Image

യുഎസ് വ്യാപാര യുദ്ധം: ശക്തമായ തിരിച്ചടിക്ക് യൂറോപ്പ്

Published on 02 June, 2018
യുഎസ് വ്യാപാര യുദ്ധം: ശക്തമായ തിരിച്ചടിക്ക് യൂറോപ്പ്

ബര്‍ലിന്‍: ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് കനത്ത നികുതി ചുമത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാരയുദ്ധത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനുറച്ച് യൂറോപ്യന്‍ യൂണിയന്‍. യുഎസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കുമേല്‍ പുതുതായി നികുതി ചുമത്താന്‍ ഉദ്ദേശിക്കുന്ന 10 പേജ് ദൈര്‍ഘ്യമുള്ള പട്ടിക യൂറോപ്യന്‍ യൂണിയന്‍ പുറത്തിറക്കി. ലോക വ്യാപാര സംഘടനയില്‍ വിഷയം ഉന്നയിച്ച് അമേരിക്കയെ ഒറ്റപ്പെടുത്തുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നു. 

യുഎസ് വന്‍തോതില്‍ വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്നായ കാനഡ ഏറ്റവും കടുത്ത നികുതിനിര്‍ദേശങ്ങളുമായാണ് ട്രംപിനെതിരെ പ്രതികരിച്ചത്. 1280 കോടി ഡോളര്‍ മൂല്യമുള്ള പുതിയ നികുതിനിര്‍ദേശങ്ങള്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസില്‍ നിന്നുള്ള എല്ലാ ഉരുക്ക് ഉത്പന്നങ്ങള്‍ക്കും 25 ശതമാനവും മറ്റുള്ളവക്ക് 10 ശതമാനവും നികുതിയാണ് ചുമത്തുക. 

ഭക്ഷ്യ ഉത്പന്നങ്ങളായ തൈര്, സോയ സോസ്, സ്‌ട്രോബറി ജാം, പിസ, വിസ്‌കി, ഓറഞ്ച് ജ്യൂസ്, സൂപ്പുകള്‍, കുപ്പിവെള്ളം തുടങ്ങി ടോയ്‌ലറ്റ് പേപ്പര്‍ വരെ യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്നെങ്കില്‍ ജൂലൈ ഒന്നുമുതല്‍ അധിക നികുതി ഒടുക്കേണ്ടിവരും. ധനവകുപ്പാണ് ദീര്‍ഘ പട്ടിക പുറത്തുവിട്ടത്. 

യൂറോപ്പിലേക്ക് അമേരിക്കയില്‍നിന്നുള്ള ഒട്ടുമിക്ക ഉത്പന്നങ്ങള്‍ക്കും ഇനി കനത്ത നികുതി ഒടുക്കേണ്ടിവരും. ജീന്‍സ്, ടീഷര്‍ട്ട്, പുകയില, കാര്‍ഷിക ഉല്‍പന്നങ്ങള്‍, ഉരുക്ക്, മറ്റു വ്യവസായിക ഉല്‍പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മോട്ടോര്‍ ബൈക്കുകള്‍, ആഡംബര ബോട്ടുകള്‍ തുടങ്ങി കയറ്റുമതി ഏറെ നടക്കുന്ന ഉല്‍പന്നങ്ങളൊക്കെയും നികുതിവലയില്‍ പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക