Image

പണത്തിനു പകരം കല്ല് (ലൗഡ് സ്പീക്കര്‍ 36: ജോര്‍ജ് തുമ്പയില്‍)

Published on 01 June, 2018
പണത്തിനു പകരം കല്ല് (ലൗഡ് സ്പീക്കര്‍ 36: ജോര്‍ജ് തുമ്പയില്‍)
കാലമെത്ര പുരോഗമിച്ചിട്ടും കറന്‍സിയായി ഇന്നും കല്ല് ഉപയോഗിക്കുന്ന ഒരു സ്ഥലമുണ്ട് ഭൂമിയില്‍. പസഫിക് സമുദ്രത്തിലെ കരോളിന്‍ ദ്വീപ് സമൂഹത്തില്‍പ്പെട്ട യാപ് ദ്വീപിലാണിത്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും, അല്ലേ, എന്നാല്‍ സത്യമിതാണ്. ഇവിടെ വൃത്താകൃതിയില്‍ ചെത്തിയെടുത്ത പാറക്കല്ലാണ് ധനവിനിമയ മാര്‍ഗ്ഗമായി ഉപയോഗിക്കുന്നത്. ചെറിയ കല്ലിനു ചെറിയ വില, വലിയ കല്ലിനു വലിയ വില എന്നതാണ് സാമ്പത്തിക നിയമം. ഏകദേശം 300 വര്‍ഷങ്ങള്‍ക്കു മുമ്പാണ് യാപ് ദ്വീപ് നിവാസികള്‍ ഇങ്ങനെ കല്ല് ഉപയോഗിച്ച് വിനിമയങ്ങള്‍ നടത്തിയതെന്നാണ് സൂചന. ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇന്നും അജ്ഞാതമാണ്. കല്ലിന് വലിയ ഭാരമുണ്ട്. ചെറിയ കല്ലിനു പോലും ഒരു ചെറു കാറിന്റെ ഭാരമുണ്ടാകുമത്രേ. അതു കൊണ്ട് തന്നെ, ഇത് ഒരിടത്ത് സ്ഥിരമായി ഉറപ്പിച്ചിരിക്കുകയാണ്. ഇങ്ങനെ സ്ഥിരമാക്കി വച്ചിരിക്കുന്ന കല്ലുപണം ആരുടേതാണെന്ന് ദ്വീപിലുള്ളവര്‍ക്കെല്ലാം അറിയാം. കല്ല് പണം ഉപയോഗിച്ച് ധനവിനിമയം നടത്തണമെങ്കില്‍ സംഭവം ദ്വീപിലെങ്ങും പാട്ടാകും. പണം കൈമാറുന്നതിനൊപ്പം തന്നെ, കല്ല് സ്ഥാപിച്ചിരിക്കുന്ന സ്ഥലവും കൈമാറ്റം ചെയ്യപ്പെടും. ഇത്തരത്തിലുള്ള ഒരു ധനവിനിമയ ഇടപാട് ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടായിരുന്നുവോ എന്ന അന്വേഷണം ചരിത്രകാരന്മാര്‍ നടത്തുന്നുണ്ട്. എന്നാല്‍ യാപ് ദ്വീപില്‍ ഇപ്പോള്‍ ഇത്തരം ഇടപാടുകള്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. പുതിയ തലമുറ യുഎസ് ഡോളറിലേക്ക് മാറി തുടങഅങിയിരിക്കുന്നു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് സംബന്ധിച്ച ഭൂമിയിടപാടുകള്‍ക്കു ഇന്നും കല്ലുപണം തന്നെയാണ് ഉപയോഗിക്കുന്നത്. മുന്‍പ്, വിവാഹത്തിനു വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനം നല്‍കാന്‍ ഉപയോഗിച്ചിരുന്നതും ഈ കല്ലു പണത്തെ തന്നെ. എന്നാല്‍ ഇപ്പോള്‍ ഇതിനു മാറ്റം വന്നിട്ടുണ്ട്. വിവാഹത്തിന് ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നു മാത്രം. പഴമക്കാര്‍ ഇല്ലാതാവുന്നതോടെ പേപ്പര്‍ പണം പ്രചാരത്തിലാവുമെന്നും കല്ല് പണം ക്രമേണ പാരമ്പര്യത്തിന്റെ നിലയിലേക്ക് മാറിയേക്കുമെന്നാണ് യാപ് ദ്വീപിലെ പുതു തലമുറ പറയുന്നത്. കൈമാറ്റം ചെയ്യാനുള്ള ബുദ്ധിമുട്ട്, മൂല്യ നിര്‍ണ്ണയിക്കാനുള്ള ബദ്ധപ്പാട്, കൈമാറുമ്പോഴുള്ള ആശയവിനിമയം എന്നിവയൊക്കെയും പ്രശ്‌നമായി മാറി തുടങ്ങിയിട്ടുണ്ടെന്നു ദ്വീപ് നിവാസികളും സമ്മതിക്കുന്നു.

************* ************* ************* ************* ************

ചൈന ഓരോ ദിവസവും വിസ്മയങ്ങള്‍ ഒരുക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഇവിടെ സമയമബന്ധിതമായി തന്നെ പൂര്‍ത്തിയായിരിക്കുന്നു. പാലം അടുത്ത മാസം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലമെന്ന ഖ്യാതിയാവും ചൈനയ്ക്കു സ്വന്തമാവുക. പാലത്തിന് നീളം ഒന്നും പത്തുമൊന്നുമല്ല, ഏകദേശം 55 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. തുറക്കുന്നതോടെ ഹോങ്കോങ്-മക്കാവു യാത്രാ സമയം പകുതിയായി കുറയും. ഒന്‍പത് വര്‍ഷം വേണ്ടി വന്നു പാലം പണി പൂര്‍ത്തിയാവാന്‍. അതിനു വേണ്ടി ചെലവഴിച്ചതാവട്ടെ, 2000 കോടി ഡോളറും. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ ഇരു സ്ഥലങ്ങളിലേക്കും ചെലവു കുറഞ്ഞു സഞ്ചരിക്കാമെന്നിരിക്കേ, എന്തിന് ഇത്രയും പണം ചെലവഴിച്ചു പാലം പണിതു എന്നതാണ് ചോദ്യമെങ്കില്‍ ചൈന പറയും. ഇരിക്കട്ടെ, ഒരെണ്ണം- ലോകത്തിനൂ മുതല്‍ക്കൂട്ടായി. എന്‍ജിനിയീറിങ്ങ് വിസ്മയം എന്ന നിലയ്ക്കാണ് ഈ പാലം ഇപ്പോള്‍ ശ്രദ്ധാ കേന്ദ്രമാവുന്നത്. ഒപ്പം, മക്കാവുവിന്റെ വിനോദസഞ്ചാരത്തെ ഇതു വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കുമെന്നും കണക്കുകൂട്ടലുണ്ട്.

************* ************* ************* ************* ************

മധുരപ്രിയരേ, ഈ വാര്‍ത്തയൊന്നു കേള്‍ക്കൂ. ചോക്ലേറ്റ് നിറഞ്ഞ ഭീമന്‍ ടാങ്കര്‍ ലോറി തലകുത്തി മറിഞ്ഞ് ഹൈവേയില്‍ വീണു, റോഡിലാകെ ചോക്ലേറ്റ്. ഇരുവരി പാതിയുടെ രണ്ടു ഭാഗത്തും നിറഞ്ഞു കിടക്കുന്ന ചോക്ലേറ്റ് കണ്ട് മധുരപ്രിയര്‍ കണ്ണീരൊഴുക്കി കാണണം. ഇത്രയും ചോക്ലേറ്റ് റോഡില്‍ ഇങ്ങനെ കിടക്കുന്നതു കാണുമ്പോള്‍ ആര്‍ക്കും കമിഴ്ന്നു കിടന്നൊന്നും നക്കാന്‍ തോന്നും. ചോക്ലേറ്റ് കൊണ്ട് ഒരു റോഡ് നിര്‍മ്മിച്ചതു പോലെയാണ് സംഭവം നടന്നപ്പോഴത്തെ കാഴ്ച കാണുമ്പോള്‍ തോന്നിയത്. എന്തായാലും, ഈ ദൃശ്യം ലോകമെങ്ങും പരന്നിട്ടുണ്ട്. സംഗതി നടന്നത് പോളണ്ടിലെ ഒരു ഹൈവേയിലാണ്. ഒന്നും രണ്ടും ടണ്ണല്ല, പന്ത്രണ്ട് ടണ്‍ ചോക്ലേറ്റാണ് റോഡില്‍ നിറഞ്ഞു തുളുമ്പിയത്. രണ്ടു റോഡുകള്‍ക്ക് കുറുകെ മറിഞ്ഞ ട്രക്കില്‍ നിന്നും ചോക്ലേറ്റ് റോഡിലേക്കു പടര്‍ന്നതോടെ ഗതാഗതം സ്തംഭിച്ചു. കാഴ്ച കാണാന്‍ നിരവധി പേരെത്തി. വ്യോമയാന കാഴ്ചയായിരുന്നു ഗംഭീരമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടം നടന്നു ഏതാനും നിമിഷങ്ങള്‍ക്കകം, അധികൃതരെത്തി ഹൈവെ അടച്ചു. വലിയ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ചു റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഹൈവേ തുറന്നത്. ഇപ്പോള്‍ ഈ സ്ഥലത്തിനു ചോക്ലേറ്റ് ജംഗ്ഷന്‍ എന്നാണ് പ്രാദേശികമായി പേരു വീണിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക