Image

ജോലിസ്ഥലത്തെ പീഡനം ; നവയുഗത്തിന്റെ സഹായത്തോടെ സഫ്‌വാന്‍ നാട്ടിലേയ്ക്ക് മടങ്ങി.

Published on 02 June, 2018
ജോലിസ്ഥലത്തെ പീഡനം ; നവയുഗത്തിന്റെ സഹായത്തോടെ സഫ്‌വാന്‍ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം : കുടുംബത്തിന്റെ പ്രാരാബ്ധം ഇല്ലാതാക്കാന്‍ പ്രവാസജോലിയ്‌ക്കെത്തിയിട്ട്, പ്രതീക്ഷകള്‍ തകര്‍ന്ന് ജീവിതം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മലപ്പുറം അരീക്കോട് സ്വദേശി സഫ്‌വാന്‍ കരിക്കാടന്‍ പൊയില്‍ (26 വയസ്സ്) ആണ് പ്രവാസത്തിന്റെ കഷ്ടപ്പാടുകള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സഫ്‌വാന്‍ ദമ്മാമിലെ ഒരു വീട്ടില്‍ ഹൌസ്‌െ്രെഡവറായി ജോലിയ്ക്ക് എത്തിയത്. കിഡ്‌നി രോഗം കാരണം ജോലിയ്ക്ക് പോകാന്‍ കഴിയാത്ത  വാപ്പയ്ക്ക് പകരം, ഉമ്മയും, രണ്ട് അനുജന്മാരും, രണ്ടു സഹോദരിമാരും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വന്തം തോളിലേറ്റിയാണ് സഫ്‌വാന്‍ പ്രവാസജോലിയ്ക്ക് പോകാന്‍ തീരുമാനിച്ചത്. താമരശ്ശേരിയിലെ ദുബായ് ട്രാവല്‍സെന്ന ഏജന്‍സിയ്ക്ക് എഴുപതിനായിരം രൂപ നല്‍കിയാണ്  സഫ്‌വാന്‍ വിസ കരസ്ഥമാക്കിയത്. 

ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളുമായി ജോലിയ്ക്ക് എത്തിയ സഫ്‌വാന് നേരെ വിപരീതമായ അനുഭവങ്ങളാണ് ജോലിസ്ഥലത്ത് നേരിടേണ്ടി വന്നത്. വൃദ്ധനായ സ്‌പോണ്‍സര്‍ നിസ്സാരകാര്യങ്ങള്‍ക്ക് പോലും 
ശകാരിയ്ക്കുകയും, ദേഷ്യം കൂടുമ്പോള്‍ തന്റെ മുഖത്ത് അടിയ്ക്കുകയും ചെയ്യുമായിരുന്നെന്ന് സഫ്‌വാന്‍ പറയുന്നു. നാട്ടിലെ കുടുംബത്തിന്റെ ദയനീയാവസ്ഥ ഓര്‍ത്ത് സഫ്‌വാന്‍ എല്ലാം സഹിച്ചു ജീവിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ ശമ്പളമൊന്നും കൊടുത്തില്ല. അതിനെപ്പറ്റി ചോദിച്ചപ്പോള്‍, സ്‌പോണ്‍സറും, പ്രായമായ ആണ്മക്കളും സഫ്‌വാനെ ക്രൂരമായി മര്‍ദിച്ചു. ആരോട് പരാതി പറയണമെന്ന് പോലുമറിയാതെ സഫ്‌വാന്‍ ആകെ ദുരിതത്തിലായി.

സാധനം വാങ്ങാന്‍ പോകുന്ന കടകളില്‍ വെച്ച് പരിചയപ്പെട്ട ഫിറോസ്, ഹംസ എന്നിവരോട് സഫ്‌വാന്‍ തന്റെ അവസ്ഥ തുറന്നു പറഞ്ഞു. അവര്‍ പറഞ്ഞത് അനുസരിച്ച്, നവയുഗം സാംസ്‌ക്കാരികവേദി രക്ഷാധികാരിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ  ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ഷാജി മതിലകം, സഫ്‌വാനെക്കൊണ്ടു പോയി ലേബര്‍ ഓഫീസില്‍, സ്‌പോണ്‌സര്‍ക്കെതിരെ പരാതികൊടുത്തു. ഷാജി മതിലകത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ലേബര്‍ ഓഫിസര്‍ സ്‌പോണ്‍സറെ വിളിച്ചു വരുത്തി വിചാരണ നടത്തി. സ്‌പോണ്‍സര്‍ ഗുരുതരമായ തൊഴില്‍നിയമലംഘനങ്ങള്‍ നടത്തിയെന്ന് ബോധ്യമായ ലേബര്‍ ഓഫിസര്‍, സഫ്‌വാന് രണ്ടുമാസത്തെ കുടിശ്ശിക ശമ്പളവും, ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും നല്‍കാന്‍ ഉത്തരവിട്ടു. 

അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ സഫ്‌വാന്‍ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: സഫ്‌വാന് ഷാജി മതിലകം യാത്രാരേഖകള്‍ കൈമാറുന്നു.

ജോലിസ്ഥലത്തെ പീഡനം ; നവയുഗത്തിന്റെ സഹായത്തോടെ സഫ്‌വാന്‍ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക