Image

കാണാതായ ജസ്‌നയെ കണ്ടെത്തി ഹാജരാക്കാന്‍ ഡിജിപിക്ക്‌ ഹൈക്കോടതിയുടെ നിര്‍ദ്ദേശം

Published on 29 May, 2018
 കാണാതായ ജസ്‌നയെ കണ്ടെത്തി ഹാജരാക്കാന്‍  ഡിജിപിക്ക്‌ ഹൈക്കോടതിയുടെ നിര്‍ദ്ദേശം
കാഞ്ഞിരപ്പള്ളി: മുക്കൂട്ടുതറയില്‍ നിന്ന്‌ കാണാതായ ജസ്‌ന മറിയം ജോസഫിനെ അന്വഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ ഡിജിപി ഉത്തരവിട്ടതിന്‌ പിന്നാലെ ഹൈക്കോടതിയുടെ ഇടപെടല്‍. കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്‌ന മറിയം ജോസഫിനെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.
ഷോണ്‍ ജോര്‍ജ്‌ നല്‍കിയ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയിലാണ്‌ ഡി.ജി.പിക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌. ഹര്‍ജി അടുത്ത മാസം 11ന്‌ വീണ്ടും പരിഗണിക്കും.

മുക്കൂട്ടുതറ കുന്നത്ത്‌ വീട്ടില്‍ ജെയിംസ്‌ ജോസഫിന്റെ 20കാരിയായ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍്‌ച്ച്‌ 22നാണ്‌ കാണാതായത്‌. ഐജി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ്‌ ഇനി കേസന്വേഷിക്കുക. ജസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ 5 ലക്ഷം രൂപ പാരിതോഷികവും പൊലീസ്‌ പ്രഖ്യാപിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമനിക്‌ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ കാണാതായതായി ലഭിച്ച പരാതിയെത്തുടര്‍ന്ന്‌ വെച്ചൂച്ചിറ പൊലീസ്‌ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തിവരികയാണ്‌. ഇതുസംബന്ധിച്ച്‌ വെച്ചൂച്ചിറ എസ്‌ ഐ യുടേയും തുടര്‍ന്ന്‌ പെരുനാട്‌ സി ഐ യുടേയും നേതൃത്വത്തിലാണ്‌ തുടക്കത്തില്‍ അന്വേഷണം നടത്തിയത്‌. കേരളത്തിന്‌ അകത്തും പുറത്തും പത്ര പരസ്യം ഉള്‍പ്പെടെ നല്‍കിയിരുന്നു.

തുടര്‍ന്ന്‌ 2018 മെയ്‌ മൂന്നിന്‌ തിരുവല്ല ഡിവൈ എസ്‌ പി അന്വേഷണ ഉദ്യോഗസ്ഥനായി സൈബര്‍ വിദഗ്‌ധരേയും വനിതാ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന്‌ ഇന്‍സ്‌പെക്ടര്‍മാരേയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം പത്തനംതിട്ട എസ്‌ പി രൂപവത്‌കരിക്കുകയും ജെസ്‌നയെ കണ്ടെത്തുന്നതിലേയ്‌ക്ക്‌ നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക്‌ സംസ്ഥാന പൊലീസ്‌ മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഈ അന്വേഷണസംഘമാണ്‌ വിപുലീകരിച്ചത്‌.

ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തുമെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്‌ബി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത്‌ കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ്‌ ധരിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക