Image

പാര്‍ട്ടിയോഗത്തിലെ ആള്‍ക്കൂട്ടത്തിനിടയില്‍ എങ്ങനെ അഭിപ്രായം പറയുമെന്നു ഹൈബി ഈഡന്‍

Published on 03 June, 2018
പാര്‍ട്ടിയോഗത്തിലെ ആള്‍ക്കൂട്ടത്തിനിടയില്‍ എങ്ങനെ അഭിപ്രായം പറയുമെന്നു ഹൈബി ഈഡന്‍
500 പേര്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ എങ്ങനെയാണ് അഭിപ്രായം പറയാനാകുകയെന്നും ഇതിനാലാണ് അഭിപ്രായങ്ങള്‍ മാക്കിക്കൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് ഇടുന്നതെന്നും എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍.
പിജെ കുര്യനെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരേ കോണ്‍ഗ്രസിലെ ഹൈബി അടക്കമുള്ള യുവ എംഎല്‍എമാര്‍ രംഗത്തുവന്നിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് എംഎല്‍എമാര്‍ പിജെ കുര്യനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരേ കലാപം തുടങ്ങിയത്. യുവ എംഎല്‍എമാരുടെ അഭിപ്രായത്തെ അനുകൂലിച്ച മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ സുധാകരന്‍ യുവനേതാക്കള്‍ അഭിപ്രായം പറയേണ്ടിയിരുന്നത് പാര്‍ട്ടി വേദികളിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിച്ചാണ് ഹൈബി ഈഡന്‍, പാര്‍ട്ടിവേദിയില്‍ 500 പേര്‍ ഉള്ളപ്പോള്‍ എങ്ങനെ അഭിപ്രായം പറയുമെന്നും ഇതിനാലാണ് ഫെയ്‌സബുക്കില്‍ ആവശ്യമുന്നയിക്കുന്നതെന്നും വ്യക്തമാക്കിയത്.
താന്‍ സ്ഥിരമായി ഫെയ്‌സ്ബുക്കില്‍ സ്ഥിരമായി പ്രതികരണം നടത്തുന്നയാളല്ല. എന്നാല്‍ ലക്ഷോപലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ വികാരമാണ് താന്‍ എഫ്ബി പോസ്റ്റിലൂടെ വ്യക്തമാക്കിയതെന്നും ഹൈബി പറഞ്ഞു. യുവജനങ്ങള്‍ക്കോ വനിതകള്‍ക്കോ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കോ സീറ്റ് നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം കുര്യനെ വീണ്ടും പരിഗണിക്കരുതെന്ന് വിടി ബല്‍റാം, ഷാഫി പറമ്ബില്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, എംഎല്‍എമാരായ ഹൈബി ഈഡന്‍, റോജി എം ജോണ്‍, അനില്‍ അക്കര എന്നിവരും പിജെ കുര്യനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരേ രംഗത്തുവന്നിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു എംഎല്‍എമാരുടെ പ്രതികരണമുണ്ടായത്.
സംസ്ഥാനത്ത് നിന്ന് മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഒഴിവ് വരുന്നതെങ്കിലും ഒരു സീറ്റില്‍ മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാകൂ. രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ പിജെ കുര്യന്റെ സീറ്റാണ് ഒഴിവ് വരുന്നവയിലൊന്ന്. പിജെ കുര്യനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാനുള്ള നീക്കം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇതിനെതിരേയാണ് യുവ എംഎല്‍എമാരുടെ പടനീക്കം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി സംഭവിച്ചതിനെതുടര്‍ന്ന് ഒരു വിഭാഗം നേതാക്കളുടെ പ്രവര്‍ത്തനരീതിയോട് യുവനേതാക്കളും പ്രവര്‍ത്തകരും കടുത്ത എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കുര്യനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയുള്ള പടനീക്കം.
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം കൊടുക്കണമെന്ന ആവശ്യം ഇന്നലെ പാര്‍ട്ടി മുഖപത്രമായ 'വീക്ഷണം' മുഖപ്രസംഗത്തിലൂടെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, കാലാകാലങ്ങളായി എംപിയായിരിക്കുന്ന പിജെ കുര്യനെപ്പോലുള്ളവരെ മാറ്റി പകരം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന യുവനേതാക്കളുടെ ആവശ്യം. ഇടയ്ക്കുള്ള ചെറിയ കാലയളവ് ഒഴിച്ചാല്‍ 1983 മുതല്‍ രാജ്യസഭയിലും ലോക്‌സഭയിലുമായി സ്ഥിരം മുഖമാണ് പിജെ കുര്യന്‍. നിലവില്‍ രാജ്യസഭാ ഉപാധ്യക്ഷനുമാണ് അദ്ദേഹം. എകെ ആന്റണിയുടെ പിന്തുണയോടെ പിജെ കുര്യന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം നടത്തുകയും ഇത് വിജയം കാണുന്നവെന്ന വാര്‍ത്തകള്‍ വന്നതിനെയും തുടര്‍ന്നാണ് യുവനേതാക്കള്‍ പടനീക്കം ആരംഭിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക