Image

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചു

Published on 02 June, 2018
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍  സമരം പ്രഖ്യാപിച്ചു
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ സമരം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടും ശന്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കിയതായി നഴ്‌സുമാരുടെ സംഘടന അറിയിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശന്പളം പരിഷ്‌കരിച്ച ലേബര്‍ കമ്മീഷണര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ഇതിനുശേഷവും പരിഷ്‌കരിച്ച വേതനം നല്‍കാന്‍ ആശുപത്രി തയാറാകാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.

വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക് 20,000 രൂപയാണ് അടിസ്ഥാന ശന്പളം. ജനറല്‍, ബിഎസ്സി നഴ്‌സുമാര്‍ക്ക് ഈ ശന്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ വേതനമായി ലഭിക്കും. ഡിഎ, ഇന്‍ക്രിമെന്റ്, വെയ്‌റ്റേജ് എന്നീ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോര്‍ട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക