Image

ഡിസ്‌ക്രിമിനേഷന്‍ എന്ന ഒന്ന് - വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍(1974)

വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍(1974) Published on 29 May, 2018
 ഡിസ്‌ക്രിമിനേഷന്‍ എന്ന ഒന്ന് - വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍(1974)
'നേരെ വാ നേരെ പോ' എന്ന സിദ്ധാന്തത്തില്‍ ്അടിയുറച്ചു വിശ്വസിക്കുന്ന എനിയ്ക്കു ഒരു ട്രാഫിക് വൈലേഷന്‍ ടിക്കറ്റു കിട്ടി. പ്യുവര്‍ ഡിസ്‌ക്രിമിനേഷന്‍ എന്നല്ലാതെ മറ്റെന്താണെന്നു എത്ര ചിന്തിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.
മാര്‍ച്ചു മാസം പത്താം തീയതി രാവിലെ ഒമ്പതു മണിക്കു ട്രാഫിക്ക് കോര്‍ട്ടില്‍ ഹാജരാകണം പോലും. 

ടിക്കറ്റിനെന്നെ അര്‍ഹനാക്കിയ മഞ്ഞ മനുഷ്യന്റെ രാജ്യത്തുണ്ടാക്കിയ ആ ശകടത്തില്‍ ചാവിയിട്ടു ഒന്നു രണ്ടു തവണ തിരിച്ചു. ശുദ്ധ പഞ്ചമത്തില്‍ ്അനുമന്ത്രസ്ഥായിയില്‍ അതു ഒന്നു രണ്ടു പ്രാവശ്യം ചിലച്ചു. സംഗതിയുടെ ഗൗരവം മനസ്സിലാക്കിയോ എന്തോ ആ ശകടത്തിന്റെ പുകക്കുഴല്‍ ധുമുധുമാ എന്നു പുക തുപ്പി.

ഇനിയും ഒരു മണിക്കൂര്‍ കൂടിയുണ്ടു കോര്‍ട്ടു കൂടാന്‍. ഒരു കടുംകാപ്പി കുടിയ്ക്കാന്‍ സമയമുണ്ട്. കടുംകാപ്പിയോടു വലിയ താല്‍പര്യമില്ലെങ്കിലും അമേരിക്കയില്‍ വന്നന്നു മുതല്‍ ഞാന്‍ സായിപ്പിനെ അനുകരിക്കുകയായിരുന്നു.

രണ്ടു മേശകള്‍ക്കപ്പുറത്തായി കടുംകാപ്പിയുടെ നിറമുള്ള ഒരു 'കാപ്പിരി സായിപ്പ്' എന്നെ സൂക്ഷിച്ചു നോക്കുന്നു. എന്നോടെന്തോ ചോദിച്ചാല്‍ കൊള്ളാമെന്ന പോലെ.
കാപ്പികുടി കഴിഞ്ഞു ബില്‍ കൊടുക്കാന്‍ ചെന്ന എന്റെ പുറകാലെ അയാളും വന്നു. ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചിറങ്ങി.
'യൂ ഫ്രം ഇന്ത്യാ....'?
'യേസ്...'
അതിനിടയില്‍ അയാള്‍ അലക്ഷ്യമായി ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തി. ഫില്‍റ്റര്‍ ഇല്ലാത്ത സിഗരറ്റ്....! സിഗരറ്റ് മുമ്പും ഞാന്‍ കണ്ടിട്ടുണ്ട്, പല പ്രാവശ്യം വലിച്ചിട്ടുമുണ്ട്. അന്നു എന്റെ ഏറ്റവും ഫേവററ്റ് സിഗരറ്റായിരുന്നു ചാര്‍മിനാര്‍. നല്ല മണമുള്ള സിഗരറ്റ്. എന്നാല്‍ അയാള്‍ വലിക്കുന്ന സിഗരറ്റിനു ഫില്‍റ്റര്‍ ഇല്ല എന്നു മാത്രമല്ല ഒരു സിഗരറ്റിന്റെ ആകാരഭംഗിയോ പേലവത്വമോ ഒന്നും തന്നെയില്ല. ആ സിഗരറ്റു കണ്ടപ്പോള്‍ പണ്ടു റബ്ബര്‍ വെട്ടുകാരന്‍ 'തെക്കന്‍' തന്ന സിഗരറ്റിനെപ്പറ്റി ഓര്‍ത്തുപോയി. പാവപ്പെട്ടവന്റെ സിഗരറ്റ്...! കാക്കി സിഗരറ്റ്...! നീല നൂല്‍ കൊണ്ടുള്ള കെട്ടോടു കൂടിയ സിഗരറ്റ്...!
അന്ന് സിഗരറ്റു വലിയ്ക്കാനുള്ള ലൈസന്‍സില്ലായിരുന്നു. എങ്കിലും തൊഴുത്തിന്റെ തട്ടിന്‍പുറത്തു കയറിയിരുന്നു അതു മുഴുവന്‍ വലിച്ചു തീര്‍ത്തു. അതിന്റെ പുകയേറ്റ ഞങ്ങളുടെ ജേഴ്‌സി കറവ പശു കറങ്ങി വീണു...; തൊഴുത്തില്‍ ചേക്കേറിക്കൊണ്ടിരുന്ന കോഴികള്‍ തൂങ്ങി നിന്നു. വാര്‍ത്ത വീട്ടില്‍ മാത്രമല്ല അയല്‍പക്കം മുഴുവന്‍ കാട്ടുതീ പോലെ പടര്‍ന്നു. കാരണം മനസ്സിലാക്കിയ ഒരദ്ധ്യാപകന്‍ കൂടിയായ (സ്‌കൂള്‍ കുട്ടികളെ തല്ലുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത) എന്റെ പിതാവ് കൊച്ചുപെങ്ങളോടു മെത്തക്കീഴില്‍ നിന്നു ചൂരല്‍ വടി എടുത്തുകൊണ്ടുവരാന്‍ പറയുന്നതു കേട്ടു. ആ ചൂരലിനെ എനിക്കു നല്ല പരിചയമാണ്. എണ്ണയിട്ടു മയപ്പെടുത്തിയ ചൂരല്‍...!  വീട്ടിലെ ക്രമസമാധാന നില തകരുമ്പോള്‍ അദ്ദേഹം ആ ചൂരലിനെയാണഅ അഭയം പ്രാപിക്കാറ്. എന്റെ അടുത്ത സുഹൃത്തു കൂടിയായ വല്യപ്പച്ചന്‍ അത്തരം സാഹചര്യങ്ങളില്‍ എന്നും നിസ്സഹായനായിരുന്നു.

ഏതായാലും ജീവന്‍ തിരികെ കിട്ടാതെ പോയാലോ എന്നു കരുതി, പ്രാര്‍ത്ഥനകളൊക്കെ ചൊല്ലി, മുമ്പിലിരുന്ന ഇഡ്ഢിലിയും, കാപ്പിയും ഒന്നിച്ചകത്താക്കി.
പടിഞ്ഞാറുകാരിയായ എന്റെ മാതാവിന്റെ ശോകത്വം നിഴലിക്കുന്ന മുഖം ഞാന്‍ കണ്ടു. അമ്മ ദയനീയമായി എന്നെയൊന്നു നോക്കി മൂന്നു പ്രാവശ്യം കുരിശു വരച്ചു.
തുടയിലെ ചൂരല്‍ പ്രയോഗത്തിന്റെ നീലപാടുകള്‍ കണ്ട് ഒരു മാതാവു കൂടിയായ അന്നാമ്മ സാര്‍ വിതുമ്പി.

അന്നു മുതല്‍ ഞാനൊരു കുറ്റവും ചെയ്യാറില്ല, ചെയ്തിട്ടുമില്ല.... ഇന്നും അങ്ങനെ തന്നെ. ആ എനിയ്ക്കാണിന്നു ടിക്കറ്റു കിട്ടിയിരിക്കുന്നത്.
ആ 'നല്ലവനായ' കടുംകാപ്പിയുടെ നിറമുള്ളവന്‍ എനിക്കും ഒരു സിഗരറ്റ് ഓഫര്‍ ചെയ്തു. 'വാട് ദ ഹെക്ക്, എന്നുമല്ലല്ലോ....' ഓസില്‍ കിട്ടിയാല്‍ എന്തും രണ്ടു കൈയ്യും നീട്ടി വാങ്ങുന്ന ഞാന്‍(ഞാനും ഒരു മലയാളിയല്ലേ?) നീല നൂലുകൊണ്ടുള്ള കെട്ടില്ലാത്ത, കാക്കി നിറമില്ലാത്ത ആ സിഗരറ്റു വാങ്ങി മൂന്നു പുകയെടുത്തു.
ഗില്‍റ്റിയല്ല എന്നു തെളിയിക്കാനാണല്ലോ എന്റെ ശ്രമം?
കോര്‍ട്ടില്‍ ഓരോരുത്തരെയായി വെള്ളക്കടലാസിന്റെ നിറവും, അസ്ഥിരശേഷനുമായ ഒരു കിളവന്‍ സായിപ്പ് പേരു വിളിച്ചു ഒന്നും രണ്ടും കോര്‍ട്ടുകളിലേക്കു ആളുകളെ പറഞ്ഞയച്ചു.

കോര്‍ട്ടില്‍ മാന്യന്മാര്‍ 'യിപ്പികള്‍' എന്നു വേണ്ട എല്ലാത്തരക്കാരും ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്നു. ജഡ്ജ് ഇനിയും എഴുന്നെള്ളേണ്ടതായിട്ടുണ്ട്. കോര്‍ട്ടിലെ മര്യാദകളെപ്പറ്റി ഈ സായിപ്പ് ഒരു ചെറു പ്രസംഗം തന്നെ നടത്തി.

ഇതിനോടകം സിഗരറ്റിന്റെ പുക എന്റെ സിരകളില്‍ കൂടെ അതിവേഗം പാഞ്ഞു. ഞാന്‍ ചെറുതായൊന്നു വിയര്‍ത്തു. ഒരു ചെറിയ സംശയം.... ഇതു പണ്ടു റബ്ബറു വെട്ടുകാരന്‍ തെക്കന്‍ തന്ന കാക്കി സിഗരറ്റുപോലെയോ? അന്നീരേഴുലകവും കണ്ടതാണ്, മേഘങ്ങളില്‍ കൂടെ ഒഴുകി നടന്നതാണ്, കടലിലെ പതകള്‍ നുരഞ്ഞു പൊങ്ങുന്നതു കണ്ടതാണ്. ഹിമവാന്റെ പുത്രന്‍ മൈനാകത്തെ നേരില്‍ കണ്ടതാണ്.... നൂറു നൂറു സുന്ദര സ്വപ്‌നങ്ങള്‍ കണ്ടതാണ്.

ആരാച്ചാരുടെ കറുത്ത കുപ്പായം പോലെ എന്തുകൊണ്ടോ മൂടി പുതച്ച കിളവന്‍ ജഡ്ജ് അദ്ദേഹത്തിന്റെ സിംഹാസനത്തില്‍ വന്നമര്‍ന്നിരുന്നു. താന്‍ ജഡ്ജിയദ്ദേഹമാണ് എന്നറിയിക്കാന്‍ 'കൊട്ടുവടി' എടുത്തു അദ്ദേഹത്തിന്റെ മുമ്പിലുള്ള ആ പത്തായത്തില്‍ രണ്ടുമൂന്നടി...!!
ഓരോരുത്തരെയായി അദ്ദേഹം ന്യായവിസ്താരത്തിനായി വിളിച്ചു. ഓരോരുത്തരും നോട്ട് ഗില്‍റ്റിയെന്നു അവരുടെ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കി. ചിലര്‍ സംഭവസ്ഥലത്തു നടന്നതു പടം വരച്ചു കാണിച്ചു. ചിലര്‍ വക്കീലിന്റെ മറപറ്റി ഓരം ചേര്‍ന്നു നിന്നു, ചിലര്‍ കരഞ്ഞു കാണിച്ചു, ആരും ഗില്‍റ്റിയല്ലെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. ഹൊ.... എന്തൊരു നല്ല ലോകം! ആരും ഗില്‍റ്റിയല്ലാത്ത ഒരു ലോകം! മാവേലിയുടെ കാലം പോലെ.

എന്റെ പേരും വിളിച്ചു. അദ്ദേഹം ചോദിച്ചതിനൊക്കെ എന്തെല്ലാമോ മറുപടി പറഞ്ഞു. ശേഷിച്ചിരുന്നാളുകള്‍ പൊട്ടിച്ചിരിച്ചു. ജഡ്ജും ചിരിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ചിരിയില്‍ ഗൗരവത്തിന്റെ അല്ലെങ്കില്‍ അധികാരത്തിന്റെ ഒരു ചുവ ഉണ്ടായിരുന്നു.

നേരം ഇരുട്ടുന്നതു പോലെ..... വെളുക്കുന്ന പോലെ.... വീണ്ടും ഇരുട്ടുന്നതു പോലെ....
നേരം വെളുത്തപ്പോള്‍ പോലീസുകാരന്‍ ഇരുമ്പു ഗേറ്റ് തുറന്നു തന്നു. വെള്ളക്കടലാസിന്റെ നിറമുള്ള സായിപ്പ് ഏതോ ഒരു വലിയ ബുക്കില്‍ ഒപ്പു വയ്ക്കാന്‍ തന്നു. നൂറ്റമ്പതു  ഡോളര്‍ ഉണ്ടോ എന്നു ചോദിച്ചു. എങ്കില്‍ ഞാന്‍ മിസ്റ്റര്‍ ക്ലീന്‍ ആയി എന്ന് അര്‍ത്ഥം. വാടക കൊടുക്കാന്‍ വച്ചിരുന്ന അഞ്ഞൂറു ഡോളറില്‍ നിന്നും നൂറ്റമ്പതു ഡോളറെടുത്ത് കാഷ്യര്‍ വശം കൊടുത്തു.

വെളിയില്‍ ഇറങ്ങി കാറിലേക്ക് നടക്കുമ്പോള്‍ ഇന്നലെ എന്നെ പറ്റിച്ച ആ ഫില്‍റ്റര്‍ ഇല്ലാത്ത സിഗരറ്റിന്റെ കുറ്റി എന്നെ നോക്കി പല്ലിളിക്കുന്ന പോലെ തോന്നി.

 ഡിസ്‌ക്രിമിനേഷന്‍ എന്ന ഒന്ന് - വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍(1974)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക