപ്പോള്‍ ചോദിച്ചു. മലേഷ്യന്‍ പാര്‍ലമെന്റിലേക്ക് നടക്കുന്ന ആസന്ന തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ഗവണ്‍മെന്റ് വീണ്ടും അധികാരത്തിലെത്തുമോ?
ഫൈസല്‍: അതിന് സാധ്യത കുറവാണ്. കാരണം, ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നജീബ്(മലേഷ്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ തുന്‍ അബ്ദുള്‍ റസാക്കിന്റെ മകന്‍) റസാക്കിനു പല അപകീര്‍ത്തി, ക്രിമിനല്‍ കേസുകളുമുള്ള  സാഹചര്യത്തില്‍ വീണ്ടും ഭരണത്തില്‍ വരുമെന്നത് സംശയമാണ്:? പ്രതിപക്ഷ പാര്‍ട്ടി നേതാവായ ഡോക്ടര്‍ മഹാതിര്‍ മുഹമ്മദിനു ഏറെ പ്രായക്കൂടുതലുള്ള സ്ഥിതിക്ക് അദ്ദേഹത്തിന്റെ തിരിച്ചു വരവ്...? 

92 വയസായ ഡോ.മഹാതീര്‍ ആരോഗ്യവാനെന്നാണ് അറിവ്. മലേഷ്യയുടെ പ്രധാനമന്ത്രി പദം തുടര്‍ച്ചയായി 22 വര്‍ഷത്തോളം അലങ്കരിച്ച (1981 16-2003 ഒക്ടോബര്‍ 31) മഹാതീര്‍ ആധുനിക മലേഷ്യയുടെ പിതാവായി ഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണത്തില്‍, സാമ്പത്തിക മേഖലയിലും മറ്റും മലേഷ്യ കൈവരിച്ച നേട്ടം ലോകശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.

ഡോ.മഹാതിര്‍ മുഹമ്മദ് ഒരു മലയാളിയുടെ മകനെന്ന് കേട്ടല്ലോ?

ശരിയാണ്. 1953 നു മുമ്പ് മലബാറില്‍ നിന്ന് വന്ന കെട്ടിട ശില്പിയായ ഇസ്‌കന്തര്‍ എന്ന കോഴിക്കോട്ടുകാരന്‍ മലായ് സ്ത്രീയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ഇസ്‌കന്തര്‍, കേടായിലെ അലോസ്റ്റര്‍ പ്രദേശത്ത് ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. അദ്ദേഹവും മലായ് സ്ത്രീയെ വിവാഹം കഴിച്ചു. അ്‌ദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകനായ ഡോ.മഹാതിര്‍ മുഹമ്മദ് മലേഷ്യയുടെ പ്രശസ്തനായ നാലാമത്തെ പ്രധാനമന്ത്രിയായി.
പിറ്റേന്ന് രാവിലെ ഫൈസലിന്റെ ഹോട്ടലില്‍ നിന്ന് പ്രാതല്‍ കഴിച്ചു. പൊറാട്ടയും കുത്തുപൊറാട്ടയും പഴംപൊറാട്ടയും ചിക്കന്‍ പൊറാട്ടയും മുട്ടപൊറാട്ടയും ചീസ് പൊറാട്ടയും ഫ്രൈഡ് റൈസും ഐസ് ട്രീയും എല്ലാം നല്ല വിഭവങ്ങളായിരുന്നു. പഴംപൊറാട്ടക്കു അതിമധുരവും ഐസ്ടീക്ക് പ്രത്യേക മലേഷ്യന്‍ രുചിയും തോന്നി.
രാവിലെ പതിനൊന്ന് മണിയോടെ നീസ്ര# ബന്തിങ്ങും നസീര്‍(വടുതല) ഡിങ്കിളും ഞങ്ങളെ മലേഷ്യന്‍ ഉള്‍ഗ്രാമം കാണിക്കാനായി കൊണ്ടുപോയി. ബന്തിങ്ങിലെ ഏതോ ഗ്രാമത്തിന്റെ നടുവില്‍ കടുങ്ങോട്ടുള്ള മുഹമ്മദലി എന്നയാളുടെ കടയുടെ മുന്നില്‍ കാര്‍ നിന്നു. മുഹമ്മദലി എന്റെ ഫൈസ്ബുക്ക് ഫ്രണ്ടാണെന്നത് പ്രദീപിനും നസീറിനും കൗതുകം പകര്‍ന്നു. മുഹമ്മദലി ഞങ്ങള്‍ക്കു മലേഷ്യയുടെ പ്രത്യേക വിഭവമായ തേങ്ങാചോര്‍(Nasilemak) വിളമ്പിതന്നു; ഗ്രാമത്തിലെത്തേണ്ട വഴികളും വിവരിച്ചു തന്നു.

വഴിയില്‍ പച്ചപിടിച്ച എണ്ണപ്പനകള്‍ സമൃദ്ധിയായി നിറഞ്ഞു നില്‍ക്കുന്നത് ചേതോഹരമായി തോന്നി. ഒറ്റനോട്ടത്തില്‍ അവ വളര്‍ന്നു വരുന്ന കേരത്തോട്ടങ്ങളെയോ, ഈത്തപ്പനത്തോട്ടങ്ങളെയോ ഓര്‍മിച്ചു. ചില പനകളില്‍ സമൃദ്ധമായ മുന്തിരിക്കുലപോലെ നിറഞ്ഞുനില്‍ക്കുന്ന എണ്ണപ്പനക്കുരുക്കളും മറ്റു മരങ്ങളിലെ പഴങ്ങളും തൊട്ടു നോക്കുന്നത് ഹരമായി തോന്നി. രണ്ടു നസീര്‍മാരും ഞങ്ങളെ മലേഷ്യക്കാരുടെ ഇഷ്ടഫലമായ ദുരിയന്‍ ചക്ക കഴിക്കാതെ പോകരുതെന്ന് നിര്‍ബന്ധിച്ചപ്പോള്‍, അത് കൂലാലംപൂരില്‍ വെച്ച് ഫിബി കഴിപ്പിച്ചത് അയവിറക്കി.

ബന്തിങ്ങിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെയും തമിഴരുടെ കോവിലുകള്‍ കാണാം. കൂലാലംപൂരിലും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സിങ്കപ്പൂരിനെ അപേക്ഷിച്ചു മലേഷ്യയില്‍ ക്ഷേത്രങ്ങള്‍ കൂടുതലുള്ളതുപോലെ തോന്നി. സിങ്കപ്പൂരും മലേഷ്യയും ന്യൂനപക്ഷ പൗരരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പൈതൃകങ്ങളും സഹിഷ്ണുതയോടെ പരിരക്ഷിക്കുന്നത് കാണുമ്പോള്‍ ആ രാജ്യങ്ങളോട് ആദരവേറുന്നു. എന്നാല്‍ മ്യാന്‍മാര്‍(Burma), ശ്രീലങ്ക, ന്യൂനപക്ഷക്കാരുടെ മൗലികാവകാശങ്ങള്‍ ഓരോന്നായി പിച്ചിച്ചീന്തുകയും പ്രത്യേകിച്ച് മ്യാന്‍മാര്‍ നിവാസികളെ ഒന്നുമില്ലാതെ നാടുകടത്തുന്നത് വേദനാജനകമാണ്.

ബന്തിങ്ങില്‍ കൂലാലംപൂര്‍ പോലെ നിത്യവും മഴപെയ്യാത്തതുകൊണ്ട് ചൂട് അല്പം അധികമായി തോന്നിയെങ്കിലും, കേരളത്തെപ്പോലെ അസഹനീയമായി തോന്നിയില്ല. തുടര്‍ന്നു ഞങ്ങള്‍ ബീച്ചിലെത്തി. കടല്‍ അര മൈലോളം ഉള്ളിലേക്ക് വറ്റിയോ, വലിഞ്ഞോ കിടന്നിരുന്നു. ബീച്ചില്‍ നേരമ്പോക്കിനു കരയിലും കടലിലും ഓടിക്കാന്‍ ജീപ്പും ചെറിയ ബോട്ടും സന്ധ്യയെ ഉന്മാദമാക്കാന്‍ സംഗീത കച്ചേരിയുമുണ്ടായിരുന്നു.
തിരിച്ചു പ്രവാസി അസോസിയേഷന്റെ മീറ്റിംങ്ങിലെത്തിയപ്പോള്‍ ബന്തിങ്ങിലെ സഹൃദയരായ ഭാഷാസ്‌നേഹികളെക്കൊണ്ട് ആ ചെറിയ മുറി നിറഞ്ഞിരുന്നു. സംഘടനാ ഭാരവാഹികളായ മുഹമ്മദ് റാഫി, കുഞ്ഞിമോന്‍, ശഫി മതിലകം എന്നിവരെ അഷറഫിന്റെ അനുജന്‍ അയ്യൂബ് പരിചയപ്പെടുത്തി. PMAM ഫൗണ്ടിംഗ് പ്രസിഡന്റ് ഫൈസല്‍ പ്രവാസി മലയാളി അസ്സോയേഷന്‍ രൂപവത്കരിക്കാനുള്ള ആവശ്യക്തയും അതിനു ഖാദര്‍ദാത്തൂക്കില്‍ നിന്നുള്ള പ്രചോദനവും അതിന്റെ സേവനങ്ങളും വിവരിച്ചു.

ഫിബി ഞങ്ങളെ യാത്രയയ്ക്കാന്‍ കൂലാലംപൂരില്‍ നിന്ന് ഏയര്‍പോര്‍ട്ടിലേക്ക് വരുമ്പോള്‍ കൂടെ പുന്നയൂര്‍ക്കുളത്തുകാരനായ ഹൈദറും ഉണ്ടായിരുന്നു. ഹൈദറിനെ ആറുവയസില്‍ അവന്റെ ഉപ്പ മലേഷ്യയിലേക്കു കൊണ്ടുവന്നതായിരുന്നു. അതുപോലെ എ്‌ന്റെ അനുജന്‍ സെയ്തുവിനെയും എന്റെ ഉപ്പ ആറുവയില്‍ മലേഷ്യയിലേക്കു കൊണ്ടു വന്നതായിരുന്നു.

 ഫിബിയോട് വിട പറയുമ്പോള്‍ വെറും നാലു ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനം ഹ്രസ്വമായിരുന്നെന്ന് പ്രദീപും തോമസും ഞാനും ഒരേ സ്വരത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക