Image

ഒളിവില്‍ പോയ ഇടതു സാംസ്കാരിക നായകര്‍

റോയി മാത്യു Published on 29 May, 2018
ഒളിവില്‍ പോയ ഇടതു സാംസ്കാരിക നായകര്‍

ഫാസിസത്തിന്റെ കടന്നു വരവിനായി വടക്കേന്ത്യയിലേക്കു വായിനോക്കി ഇരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ ഇവിടെ നടക്കുന്ന അരുംകൊലകളെ കുറിച്ചോ സാംസ്‌കാരിക അധഃപതനത്തെ കുറിച്ചോ ജാത്യാഭിമാന കൊലകളെ കുറിച്ചോ മിണ്ടാതെ ഒളിച്ച് നടക്കയാണ്. അവരാരും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കുകയോ പ്രതിഷേധിച്ച് മെഴുകു തിരി കത്തിക്കുകയോ, കവിത എഴുതുകയോ ചെയ്യാതെ ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തി നില്‍ക്കുകയാണ്. 
കോട്ടയത്തു നടന്ന കെവിന്റെ ജാത്യാഭിമാന കൊലപാതകത്തെ അപലപിക്കാനോ, പ്രതിഷേധിക്കാനോ ഇടതുപക്ഷ സാംസ്‌കാരിക നായകരാരും ഇനിയും തയാറായിട്ടില്ല. ഇതിനെതിരെ വ്യാപകമായ ജനരോക്ഷം ഉയരുന്നുണ്ട്.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് ജാത്യാഭിമാന കൊലകളുണ്ടായിട്ടും സ്ഥിരം പ്രസ്താവന ഇറക്കുകയും നെഞ്ചത്തടിക്കുകയും, മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ ചെയ്യുന്ന ഇടതുപക്ഷ സാംസ്‌കാരിക നായകരാരും ഈ കൊലകളെ അപലപിക്കാനോ സര്‍ക്കാരിനെ താക്കീത് ചെയ്യാനോ തയാറാകാത്തതാണ് ശ്രദ്ധേയം. ആര്‍എസ്എസിന്റെയും സംഘപരിവാര്‍ ശക്തികളുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ സ്വിച്ചിട്ട പോലെ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ മൗനമാണ് ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ആജ്ഞാനുവര്‍ത്തികളും ഏതാണ്ട് അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും പ്രതികരണ തൊഴിലാളികളും വരാപ്പുഴയിലെ ശ്രീജിത്തിന്റെയും കോട്ടയത്തെ കെവിന്റെ ജാത്യാഭിമാന കൊലയിലും പ്രതികരിക്കാതിരിക്കുന്നതാണ് ചര്‍ച്ചയാകുന്നത്.

ബീഫ് നിരോധനം വന്നപ്പോള്‍ പരസ്യമായി ബീഫ് വച്ചുവിളമ്പി പ്രതിഷേധിച്ചവര്‍ ഒരു ചെറുപ്പക്കാരനെ പച്ചയ്ക്ക് കൊന്നിട്ടും ഈ സ്ഥിരം നാടകവേദിക്കാരായ സാംസ്‌കാരിക നായകര്‍ മിണ്ടാതിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ സുഗതകുമാരി, എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, കെ.ഇ.എന്‍, ടി. പത്മനാഭന്‍, സംവിധായകന്‍ കമല്‍, കവി സച്ചിദാനന്ദന്‍, സാറാ ജോസഫ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നടി മാല പാര്‍വ്വതി, എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിശാന്ത്, സംവിധായകന്‍ ആഷിക് അബു, ടി.എന്‍. സീമ, പി.എസ്. ശ്രീകല, നടന്‍ അലന്‍സിയര്‍ , കുരിപ്പുഴ ശ്രീകുമാർ ഇങ്ങനെ ഇടതുപക്ഷത്തിനു വേണ്ടി മാത്രം പ്രതികരിക്കുന്ന സാംസ്‌കാരിക നായകര്‍ ആരും കെവിന്റെ അരുംകൊലയില്‍ പ്രതികരിച്ചു കണ്ടില്ല. ഇടതുപക്ഷം ഭരിക്കുമ്പോള്‍, അഞ്ചു വര്‍ഷത്തേക്ക് മൗനവ്രതം അനുഷ്ഠിക്കുന്നവരാണ് ഇക്കൂട്ടരെന്നാണ് കോണ്‍ഗ്രസുകാരുടെ ആക്ഷേപം. ഇവരിനിയും മിണ്ടിത്തുടങ്ങണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ അധികാരത്തില്‍ വരണം. അതാണ് പതിവ്.
അല്ലെങ്കില്‍ വടക്കേ ഇന്ത്യയില്‍ ദളിത് ആക്രമണം, സ്ത്രീകള്‍ക്കു നേരെ അതിക്രമം ഇതൊക്കെ ഉണ്ടാകുമ്പോള്‍ അടിവസ്ത്രം ധരിച്ച് ഡാന്‍സ് കളിക്കുന്നവരാണ് ഇക്കൂട്ടർ . ഈ ആക്ഷേപം. ശരിയുമാണ്.

കേരളത്തിലെ സാംസ്‌കാരിക നായകന്‍മാരെ കുറിച്ച് ഈ അടുത്തകാലത്ത് സി.ആര്‍. പരമേശ്വരന്‍ ഇങ്ങനെ എഴുതിയിരുന്നു, ഇടതുപക്ഷം ഭരിക്കുമ്പോള്‍ ”കൊന്നുകഴിഞ്ഞാല്‍ രണ്ടുകൂട്ടര്‍ ഒളിവില്‍ പോകും. കൊന്നവര്‍, സാംസ്‌കാരികര്‍.സാംസ്‌കാരികര്‍ ഒരാഴ്ച കഴിഞ്ഞ് ഗാന്ധി-ഗാന്ധിനി വേഷമണിഞ്ഞു വരും. സിപിഎമ്മിന്റെ സംഹാര ആവശ്യങ്ങള്‍ക്ക് കൊടി സുനി പോലെയാണ് സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക് ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ പ്രയോജനപ്പെടുന്നത്”. സിആര്‍. പരമേശ്വരന്റെ നിഗമനങ്ങള്‍ നൂറുശതമാനവും ശരിവയ്ക്കുന്ന വിധത്തിലാണ് സാംസ്‌കാരിക നായകരുടെ ഇപ്പോഴത്തെ നിലപാടുകള്‍.

ഒളിവില്‍ പോയ ഇടതു സാംസ്കാരിക നായകര്‍
Join WhatsApp News
Philip 2018-05-29 15:47:00
ഇവർ ഇപ്പോൾ പ്രതിഷേധം അറിയിക്കുന്നത് മൗന സമരത്തിലൂടെയാണ് ...ആര് ആദ്യം വായ് തുറക്കുമെന്ന് നോക്കിയിരിക്കുകയാണ് ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക