Image

പ്രവീണ്‍ വര്‍ഗീസ് കൊലപാതകം: കേസിന്റെ വിചാരണ ജൂണ്‍ നാലാം തീയതി തിങ്കളാഴ്ച മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 June, 2018
പ്രവീണ്‍ വര്‍ഗീസ് കൊലപാതകം: കേസിന്റെ വിചാരണ ജൂണ്‍ നാലാം തീയതി തിങ്കളാഴ്ച മുതല്‍
ഷിക്കാഗോ: കാര്‍ബണ്‍ഡേയ്ല്‍ സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന മോര്‍ട്ടന്‍ഗ്രോവ് സ്വദേശി പ്രവീണ്‍ വര്‍ഗീസ് നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതാവുകയും, ആറു ദിവസങ്ങള്‍ക്കുശേഷം കാര്‍ബണ്‍ഡേയ്‌ലില്‍ വച്ചുതന്നെ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. മരണ കാരണം ലഹരി പദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ച്ചെന്ന്, ഹൈപ്പോതെര്‍മിയ മൂലമെന്നായിരുന്നു കാര്‍ബണ്‍ഡേയ്ല്‍ പോലീസിന്റെ ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹത്തില്‍ കണ്ട മുറിവുകളുടേയും ക്ഷതങ്ങളുടേയും അടിസ്ഥാനത്തില്‍രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും, മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതംമൂലമാണെന്നു തെളിയുകയും ചെയ്തു.

അതിനുശേഷം തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങള്‍ അമ്മ ലവ്‌ലി വര്‍ഗീസ് മുട്ടാത്ത വാതിലുകളില്ല, പോകാത്ത ഓഫീസുകളില്ല. തന്റെ നിരന്തരവും തീക്ഷണവുമായ ആവശ്യത്തോട് കുടുംബവും മലയാളി സമൂഹവും, അമേരിക്കന്‍ സമൂഹവും ഉറച്ചുനിന്നത് ലവ്‌ലിക്ക് ധൈര്യം പകര്‍ന്നു. ആ അമ്മയുടെ കണ്ണീരിനു മുന്നില്‍, ഇച്ഛാശക്തിക്കുമുന്നില്‍ മറ്റൊന്നിനം സ്ഥാനമില്ലാതിരുന്നതുകൊണ്ട് നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിന് ഒടുവില്‍ ഉത്തരം ലഭിച്ചു. കഴിഞ്ഞവര്‍ഷം കാര്‍ബണ്‍ഡേയ്ല്‍ സ്വദേശി, 23-കാരനായ ഗേജ് ബെത്തൂണ്‍, 19-കാരനായ പ്രവീണിന്റെ മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തുകയും, ബത്തൂണിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ബത്തൂണ്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.

ഈ കേസിന്റെ രണ്ടാഴ്ച നീളുന്ന വിചാരണ ജൂണ്‍ നാലിന് തിങ്കളാഴ്ച തുടങ്ങുന്നു. രണ്ടാഴ്ച നീളുന്ന ട്രയല്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നീളും. ഡേവിഡ് റോബിന്‍സണ്‍ ആണ് പബ്ലിക് പ്രോസിക്യൂട്ടര്‍. ഇന്ത്യന്‍ വിചാരണകളില്‍ നിന്നും വ്യത്യസ്തമായി പൊതുജനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ ഒരു ജൂറിയാണ് കേസിന്റെ അന്തിമ വിധിനിര്‍ണ്ണയിക്കുന്നത്. നോട്ടിഫിക്കേഷന്‍ ലഭിച്ച ഇരുനൂറ്റിയമ്പത് പേരില്‍ നിന്നും, 17 പേരെ തെരഞ്ഞെടുത്ത്, അതില്‍ നിന്ന് 12 പേരാണ് ഹിയറിംഗില്‍ ഹാജരാകുന്നത്. ഇതൊരു ഫെലനി മര്‍ഡര്‍ കേസാണ്. അതായത് കളവും മര്‍ദ്ദനവും മരണകാരണമായിട്ടുണ്ട് എന്നാണ് തെളിയേണ്ടത്. മനപൂര്‍വ്വമായ കൊലപാതക ശ്രമം അല്ലെങ്കില്‍പ്പോലും പ്രതിയുടെ ഏതെങ്കിലും പ്രവൃത്തി പ്രവീണിന്റെ മരണത്തിന് കാരണമായി എന്നു തെളിയുന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് ജൂറി വിധിയുണ്ടാകുന്നത്. പ്രവീണിന്റെ കുടുംബം ഞായറാഴ്ച കാര്‍ബണ്‍ഡെയ്‌ലിലേക്ക് തിരിക്കും. കുടുംബത്തോടൊപ്പം, സുഹൃത്തുക്കളും, കാര്‍ബണ്‍ഡേയ്ല്‍ നിവാസികളും, മോണിക്ക സുക്കാസും, തുടങ്ങി എല്ലാ സഹായങ്ങളും ചെയ്ത് ഈ ദിവസങ്ങളില്‍ കൂടെയുണ്ടാകും. ഇത് വളരെ അപരിചിതവും, എന്നാല്‍ മാനസീക സംഘര്‍ഷം ഉണ്ടാകുന്ന ഒരു സാഹചര്യവുമാണ്.

മകന്റെ മരണവും, അതിനോടനുബന്ധിച്ച ചോദ്യം ചെയ്യലുകളും, ചിത്രങ്ങളും ഒക്കെ കാണേണ്ടിവരിക മാതാപിതാക്കള്‍ക്കും, സഹോദരിമാര്‍ക്കും അത്യന്തം വേദനയുളവാക്കുന്നതാണ്. ഈ ദിവസങ്ങളില്‍ അവര്‍ക്ക് മലയാളി സമൂഹത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും ആവശ്യമാണ്. കേസിന്റെ വിജയത്തിനും കുടുംബത്തിന്റെ ആശ്വാസത്തിനുമായി പ്രാര്‍ത്ഥിച്ചുകൊണ്ട്, ലോകമെമ്പാടുമുള്ള മലയാളി സമൂഹം.
പ്രവീണ്‍ വര്‍ഗീസ് കൊലപാതകം: കേസിന്റെ വിചാരണ ജൂണ്‍ നാലാം തീയതി തിങ്കളാഴ്ച മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക